Quantcast

'അവനോട് ഞാൻ രണ്ടുവട്ടം ക്ഷമ ചോദിച്ചിട്ടുണ്ട്'; മഹിപാല്‍ അധിക്ഷേപത്തില്‍ പ്രതികരിച്ച് സിറാജ്

ഏഴു മത്സരങ്ങളിൽനിന്നായി 13 വിക്കറ്റുമായി ഇത്തവണ ഐ.പി.എൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് മുഹമ്മദ് സിറാജ്

MediaOne Logo

Web Desk

  • Published:

    24 April 2023 9:50 AM GMT

SirajapologizesforabusingMahipalLomror, MahipalLomrorMohammedSirajcontroversy, Sirajabusingteammate, RCB, MohammedSiraj, MahipalLomror
X

ബംഗളൂരു: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ സഹതാരം മഹിപാൽ ലോംറോറിനെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. റണ്ണൗട്ട് അവസരം പാഴാക്കിയതിന് മഹിപാലിനെ അധിക്ഷേപിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് മത്സരം കഴിഞ്ഞയുടൻ സഹതാരത്തോട് രണ്ടു തവണ മാപ്പുചോദിച്ച വിവരം സിറാജ് വെളിപ്പെടുത്തിയത്.

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ നിർണായകമായ 19-ാം ഓവറിലായിരുന്നു വിവാദരംഗം. ബാംഗ്ലൂർ ഉയർത്തിയ 190 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അവസാന രണ്ട് ഓവറിൽ ജയിക്കാൻ 33 റൺസായിരുന്നു വേണ്ടിയിരുന്നത്. വെടിക്കെട്ട് ബാറ്റർ ധ്രുവ് ജുറേലും രവിചന്ദ്രൻ അശ്വിനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

അവസാന പന്തിൽ ലോങ് ഓണിലേക്കുള്ള ജൂറേലിന്റെ ഷോട്ടിൽ ഇല്ലാത്ത രണ്ടാം റൺസിന് ജുറേൽ ഓടി. അപ്പുറത്ത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് ഏറെ ദൂരത്തായിരുന്നു അശ്വിൻ. താരത്തെ റണ്ണൗട്ടാക്കാനുള്ള മികച്ച അവസരമായിരുന്നെങ്കിലും ലോങ് ഓണിലുണ്ടായിരുന്ന മഹിപാൽ കൃത്യമായി നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിൽ വിക്കറ്റിനു തൊട്ടടുത്ത് കാത്തുനിന്ന സിറാജിന്റെ നേരെ എറിഞ്ഞുകൊടുത്തെങ്കിലും ലക്ഷ്യം പിഴച്ചു.

കൃത്യമായി കൈയിലേക്ക് നൽകുന്നതിനു പകരം അപ്പുറത്തേക്കായിരുന്നു എറിഞ്ഞുകൊടുത്തത്. പന്ത് പിടിക്കാൻ ആഞ്ഞ സിറാജിന്റെ കാല് തട്ടി ബെയിൽസ് ഇളകുകയും ചെയ്തു. ഇതിനിടെ അശ്വിൻ സുരക്ഷിതമായി ക്രീസിലെത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സിറാജ് നിയന്ത്രണം വിട്ട് മഹിപാലിനോട് കയർത്തത്. ചൂടാകുകയും താരത്തെ അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിറാജ് സഹതാരത്തോട് ചെയ്തത് ശരിയായില്ലെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പൊതുവികാരം.

എന്നാൽ, താൻ രണ്ടു തവണ മഹിപാലിനോട് ക്ഷമചോദിച്ചിട്ടുണ്ടെന്ന് സിറാജ് വെളിപ്പെടുത്തി. ആർ.സി.ബി ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാൻ നല്ല ദേഷ്യത്തിലായിരുന്നു. ക്ഷമിക്കണം. നേരത്തെ തന്നെ അവനോട് ഞാൻ രണ്ടുതവണ ക്ഷമചോദിച്ചിട്ടുണ്ട്. ഗ്രൗണ്ടിനു പുറത്ത് ഞാൻ കോപം കൊണ്ടുനടക്കാറില്ല. കളി കഴിയുന്നതോടെ അതെല്ലാം തീരും.'-സിറാജ് പറഞ്ഞു.

വിഡിയോയിൽ മഹിപാലും ഇതിനോട് പ്രതികരിക്കുന്നുണ്ട്. 'അത് കാര്യമാക്കേണ്ടതില്ല സിറാജ് ഭായ്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലിയ മത്സരങ്ങളിൽ ഇത്തരം ചെറിയ സംഭവങ്ങളെല്ലാമുണ്ടാകുമെന്നും മഹിപാൽ ലോംറോർ ചൂണ്ടിക്കാട്ടി.

മത്സരത്തിൽ ഏഴു റൺസിനാണ് ബാംഗ്ലൂർ ജയിച്ചത്. ഇന്നലെ നേടിയ ഒരു വിക്കറ്റടക്കം ടൂർണമെന്റിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് സിറാജ്. ഏഴു മത്സരങ്ങളിൽനിന്നായി 15.38 ശരാശരിയിൽ 13 വിക്കറ്റാണ് സിറാജിന്റെ സമ്പാദ്യം.

Summary: "I have apologized twice already" - Mohammed Siraj on abusing Mahipal Lomror during RCB vs RR IPL 2023 match

TAGS :

Next Story