ഗ്രൗണ്ടിൽ മോശം പെരുമാറ്റം? ജോസ് ബട്‌ലർക്ക് പിഴ
കൊൽക്കത്തയ്‌ക്കെതിരെ നിർഭാഗ്യകരമായ റണ്ണൗട്ടിൽ ഡക്കായി പുറത്താകുകയായിരുന്നു ബട്‌ലർ
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്‌ക്കെതിരായ ഒൻപതു വിക്കറ്റിന്റെ ആധികാരിക ജയത്തിനു പിന്നാലെ സ്റ്റാർ ബാറ്റർ ജോസ് ബട്‌ലർക്കു പിഴ. ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മാച്ച് ഫീയുടെ പത്തു ശതമാനം പിഴ ചുമത്തിയത്. ഐ.പി.എൽ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, എന്തു കാരണത്തിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പുപ്രകാരമാണ് ബട്‌ലർ കുറ്റം ചെയ്തതായി കണ്ടെത്തിയതെന്ന് ഐ.പി.എൽ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. മാച്ച് റഫറിയുടെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമമെന്നും ഐ.പി.എൽ അറിയിച്ചു.
അതേസമയം, മത്സരത്തിൽ റണ്ണൗട്ടിനെ തുടർന്നുള്ള ബട്‌ലറുടെ പ്രതികരണമാണ് പിഴയ്ക്കിടയാക്കിയതെന്നാണ് സൂചന. രണ്ടാം ഓവറിൽ ബട്‌ലർ ക്രീസിലിരിക്കെ യശസ്വി ജയ്‌സ്വാൾ അനാവശ്യ റണ്ണിനാടി ഓടിയതാണ് റണ്ണൗട്ടിൽ കലാശിച്ചത്. ആദ്യ ഓവറിൽ 26 റൺസ് അടിച്ച് മികച്ച ഫോമിലിരിക്കെ ബട്‌ലർ സ്വന്തം വിക്കറ്റ് ബലിനൽകി മടങ്ങുകയായിരുന്നു.
മത്സരത്തിൽ 98 റൺസുമായി ജയ്‌സ്വാൾ രാജസ്ഥാനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ജയ്‌സ്വാളും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിൽ 41 പന്ത് ബാക്കിനിൽക്കെയായിരുന്നു രാജസ്ഥാന്റെ ഒൻപതു വിക്കറ്റ് വിജയം.
Summary: Jos Buttler fined 10 percent of match fee for breaking IPL code of conduct
Adjust Story Font
16