അമ്പോ കമ്മിന്‍സ്...! തോറ്റമ്പി മുംബൈ; കൊല്‍ക്കത്തക്ക് അഞ്ച് വിക്കറ്റ് ജയം
14 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി പാറ്റ് കമ്മിന്‍സ്. മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
14 ബോളില്‍ വെടിക്കെട്ട് അര്‍ധസെഞ്ച്വറി നേടിയ പാറ്റ് കമ്മിന്‍സിന് മുമ്പില്‍ മുംബൈ അക്ഷരാര്‍ഥത്തില്‍ തോറ്റമ്പി. 127 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ 15 ഓവറില്‍ നിന്ന കളി 16 ആം ഓവറില്‍ കമ്മിന്‍സ് ഫിനിഷ് ചെയ്തു. ഡാനിയല്‍സ് സാംസിന്‍റെ 16 ആം ഓവറില്‍ കമ്മിന്‍സ് അടിച്ചെടുത്തത് 35 റണ്‍സാണ്...! 35 റണ്‍സ് അകലെയുള്ള വിജയലക്ഷ്യം ഒരോവറില്‍ മറികടന്നാണ് കമ്മിന്‍സ് മുംബൈയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.
ദൈവത്തിന്‍റെ പോരാളികളുടെ നിര്‍ഭാഗ്യം അവസാനിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോറ്റതോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി. ജയത്തോടെ കൊല്‍ക്കത്ത പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. പുനെയില്‍ വെച്ചു നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തുവിട്ടത്.
41 ബോളില്‍ 50 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരും 15 പന്തില്‍ 56 റണ്‍സെടുത്ത കമ്മിന്‍സുമാണ് മുംബൈയെ വീണ്ടും പരാജയത്തിന്‍റെ കൈപ്പുനീര്‍ കുടിപ്പിച്ചത്. 101 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ കൊല്‍ക്കത്ത തകര്‍ച്ച നേരിട്ടപ്പോള്‍ ഒത്തുചേര്‍ന്ന സഖ്യം 51 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ടീമിന് സമ്മാനിച്ചത്. ആറ് സിക്സറും നാല് ബൌണ്ടറിയും ഉള്‍പ്പടെയാണ് കമ്മിന്‍സ് അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ചത്. മറുഭാഗത്ത് ഒരു സിക്സറും ആറ് ബൌണ്ടറിയുമുള്‍പ്പടെയാണ് വെങ്കിടേഷ് അയ്യര്‍ അര്‍ധശതകം തികച്ചത്.
നേരത്തെ മൂന്നാം മത്സരത്തിലും മുന്‍നിര പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാതെ പോയപ്പോള്‍ മുംബൈ തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ചിടത്താണ് മധ്യനിര മികച്ച പ്രകടനത്തിലൂടെ കളി തിരിച്ചുപിടിച്ചത്.
സ്കോര്‍കാര്‍ഡില്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ നായകന്‍ രോഹിതിന്‍റെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ആ തകര്‍ച്ചയില്‍ നിന്ന് മുംബൈക്ക് കരകയറാന്‍ അവസാന ഓവറുകള്‍ വരെ കാത്തിരിക്കേണ്ടി വന്നു. 12 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സുമായാണ് ക്യാപ്റ്റന്‍ രോഹിത് മടങ്ങിയത്. പിന്നീടെത്തിയ ഡെവാൾഡ് ബ്രെവിസ് മുബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിയെങ്കിലും 19 പന്തില്‍ 29 റണ്‍സെടുത്ത താരം വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഇഷാന്‍ കിഷന്‍റെ വിക്കറ്റും ഉടനെ തന്നെ മുംബൈക്ക് നഷ്ടമായി. 21 പന്തില്‍ 14 റണ്‍സോടെയാണ് കിഷന്‍ വിക്കറ്റായത്. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈക്ക് ജീവശ്വാസം നല്‍കിയത്. നാലാം വിക്കറ്റില്‍ 83 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 19 ആം ഓവറിന്‍റെ ആദ്യ പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് വിക്കറ്റായി. 36 പന്തില്‍ 52 റണ്‍സ് നേടിയ ശേഷമാണ് 'സ്കൈ' പുറത്തായത്.
സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ 19 .1 ഓവറില്‍ 138 റണ്‍സായിരുന്നു മുംബൈയുടെ സ്കോര്‍. അടുത്തതായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് അവസാന അഞ്ച് പന്തില്‍ നടത്തിയ സംഹാര താണ്ഡവമാണ് ടീം സ്കോര്‍ 161 ലെത്തിച്ചത്. മൂന്ന് സിക്സറുള്‍പ്പടെ അവസാന അഞ്ച് പന്തില്‍ പൊള്ളര്‍ഡ് 23 റണ്‍സാണ് മുംബൈ സ്കോര്‍ കാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
Adjust Story Font
16