വാങ്കെഡെയിൽ ഗ്രീന്‍ റൺമഴ; മുംബൈയ്ക്ക് ജയം, പ്ലേഓഫിനു തൊട്ടരികെ
ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരം മഴയില്‍ മുങ്ങിയാല്‍ മുംബൈ നാലാമത്തെ ടീമായി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കും
മുംബൈ: സ്വന്തം തട്ടകത്തിലെ നിർണായക മത്സരത്തിൽ മുംബൈയെ തടഞ്ഞുനിർത്താൻ ആരുണ്ട്! ബാംഗ്ലൂരിൽ മഴ തകർത്തുപെയ്യുമ്പോൾ കാമറോൺ ഗ്രീനിന്റെ സെഞ്ച്വറി പ്രകടനത്തിൽ പ്ലേഓഫ് സാധ്യതകൾ അരക്കിട്ടുറപ്പിച്ച് മുംബൈ. 12 പന്തുകൾ ബാക്കിനിൽക്കെ എട്ടു വിക്കറ്റിനാണ് ഹൈദരാബാദ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം മുംബൈ മറികടന്നത്. ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരം മഴയില്‍ മുങ്ങിയാല്‍ മുംബൈ നാലാമത്തെ ടീമായി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കും.
മുംബൈ ചേസിങ്ങിൽ ഹൈദരാബാദിന് ആശ്വസിക്കാൻ കാര്യമായ ഒരു അവസരവുമുണ്ടായിരുന്നില്ല. മൂന്നാം ഓവറിൽ ഇഷൻ കിഷനെ ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ഹാരി ബ്രൂക്കിന്റെ കൈയിലെത്തിച്ചെങ്കിലും മുംബൈയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നായകൻ രോഹിത് ശർമയും കാമറോൺ ഗ്രീനും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു.
ഒരുഘട്ടത്തിൽ തപ്പിത്തടഞ്ഞ ഹിറ്റ്മാൻ താളം കണ്ടെത്തിയതോടെ ഹൈദരാബാദ് ചിത്രത്തിൽനിന്നുതന്നെ പൂർണമായും മറയുന്നതാണ് കണ്ടത്. സീസണിലെ രണ്ടാം അർധസെഞ്ച്വറി കുറിച്ച് നായകൻ മടങ്ങിയെങ്കിലും നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവിനും ഗ്രീനിനും ചടങ്ങുകൾ പൂർത്തിയാക്കാൻ മാത്രമാണുണ്ടായിരുന്നത്. 37 പന്ത് നേരിട്ട് എട്ട് ഫോറും ഒരു സിക്‌സും സഹിതം 56 റൺസെടുത്ത രോഹിതിനെ മായങ്ക് ദഗാറിന്റെ പന്തിൽ നിതീഷ് കുമാർ പിടികൂടുകയായിരുന്നു.
ഭുവനേശ്വർ എറിഞ്ഞ 18-ാം ഓവറിലെ അവസാന പന്തിൽ വിജയറണ്ണും സെഞ്ച്വറിയും കുറിച്ച് മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ ഉറപ്പിച്ചു ഗ്രീൻ. ഗ്രീൻ 100 റൺസുമായും സൂര്യ 25 റൺസുമായും പുറത്താകാതെ നിന്നു.
മായങ്ക്-വിവ്രാന്ത് ഷോ
ജയം മാത്രം ലക്ഷ്യമിട്ട് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ മുംബൈയ്ക്കുമുന്നിൽ 200 റണ്‍സിന്റെ വെല്ലുവിളിയാണ് ഹൈദരാബാദിന് ഉയര്‍ത്താനായത്. ഓപണർമാരായ മായങ്ക് അഗർവാളും(83), വിവ്രാന്ത് ശർമയും(69) അർധസെഞ്ച്വറികളുമായി തകര്‍ത്താടിയാണ് ഹൈദരാബാദിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍, മുംബൈയുടെ ബാറ്റിങ് കരുത്തിന് വെല്ലുവിളിയാകാന്‍ അതു മതിയായിരുന്നില്ല.
നിർണായക മത്സരത്തിൽ ടോസ് ഭാഗ്യം രോഹിത് ശർമയ്‌ക്കൊപ്പമായിരുന്നു. ഹൈദരാബാദിനെ ചെറിയ സ്‌കോറിലൊതുക്കി അതിവേഗം ജയം അടിച്ചെടുക്കാമെന്നായിരിക്കും ടീം പ്ലാൻ. എന്നാൽ, രോഹിതിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുകയായിരുന്നു വിവ്രാന്തും അഗർവാളും. പവർപ്ലേയിൽ കൂറ്റനടികളുമായി മുംബൈ ബൗളർമാരെ പ്രതിരോധത്തിലാക്കുകയായിരുന്നു ഇരുവരും.
ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും രോഹിതിന് രക്ഷയുണ്ടായില്ല. നിരന്തരം ബൗണ്ടറികൾ കണ്ടെത്തി സ്‌കോർനില ഉയർത്തിക്കൊണ്ടിരുന്നു വിവ്രാന്തും അഗർവാളും. ബൗണ്ടറി കണ്ടെത്താനാകാതിരുന്നപ്പോൾ സിംഗിളും ഡബിളുമായും ഇടതടവില്ലാതെ റണ്ണൊഴുകി. പതിഞ്ഞുതുടങ്ങിയ വിവ്രാന്ത് ഇതോടെ ഗിയർ മാറ്റി. അധികം വൈകാതെ കന്നി ഐ.പി.എൽ അർധസെഞ്ച്വറിയും കുറിച്ചു താരം. പിന്നാലെ അഗർവാളും സീസണിലെ മോശം പ്രകടനത്തിന്റെ കെട്ടഴിച്ചു. ഹെൽമറ്റും ബാറ്റുമുയർത്തിയായിരുന്നു താരത്തിന്റെ ഫിഫ്റ്റി ആഹ്ലാദപ്രകടനം.
ഒടുവിൽ 14-ാം ഓവറിൽ തുറുപ്പുചീട്ടായ ആകാശ് മധ്‌വാളിനെ രോഹിത് തിരിച്ചുവിളിച്ചു. നായകന്റെ വിശ്വാസവും കാത്തു താരം. വിവ്രാന്തിനെ രമൺദീപ് സിങ്ങിന്റെ കൈയിലെത്തിച്ച് മധ്‌വാൾ ടീമൊന്നടങ്കം ആഗ്രഹിച്ച ബ്രേക്ത്രൂ നൽകി. 47 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 69 റൺസെടുത്താണ് വിവ്രാന്ത് മടങ്ങിയത്. ഓപണിങ് കൂട്ടുകെട്ടിൽ 140 റൺസ് കൂട്ടിച്ചേർത്താണ് താരം പുറത്തായത്. ഇതോടെ ഹൈദരാബാദ് ഇന്നിങ്‌സിന്റെ വേഗവും കുറഞ്ഞു.
കുറച്ചുനേരം കൂടി അഗർവാൾ ആക്രമണം തുടർന്നെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ച താരത്തെ ഇഷൻ കിഷന്റെ കൈയിലെത്തിച്ച് വീണ്ടും മധ്‌വാളിന്റെ വക ഗംഭീര വിക്കറ്റ്. 46 പന്ത് നേരിട്ടാണ് അഗർവാൾ 83 റൺസ് അടിച്ചെടുത്തത്. നാല് സിക്‌സറും എട്ട് ഫോറും ഇന്നിങ്‌സിനു കൊഴുപ്പേകി. ഇതിനുശേഷം വന്നവർ ഒന്നിനു പിറകെ ഒന്നൊന്നായി വീണതോടെ പ്രതീക്ഷിച്ച കൂറ്റൻ സ്‌കോർ നേടാൻ ഹൈദരാബാദിനായില്ല.
Summary: MI vs SRH Live Score, IPL 2023
Adjust Story Font
16