ഇനി ബാറ്റ്സ്മാന്‍ ഇല്ല 'ബാറ്റര്‍' മാത്രം; ക്രിക്കറ്റില്‍ ഇനി ലിംഗനീതിയുടെ കാലം
ഇതുസംബന്ധിച്ച് ക്രിക്കറ്റ് നിയമാവലിയുടെ അവസാന വാക്കായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ക്രിക്കറ്റിലെ ആണ്‍മേല്‍ക്കോയ്മയ്ക്ക് ഒടുവില്‍ ഔദ്യോഗിക വിരാമം. ബാറ്റ്സ്മാന്‍ എന്നുള്ള വിളി ഇനി ക്രിക്കറ്റ് രേഖകളില്‍ ഉണ്ടാകില്ല. പകരം ബാറ്റര്‍ എന്നുള്ള പദമായിരിക്കും ഉപയോഗിക്കുക. ഇതുസംബന്ധിച്ച് ക്രിക്കറ്റ് നിയമാവലിയുടെ അവസാന വാക്കായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ഔദ്യോഗിക പ്രഖ്യാപനം നടത്തി. പരിഷ്കരിച്ച പദം എല്ലാ ക്രിക്കറ്റ് രേഖകളിലും ഉള്‍പ്പെടുത്തും.
ആണുങ്ങൾ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാൻ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല. വനിതാ ക്രിക്കറ്റും വലിയ തരത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ലിംഗഭേദമില്ലാത്ത പദം തന്നെ ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ എം.സി.സി എത്തുകയായിരുന്നു. ഇതിനുമുമ്പ് തന്നെ പുരുഷ ക്രിക്കറ്റ് താരങ്ങളടക്കം ലിംഗ നിഷ്പക്ഷത ഉറപ്പുവരുത്തുന്ന 'ബാറ്റര്‍' എന്ന വാക്ക് ഉപയോഗിക്കണമെന്ന് നിര്‍ദേശവുമായി രംഗത്തുവന്നിരുന്നു.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് അടുത്തിടെ സംഘടിപ്പിച്ച 'ദ് ഹണ്ട്രഡ്' ടൂർണമെന്‍റിലും ബാറ്റര്‍ എന്ന് പദമായിരുന്നു ബാറ്റ് ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. 'ദ ഹണ്ട്രഡ് ബോള്‍' ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എട്ട് ടീമുകളാണ് പങ്കെടുത്തത്. നാല് വനിതകളും നാല് പുരുഷ ടീമുകളുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായത്.
മുന്‍ വര്‍ഷങ്ങളിലേതിന് വിപരീതമായി വനിതാ ക്രിക്കറ്റിന് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റില്‍ നിറഞ്ഞ ഗ്യാലറിക്ക് മുന്നിലാണ് വനിതാ താരങ്ങള്‍ കളത്തിലിറങ്ങിയത്. 2017 ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിനും കാണികളുടെ ഒഴുക്കായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശ ഫൈനലിന് സാക്ഷിയാവാനും നിറഞ്ഞ ഗ്യാലറിയുണ്ടായിരുന്നു. ആരാധകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ 9 റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ആസ്ട്രേലിയ വനിത ടി20 ലോകകപ്പ് ഫൈനലിലും ആരാധകര്‍ നിറഞ്ഞിരുന്നു. കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകളെ ആസ്ട്രേലിയ 85 റണ്‍സിന് പരാജയപ്പെടുത്തി കിരീം ചൂടി.
Adjust Story Font
16