ഗൗതം ഗംഭീറുമായി വാക്ക്‌പോര്: ശ്രീശാന്തിന് ക്രിക്കറ്റ് ലീഗിന്റെ വക്കീൽ നോട്ടിസ്
മത്സരത്തിനിടെ ശ്രീശാന്തിനെ വാതുവയ്പ്പുകാരനെന്നു വിളിച്ച് അധിക്ഷേപിച്ചതിനു പിന്നാലെയാണു പുതിയ വിവാദങ്ങൾ ആരംഭിച്ചത്
ന്യൂഡൽഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗൗതം ഗംഭീറുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്തിനു നിയമക്കുരുക്കും. ഗംഭീറിനെതിരായ വിമർശനത്തിനു പിന്നാലെ ശ്രീശാന്തിനെതിരെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്(എൽ.എൽ.സി) വക്കീൽ നോട്ടിസ് അയച്ചു.
എൽ.എൽ.സി കമ്മിഷണറാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ടി20 ലീഗിൽ കളി തുടരുന്നതിനിടെ താരം കരാർ ലംഘിച്ചെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഗംഭീർ മോശമായി എന്തെങ്കിലും പറഞ്ഞതായി ഗ്രൗണ്ട് അംപയർമാർ റിപ്പോർട്ട് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കാതെ താരവുമായി ചര്‍ച്ചയില്ലെന്നും നോട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൽ.എൽ.സിയിൽ സൂറത്തിൽ നടന്ന ഇന്ത്യ കാപിറ്റൽസ്-ഗുജറാത്ത് ജയന്റ്‌സ് മത്സരത്തിനിടെയാണു വിവാദ സംഭവം. തന്നെ വാതുവയ്പ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചെന്നാണ് ശ്രീശാന്ത് ഇൻസ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയത്. മത്സരത്തിനു പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട വിഡിയോയിൽ ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ചു വിശദീകരിച്ചിരുന്നെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിരുന്നില്ല. ഇതു പിന്നീട് ഇൻസ്റ്റഗ്രാം ലൈവിലൂടെ പുറത്തുവിടുകയായിരുന്നു. വാതുവയ്പ്പുകാരനെന്ന അധിക്ഷേപത്തിനു പുറമെ തെറിവിളിച്ചെന്നും താരം ആരോപിച്ചു.
''നിങ്ങളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു. അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും അദ്ദേഹം ഇതെ വാക്കുകൾ ഉപയോഗിച്ചു''- ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.
ആദ്യ ഘട്ടത്തിൽ പ്രതികരിക്കാതിരുന്ന ഗംഭീർ, വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ എക്സിൽ പോസ്റ്റിട്ടു. ലോകം മുഴുവനും ശ്രദ്ധ നേടാൻ നടക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. താങ്കൾ സുപ്രിംകോടതിക്കും മുകളിലാണോ എന്ന് ഇതിനു താഴെ ശ്രീശാന്ത് ചോദിച്ചു.
''ഒരു കായികതാരം എന്ന നിലയിലും സഹോദരൻ എന്ന നിലയിലും താങ്കൾ അതിരുകൾ ലംഘിച്ചിരിക്കുകയാണ്. അതിനു പുറമെ താങ്കളൊരു ജനപ്രതിനിധി കൂടിയാണ്. ഇപ്പോഴും ഓരോ ക്രിക്കറ്റ് താരങ്ങളുമായും തല്ലുണ്ടാക്കി നടക്കുകയാണ്. എന്താണു താങ്കളുടെ പ്രശ്‌നം? ഞാൻ ചിരിച്ച് ഒഴിവാക്കിയപ്പോൾ താങ്കൾ എന്നെ വാതുവയ്പ്പുകാരനെന്നു വിളിച്ചു. താങ്കൾ സുപ്രിംകോടതിക്കു മുകളിലാണോ? ഇങ്ങനെ തോന്നിയതു പറഞ്ഞ് ഇഷ്ടമുള്ളത് പറഞ്ഞുനടക്കാൻ താങ്കൾക്ക് അധികാരമില്ല. അഹങ്കാരിയാണു താങ്കൾ. താങ്കളെ പിന്തുണയ്ക്കുന്നവരോടു പോലും ബഹുമാനം കാണിക്കുന്നില്ല. ഇന്നലെ വരെ താങ്കളെയും കുടുംബത്തെയും ഞാൻ ബഹുമാനിച്ചിരുന്നു''-ശ്രീശാന്ത് ചോദിച്ചു.
Summary: LLC issues legal notice to S Sreesanth amid the former Indian pacer's row with Gautam Gambhir
Adjust Story Font
16