'കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു'; കാംപയിനിനു പിന്തുണയുമായി കെ.എൽ രാഹുൽ
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സി'ന്റെ പോസ്റ്റർ പങ്കുവച്ചാണ് രാഹുലിന്റെ പ്രതികരണം
ബംഗളൂരു: കേരളത്തിലെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള കാംപയിനു പിന്തുണയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം.
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സ്'(വി.ഒ.എസ്.ഡി) പോസ്റ്റർ ഇൻസ്റ്റ സ്‌റ്റോറിയിൽ പങ്കുവച്ചാണ് രാഹുല്‍ കാംപയിനൊപ്പം ചേര്‍ന്നത്. കേരളത്തിൽ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നുവെന്നും തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. കേരളത്തിലെ തെരുവുനായക്കളെ രക്ഷിക്കൂ എന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. 'ദയവായി, നിർത്തൂ' എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കുവച്ചത്.
അതിനിടെ, സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നൽകുകയും എല്ലാ നായകൾക്കും ഷെൽട്ടർ ഒരുക്കുകയും ചെയ്യും. തെരുവുമാലിന്യം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കും. പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 5,86,000 പേർക്കാണ്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു.
അതേസമയം, തെരുവുനായ വിഷയത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സുപ്രിംകോടതിക്ക് റിപ്പോർട്ട് നൽകാനിരിക്കുകയാണ് സിരിജഗൻ കമ്മിഷൻ. തെരുവുനായ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി രൂപീകരിച്ച കമ്മിഷനാണ് ജസ്റ്റീസ് സിരിജഗൻ കമ്മീഷൻ. കമ്മിഷനിൽ ജ. സിരിജഗനെ കൂടാതെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയും നിയമസെക്രട്ടറിയുമാണ് അംഗങ്ങൾ. ലക്ഷത്തിനുമുകളിൽ തെരുവുനായ ആക്രമണക്കേസുകൾ ഓരോ വർഷവും നടക്കുന്നുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോഴും, കമ്മിഷനുമുന്നിലെത്തിയത് അയ്യായിരത്തിൽ താഴെ അപേക്ഷ മാത്രമാണെന്നാണ് അധ്യക്ഷൻ ജ. സിരിജഗൻ ചൂണ്ടിക്കാട്ടുന്നു.
Summary: Indian Cricket star KL Rahul supports campaign that alleges mass killing of stray dogs started in Kerala
Adjust Story Font
16