സഹായം തേടി വാതുവയ്പ്പുകാരൻ സമീപിച്ചു; ബി.സി.സി.ഐയെ വിവരമറിയിച്ച് സിറാജ്
കഴിഞ്ഞ ഇന്ത്യ-ആസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം
ന്യൂഡൽഹി: വാതുവയ്പ്പുനീക്കവുമായി ഒരാൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ സമീപിച്ചതായി റിപ്പോർട്ട്. വിവരം ഉടൻ തന്നെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ(എ.സി.യു) താരം അറിയിക്കുകയായിരുന്നു. ഇയാളെ സൈബർ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു.
ഒരു ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയാണ് സിറാജിനെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടത്. ടീമിനകത്തെ വിവരങ്ങൾ ചോർത്തിക്കൊടുക്കാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനു വഴങ്ങാതിരുന്ന സിറാജ് വിവരം അധികം വൈകാതെ ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഇന്ത്യ-ആസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം.
അതേസമയം, ഏതെങ്കിലും വാതുവയ്പ്പ് സംഘത്തിന്റെ ഭാഗമല്ല പ്രതിയെന്നാണ് ബി.സി.സി.ഐ വൃത്തം വെളിപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഡ്രൈവറാണ് ഇയാൾ. പലതവണ ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവയ്പ്പ് നടത്തി വൻ തുക നഷ്ടമായിരുന്നു ഇയാൾക്ക്. ഇതിന്റെ ബാധ്യതയിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ സിറാജിനെ സമീപിച്ചത്.
സിറാജ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എ.സി.യു സൈബർ പൊലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. സൈബർ പൊലീസ് മൊബൈൽ ഫോൺ ലോക്കേഷൻ നിരീക്ഷിച്ചാണ് പ്രതിയെ വലയിലാക്കിയത്. ആന്ധ്രാപ്രദേശിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
Summary: Match-fixing in Indian cricket? Man approaches Indian pacer Mohammed Siraj to give him 'inside news' of BCCI, arrested later
Adjust Story Font
16