വിക്കറ്റിനു പിന്നിൽ സഞ്ജു ആക്രൊബാറ്റിക്‌സ്; സിംബാബ്‌വേയുടെ നടുവൊടിച്ച് താക്കൂർ
ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 38.1 ഓവറിൽ 161 റൺസിന് കൂടാരം കയറി
ഹരാരെ: രണ്ടാം ഏകദിനത്തിലും ഇന്ത്യൻ ബൗളിങ് ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ് സിംബാബ്‌വേ. ആദ്യ മത്സരത്തിലെ താരം ദീപക് ചഹാറിനു പകരക്കാരനായെത്തിയ ഷർദുൽ താക്കൂറാണ് രണ്ടാം മത്സരത്തിൽ സിംബാബ്‌വേ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 38.1 ഓവറിൽ 161 റൺസിന് കൂടാരം കയറി.
തുടർച്ചയായി രണ്ടാം തവണയും ടോസ് നേടിയ ഇന്ത്യൻ നായകൻ കെ.എൽ രാഹുൽ സിംബാബ്‌വേയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യ മത്സരത്തിൽനിന്ന് ഏക മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ആദ്യ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ദീപക് ചഹാറിനു പകരം ഷർദുൽ താക്കൂർ ടീമിൽ ഇടംപിടിച്ചു. ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. സിറാജിന്റെ പന്തിൽ എഡ്ജായി സിംബാബ്‌വേ ഓപണർ തകുഡ്‌സ്‌വനാഷെ കൈതാനോയെ മാസ്മരികമായൊരു ഡൈവിലൂടെ സഞ്ജു സാംസൺ പിടികൂടുകയായിരുന്നു. അധികാം വൈകാതെ ഓപണർ ഇന്നസെന്റ് കൈയയെ താക്കൂറും സഞ്ജുവിന്റെ കൈയിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധവീറിനെ സഞ്ജുവിന്റെ കൈയിലെത്തിച്ച് പ്രസിദ് കൃഷ്ണയ്ക്കും മത്സരത്തിൽ ആദ്യ വിക്കറ്റ്.
ഒടുവിൽ സിക്കന്ദർ റസ(16), ഷോൺ വില്യംസ്(42), റയാൻ ബേൾ(39) എന്നിവർ ചേർന്നാണ് സിംബാബ്‌വേയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇന്ത്യയ്ക്കു വേണ്ടി താക്കൂർ മൂന്നും സിറാജ്, പ്രസിദ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Summary: India vs Zimbabwe 2nd ODI live updates
Adjust Story Font
16