ബെസ്റ്റ് ക്യാപ്റ്റൻ; സഞ്ജുവിനെ പ്രശംസ കൊണ്ടു മൂടി ഇർഫാൻ പത്താൻ
സഞ്ജുവിനെ അനുമോദിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്‌ലയും രംഗത്തെത്തി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റൻ സഞ്ജു സാംസണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. കളത്തിൽ നായകന്റെ റോൾ സഞ്ജു ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് ഇർഫാന്റെ പ്രതികരണം.
'ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ. ടോട്ടൽ ഡിഫൻഡ് ചെയ്യുമ്പോഴാണ് ക്യാപ്റ്റന്റെ റോൾ കളത്തിൽ കൂടുതൽ കാണാനാകുക. രാജസ്ഥാൻ റോയൽസ് അത് കളത്തിൽ സ്ഥിരമായി മികച്ച രീതിയിൽ ചെയ്യുന്നു' - ഇർഫാൻ ട്വീറ്റു ചെയ്തു.
സഞ്ജുവിനെ പ്രശംസിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്‌ലയും രംഗത്തെത്തി. കളിക്കു ശേഷമുള്ള വാർത്താ സമ്മേളനം കൈകാര്യം ചെയ്യുന്നതിൽ സഞ്ജു എംഎസ് ധോണിയെ ഓർമിപ്പിക്കുന്നു എന്നാണ് ഭോഗ്‌ലെ പറഞ്ഞത്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നേടിയ 24 റൺസ് ജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ ഇടം ഉറപ്പിച്ച മട്ടാണ്. അത്ഭുതങ്ങൾ സംഭവിച്ചാലേ ഇനി സഞ്ജുവിന്റെ സംഘം പുറത്തു പോകൂ. 13 കളിയിൽ എട്ടു വിജയവും അഞ്ചു തോൽവിയുമായി 16 പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. പോയിന്റ് ടേബിളിൽ 20 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസിന് താഴെ രണ്ടാമതാണ് ടീമിന്റെ സ്ഥാനം. ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനും 16 പോയിന്റുണ്ടെങ്കിലും മികച്ച നെറ്റ് റൺറേറ്റാണ് രാജസ്ഥാന് തുണയായത്.
2021 സീസണിലെ ലേലത്തിന് തൊട്ടു മുമ്പാണ് മലയാളി താരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു ടീമിന്റെ പ്രഖ്യാപനം.
ടീം ജയിക്കുമ്പോൾ ലഭിക്കുന്ന പ്രശംസയ്‌ക്കൊപ്പം വിമർശനവും സഞ്ജുവിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിഹാസ താരം സുനിൽ ഗവാസ്‌കറാണ് വിമർശകരിൽ മുമ്പൻ. ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ നായകന്റെ തന്ത്രത്തെ ഗവാസ്‌കർ വിമർശിച്ചിരുന്നു. സ്പിന്നർ ആർ അശ്വിനെ ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്തതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. അഞ്ചാമനായി ഇറങ്ങേണ്ടി വന്നത് സഞ്ജുവിന്റെ ബാറ്റിങ്ങിനെ ബാധിച്ചെന്നും അത് രാജസ്ഥാന് തിരിച്ചടിയായി എന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കൂ എന്നാണ് മുൻ ഇന്ത്യൻ നായകൻ സഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നത്.
ഈ സീസണിൽ വലിയ ഇന്നിങ്‌സുകൾ കളിക്കാൻ ആയിട്ടില്ലെങ്കിലും സ്ഥിരത പുലർത്താൻ സഞ്ജുവിനായിട്ടുണ്ട്. 13 മത്സരങ്ങളിൽ 29.92 ശരാശരിയിൽ 359 റൺസാണ് മലയാളി നേടിയിട്ടുള്ളത്.
Adjust Story Font
16