Quantcast

'സുന്ദർ ഭുവി'; ഡൽഹിയെ എറിഞ്ഞിട്ട് ഹൈദരാബാദ്

34 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഡൽഹിനിരയിലെ ടോപ്‌സ്‌കോറർ

MediaOne Logo

Web Desk

  • Updated:

    2023-04-24 16:30:17.0

Published:

24 April 2023 4:15 PM GMT

IPL2023, SRHvsDC, WashingtonSundar, BhuvneshwarKumar
X

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഒരുക്കിയ ബൗളിങ് കുരുക്കിൽ വീണ് ഡൽഹി കാപിറ്റൽസ്. വാഷിങ്ടൺ സുന്ദറും ഭുവനേശ്വർ കുമാറും പുറത്തെടുത്ത മാസ്മരിക സ്‌പെല്ലിൽ കറങ്ങിവീണ വാർണർ പടയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് സ്വന്തമാക്കാനായത്. 34 റൺസെടുത്ത മനീഷ് പാണ്ഡെയാണ് സന്ദർശകനിരയിൽ ടോപ്‌സ്‌കോറർ.

ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ ഡേവിഡ് വാർണറിന്റെ തീരുമാനം അപ്പാടെ പാളുന്നതാണ് പവർപ്ലേയിൽ തന്നെ കണ്ടത്. ഹൈദരാബാദിന്റെ പേസ് കുന്തമുനയായ ഭുവിയുടെ മാസ്മരികമായ സ്വിങ് ബൗളിൽ തപ്പിത്തടഞ്ഞ ഡൽഹിക്ക് പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടമായി. മോശം ഫോമിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായ പൃഥ്വി ഷായ്ക്കു പകരം ഓപൺ ചെയ്യാനെത്തിയ ഫിൽ സാൾട്ടിനെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വീഴ്ത്തി ഭുവി വേട്ടയ്ക്കു തുടക്കമിട്ടു. മൂന്നാമനായെത്തിയ മിച്ചൽ മാർഷ് തുടർ ബൗണ്ടറികളുമായി കൗണ്ടർ അറ്റാക്കിങ് സൂചന നൽകിയെങ്കിലും ടി. നടരാജന്റെ ഇൻസ്വിങ്ങറിൽ വീണു. 15 പന്തിൽ അഞ്ച് ബൗണ്ടറിയുമായി 25 റൺസെടുത്താണ് മാർഷ് മടങ്ങിയത്.

പവർപ്ലേ ഓവർ കഴിഞ്ഞതിനു പിന്നാലെ പന്തെടുത്ത വാഷിങ്ടൺ സുന്ദർ ഒരേ ഓവറിൽ രണ്ടു വിക്കറ്റ് പിഴുത് ഡൽഹിയെ ഞെട്ടിച്ചു. ഹാരി ബ്രൂക്കിന് ക്യാച്ച് നൽകി നായകൻ വാർണറാണ്(20 പന്തിൽ 21) ആദ്യം മടങ്ങിയത്. നാലാമത്തെ പന്തിൽ ഭുവനേശ്വറിന് ക്യാച്ച് നൽകി പൃഥ്വി ഷായുടെ പകരക്കാരൻ സർഫ്രാസും(10) വീണു.

തുടർന്ന് മനീഷ് പാണ്ഡെയും അക്‌സർ പട്ടേലും ഏകദിന ശൈലിയിൽ കളിച്ചാണ് ടീമിനെ നൂറുകടത്തിയത്. ഡെത്ത് ഓവറിൽ ടീം സ്‌കോർ വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ കിടിലൻ യോർക്കറിൽ അക്‌സറിന്റെ മിഡിൽസ്റ്റംപ് പിഴുതു ഭുവനേശ്വർ. പിന്നാലെ മനീഷ് റൺഔട്ടായി പുറത്തായതോടെ 144ൽ ഒതുങ്ങി ഡൽഹിയുടെ പോരാട്ടം.

ഭുവനേശ്വർ നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റെടുത്തത്. വാഷിങ്ടൺ സുന്ദർ നിശ്ചിത ഓവറിൽ 28 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റും പിഴുതു. നടരാജന് ഒരു വിക്കറ്റും ലഭിച്ചു.

Summary: IPL 2023: SRH vs DC live updates

TAGS :

Next Story