'റിങ്കു ഫാക്ടർ' ആവർത്തിച്ചില്ല; ഈഡനിൽ ഉദിച്ചുയർന്ന് ഹൈദരാബാദ്
ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയെ കീഴടക്കിയത്
കൊൽക്കത്ത: ഗുജറാത്തിനെതിരെ നടത്തിയ ഹീറോയിസം ആവർത്തിക്കാൻ ഇത്തവണ റിങ്കു സിങ്ങിനായില്ല. അവസാന ഓവറുകളിൽ വെടിക്കെട്ടുമായി റിങ്കു അർധസെഞ്ച്വറി നേടിയെങ്കിലും ഹൈദരാബാദ് ഉയർത്തിയ 229 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അതു മതിയായിരുന്നില്ല. ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്തത്.
ഹൈദരാബാദ് അടിച്ചുകൂട്ടിയ 228 റൺസിന്റെ കൂറ്റൻ സ്‌കോർ മറികടക്കാനിറങ്ങിയ കൊൽക്കത്ത പവർപ്ലേയിൽ ഒന്ന് പകച്ചെങ്കിലും നായകൻ നിതീഷ് റാണ എത്തിയതോടെ കളിമാറി. നാരായൻ ജഗദീഷനൊപ്പം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയ നിതീഷ് അധികം വൈകാതെ ഗിയർ മാറ്റുന്നതാണ് കണ്ടത്. കൂറ്റനടികളുമായി ടീം സ്‌കോർ വേഗം കൂട്ടുകയും ചെയ്തു.
ഇതിനിടയിൽ ടീമിന്റെ പ്രതീക്ഷയായിരുന്ന റസൽ വീണെങ്കിലും കൊൽക്കത്ത ആരാധകർ ആരവം മുഴക്കുകയാണ് ചെയ്തത്. ഗുജറാത്തിനെ തകർത്തെറിഞ്ഞ റിങ്കു സിങ്ങിന്റെ ഊഴമായിരുന്നു അടുത്തത്. കാണികളെ റിങ്കു നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റനെ കൂട്ടുപിടിച്ച് യുവതാരം ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചു. എന്നാൽ, 17-ാം ഓവറിൽ ടി. നടരാജന് വിക്കറ്റ് നൽകി ക്യാപ്റ്റൻ മടങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് അൽപം മങ്ങലായി.
ലക്ഷ്യം അകന്നകന്നു പോയിക്കൊണ്ടിരുന്നപ്പോഴും 'വണ്ടർ മാൻ' റിങ്കുവിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് ഇതേ സീസണിൽ വെടിക്കെട്ട് അർധസെഞ്ച്വറി കുറിച്ച ഷർദുൽ താക്കൂർ കൂട്ടിനെത്തിയെങ്കിലും വീണ്ടുമൊരിക്കൽകൂടി റിങ്കു അത്ഭുതം ആവർത്തിക്കുന്നതിനു സാക്ഷിയാകാൻ ഈഡൻ ഗാർഡൻസിനായില്ല. 18-ാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറും അവസാന ഓവർ എറിഞ്ഞ ഉമ്രാൻ മാലിക്കും റിങ്കുവിന് അഴിഞ്ഞാടാൻ അവസരം നൽകാതിരുന്നതാണ് ഹൈദരാബാദിന് തുണയായത്.
അടിച്ചുപരത്തി ബ്രൂക്ക്; മാർക്രം വെടിക്കെട്ട്
ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിന് ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. എന്നാൽ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി നിറഞ്ഞാടിയതോടെ അവരുടെ ധാരണ തെറ്റി. സൺറൈസേഴ്‌സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായ മായങ്ക് അഗർവാൾ പതിവ് പോലെ പെട്ടെന്ന് തിരിച്ചു നടന്ന മത്സരത്തിൽ നായകൻ എയ്ഡൻ മർക്രമിനെയും പിന്നീട് അഭിഷേക് ശർമയെയും കൂട്ടുപിടിച്ചാണ് ബ്രൂക്ക് തകർത്തടിച്ചത്. കേവലം 55 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 12 ഫോറും മൂന്നു സിക്‌സറും സഹിതമായിരുന്നു നേട്ടം. ടൂർണമെൻറിൽ 24കാരനായ താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. മർക്രം 26 പന്തിൽ 50 റൺസ് നേടിയപ്പോൾ അഭിഷേക് ശർമ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടി.
181.82 പ്രഹരശേഷിയോടെ കളിച്ച ബ്രൂക്കിന്റെ ബാറ്റിന്റെ ചൂട് കൊൽക്കത്തൻ ബൗളർമാരെല്ലാം അറിഞ്ഞു. ഉമേഷ് യാദവ്, വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നിവർ 40ലേറെ റൺസ് വിട്ടുകൊടുത്തു. 2023 ഐ.പി.എല്ലിൽ ആദ്യമായി പന്തെറിയാനെത്തിയ ആൻഡ്രേ റസ്സൽ മാത്രമാണ് തരക്കേടില്ലാതെ ബോൾ ചെയ്തത്. 2.1 ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് താരം പിഴുതത്. വരുൺ ചക്രവർത്തി ഒരു വിക്കറ്റ് വീഴ്ത്തി. സുനിൽ നരയ്ൻ നാലു ഓവറിൽ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഷർദുൽ താക്കൂർ അഞ്ച് പന്തിൽ 14 റൺസാണ് വിട്ടുകൊടുത്തത്.
വൺഡൗണായെത്തിയ രാഹുൽ ത്രിപാതി നാലു പന്തിൽ ഒമ്പത് റൺസും മായങ്ക് അഗർവാൾ 13 പന്തിൽ ഒമ്പത് റൺസുമാണ് നേടിയത്. ആൻഡ്രേ റസ്സലാണ് ഇരുവരെയും പുറത്താക്കിയത്. അഗർവാളിനെ ചക്രവർത്തിയും ത്രിപാതിയെ ഗുർബാസും പിടികൂടുകയായിരുന്നു. അഭിഷേക് ശർമയെയും റസ്സലാണ് തിരിച്ചയച്ചത്. ഷർദുൽ താക്കൂറിനായിരുന്നു ക്യാച്ച്. വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻട്രിച്ച് ക്ലാസൻ പുറത്താകാതെ 16 റൺസടിച്ചു. സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന് പകരം വാഷിംഗ്ഡൺ സുന്ദറാണ് ഇംപാക്ട് താരമായി ബൗളിംഗ് വേളയിൽ ഇറങ്ങിയത്.
Summary: Kolkata Knight Riders vs Sunrisers Hyderabad match updates
Adjust Story Font
16