ഓപ്പണര്‍മാരുടെ ചിറകേറി പഞ്ചാബ്; ഡല്‍ഹിക്ക് 196 റണ്‍സ് വിജയലക്ഷ്യം
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച ഓപ്പണര്‍മാരാണ് ടീമിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്
ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 195 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച ഓപ്പണര്‍മാരാണ് ടീമിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ ഒരു വശത്ത് കൂറ്റന്‍ അടിയുമായി റണ്‍റേറ്റ് ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് വിക്കറ്റു കളയാതെ മെല്ലെ സ്കോറിങ് ഉയര്‍ത്തുന്ന ബാറ്റിങാണ് രാഹുല്‍ കാഴ്ചവെച്ചത്
പഞ്ചാബിനായി മായങ്ക് അഗര്‍വാള്‍ 36 പന്തില്‍ 69 റണ്‍സെടുത്തു. ആറ് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെയായിരുന്നു മായങ്ക് അഗര്‍വാളിന്‍റെ ഇന്നിങ്സ്. അഗര്‍വാളിന് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്യാപ്റ്റനും ഓപ്പണറുമായി കെ.എല്‍ രാഹുലും അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തി. 51 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ രാഹുല്‍ 61 റണ്‍സ് സ്കോര്‍ ചെയ്തു. ഇരുവരും ചേര്‍ന്ന് നേടിയ 122 റണ്‍സിന്‍റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് ഇന്നിങ്സിന്‍റെ നട്ടെല്ലായത്.
ലുക്മാൻ മെറിവാലയാണ് പഞ്ചാബിന്‍റെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് ഡല്‍ഹിക്ക് ബ്രേക് ത്രൂ നല്‍കിയത്. മെറിവാലയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി മായങ്ക് അഗര്‍വാള്‍ പുറത്താകുകയായിരുന്നു. അധികം വൈകാതെ രാഹുലും മടങ്ങി. റബാദയുടെ പന്തില്‍ മാർക്കസ് സ്റ്റോയ്നിസിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്‍റെ മടക്കം. പിന്നീടെത്തിയ ക്രിസ് ഗെയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്‍പത് പന്തില്‍ 11 റണ്‍സുമായി വോക്സിന് വിക്കറ്റ് സമ്മാനിച്ച് ഗെയില്‍ പവലിയനിലെത്തി. നാലാമനായിറങ്ങിയ ദീപക് ഹൂഡയും ഷാരൂഖ് ഖാനും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ 190 കടക്കാന്‍ സഹായിച്ചത്. ദീപക് ഹൂഡ 13 പന്തില്‍ രണ്ട് സിക്സറുള്‍പ്പടെ 22 റണ്‍സെടുത്തപ്പോള്‍ ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ രണ്ട് ബൌണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 15 റണ്‍സെടുത്തു
സീസണിലെ ആദ്യ മത്സരം വിജയിച്ച് വന്ന ഇരു ടീമുകളും രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയുടെ പിഴവില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മുംബൈയിലെ പിച്ചിന്‍റെ മാറ്റം തന്നെയാണ് ഇതിലെ പ്രധാന ഘടകമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയത്. വന്‍ സ്‌കോറുകള്‍ പിറന്നിരുന്ന വാങ്കഡെയില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം അപ്രതീക്ഷിതമായി ചെറിയ ടോട്ടലുകളാണ് ഉണ്ടായത്. രണ്ടാം ഇന്നിങ്‌സില്‍ ടീം ബാറ്റിങ് തുടങ്ങുമ്പോള്‍ പിച്ച് വീണ്ടും ദുഷ്‌കരമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അത് കൊണ്ടുതന്നെ ചെറിയ ടോട്ടല്‍ ഉയര്‍ത്തുന്ന ടീമിന് ആ ടോട്ടല്‍ ഉപയോഗിച്ച് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയുന്നതിനും വാങ്കഡെ സാക്ഷിയായി.
Adjust Story Font
16