'കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് ലോകകപ്പിൽ കേരളത്തിനു തിരിച്ചടിയാകും'
കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിനം പുരോഗമിക്കുമ്പോൾ ഗാലറിയുടെ വലിയൊരു ഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിന് കാണികൾ കുറഞ്ഞത് സംസ്ഥാനത്തിനു തിരിച്ചടിയാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജ്. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കേരളത്തിലേക്ക് മത്സരം കൊണ്ടുവരാനുള്ള ശ്രമത്തിന് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം 'മീഡിയവണിനോ'ട് സൂചിപ്പിച്ചത്.
കാണികളുടെ കുറവ് മാത്രമാണ് തിരിച്ചടി. മന്ത്രിയുടെ പ്രസ്താവന മാത്രമല്ല മറ്റു പല ഘടകങ്ങളും കാരണമായിട്ടുണ്ട്. അടുത്തടുത്ത് മത്സരങ്ങൾ വന്നതും ഏകദിന മത്സരമായതുമെല്ലാം കാരണമായിരിക്കാം. പൊങ്കൽ, ശബരിമല, പരീക്ഷ എന്നിവയുടെയൊക്കെ ഫലമാകാമെന്നും കെ.സി.എ അധ്യക്ഷൻ പറഞ്ഞു.
വിവാദങ്ങൾ ചിലർ ഉണ്ടാക്കുന്നതാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കെ.സി.എക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങൾ കൊച്ചിയിലേക്ക് മാറ്റണമെന്ന് കെ.സി.എക്ക് ആഗ്രഹമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സ്റ്റേഡിയവും വിക്കറ്റും മികച്ചതാണ്. ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
30000ത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് കാര്യവട്ടം സ്റ്റേഡിയത്തിന്. എന്നാൽ, 23000 ടിക്കറ്റുകൾ വിൽപനയ്ക്ക് വച്ചതിൽ എണ്ണായിരത്തിനടുത്ത് ടിക്കറ്റുകൾ മാത്രമായിരുന്നു വിറ്റുപോയത്. ഇന്ന് മത്സരം നടക്കുമ്പോൾ ഗാലറിയുടെ വലിയൊരു ഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.
Adjust Story Font
16