ഏഷ്യാകപ്പിനുമുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി; പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ട്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിയർഗേൾ ആയിരുന്ന ഹസീൻ ജഹാനുമായി 2011ലാണ് ഷമി പ്രണയത്തിലാകുന്നത്
കൊൽക്കത്ത: ദിവസങ്ങൾക്കകം ഏഷ്യാ കപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനും പേസ് താരം മുഹമ്മദ് ഷമിക്കും തിരിച്ചടി. ഭാര്യ ഹസീൻ ജഹാൻ നൽകിയ പീഡനപരാതിയിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ദേശീയ മാധ്യമമായ 'ആജ് തക്' റിപ്പോർട്ട് ചെയ്തു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭാര്യ ഹസീൻ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒരു മാസത്തിനകം തീർപ്പാക്കാൻ കഴിഞ്ഞ മാസം സുപ്രിംകോടതി പശ്ചിമ ബംഗാൾ സെഷൻസ് കോടതിയോട് നിർദേശിച്ചിരുന്നു. ഷമിക്കും സഹോദരൻ മുഹമ്മദ് ഹസീബിനും എതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹസീൻ. ഇതോടെ ഇരുവരും മുൻകൂർ ജാമ്യത്തിനു നീക്കം നടത്തുകയാണ്.
2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിക്രമം, വാതുവയ്പ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഉയർത്തിയിരുന്നു.
2018 മാർച്ച് എട്ടിനാണ് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസീൻ ജഹാൻ ഷമിക്കെതിരെ പരാതി നൽകിയത്. തുടർന്ന് സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. സൗത്ത് 24 പർഗാനാസിലെ ആലിപോർ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു.
Summary: Cricketer Mohammed Shami has been ordered by the court to get bail within 30 days in wife Hasin Jahan 's domestic violence case
Adjust Story Font
16