'ധോണി സ്വന്തം സ്ഥാനം ത്യജിച്ചിട്ടില്ല'; ഗംഭീറിനെ തള്ളി ശ്രീശാന്ത്
മൂന്നാം നമ്പറിൽ കളിച്ചിരുന്നെങ്കിൽ കരിയറിൽ നേടിയതിനെക്കാൾ എത്രയോ റൺസ് ധോണിക്കു സ്വന്തമാക്കാമായിരുന്നുവെന്നും ഗംഭീർ വാദിച്ചിരുന്നു
തിരുവനന്തപുരം: രാജ്യത്തിനു വേണ്ടി വ്യക്തിഗത നേട്ടങ്ങൾ ത്യജിച്ച താരമാണ് എം.എസ് ധോണിയെന്ന ഗൗതം ഗംഭീറിന്റെ വാദം തള്ളി എസ്. ശ്രീശാന്ത്. ടീം വിജയങ്ങളുടെ ക്രെഡിറ്റ് നൽകാമെങ്കിലും ധോണി സ്വന്തം ബാറ്റിങ് സ്ഥാനം ത്യജിച്ചിട്ടില്ല. ഓരോ താരവും ഏതു സ്ഥാനത്ത് കളിക്കുന്നതാണ് ടീമിനു നല്ലതെന്നു നോക്കിയായിരുന്നു ധോണിയുടെ നടപടിയെന്ന് ശ്രീശാന്ത് പറഞ്ഞു.
'സ്‌പോർട്‌സ്‌കീഡ'യ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ അഭിപ്രായപ്രകടനം. ''മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ധോണി കൂടുതൽ റൺസ് നേടുമായിരുന്നുവെന്ന് അടുത്തിടെ ഗംഭീർ പറയുകയുണ്ടായി. എന്നാൽ, റൺസിനെക്കാളും വിജയത്തിലായിരുന്നു ധോണിയുടെ ശ്രദ്ധ. ടീമിന് തന്നെ ആവശ്യമുള്ളപ്പോൾ കളി ഫിനിഷ് ചെയ്യാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. അങ്ങനെയാണ് അദ്ദേഹം രണ്ട് ലോകകപ്പുകൾ സ്വന്തമാക്കിയതും.''-ശ്രീശാന്ത് പറഞ്ഞു.
ധോണിക്ക് ക്രെഡിറ്റ് നൽകണം. എന്നാൽ, അദ്ദേഹം സ്വന്തം ബാറ്റിങ് സ്ഥാനം ത്യജിച്ചിട്ടില്ല. ഓരോ താരവും ഏതു സ്ഥാനത്ത് കളിക്കുന്നതാണ് ടീമിനു നല്ലതെന്നു നോക്കി അവരെ അവിടെ കളിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഓരോ താരത്തിന്റെയും മികച്ച കളി പുറത്തുകൊണ്ടുവരാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. എപ്പോഴും ടീമിനെക്കുറിച്ചാണ് ധോണി ചിന്തിച്ചിരുന്നതെന്നും മുൻ ഇന്ത്യൻ പേസർ പറഞ്ഞു.
കരിയറിൽ നേടിയതിനെക്കാൾ എത്രയോ റൺസ് ധോണിക്കു സ്വന്തമാക്കാമായിരുന്നുവെന്നാണ് ഗംഭീർ നേരത്തെ അഭിപ്രായപ്പെട്ടത്. പല റെക്കോർഡുകളും അദ്ദേഹത്തിനു തകർക്കാനുമാകുമായിരുന്നു. പക്ഷേ അതിന് ശ്രമിച്ചില്ല. തന്റെ ബാറ്റിങ് ഓർഡറിൽ മാറ്റംവരുത്താതെ ടീമിന്റെ ജയത്തിന് പ്രധാന്യം കൊടുത്തു. ടീമിന്റെ കിരീടങ്ങൾക്കുവേണ്ടി അദ്ദേഹം തന്റെ അന്താരാഷ്ട്ര റൺസും റെക്കോർഡുകളും ത്യജിച്ചെന്നും ഗംഭീർ പറഞ്ഞു.
Summary: 'MS Dhoni didn't sacrifice his batting position', S Sreesanth reacts to Gautam Gambhir's claim
Adjust Story Font
16