സർപ്രൈസ് പൊട്ടിക്കാന്‍ ധോണി; ഇന്ന് ഫേസ്ബുക്ക് ലൈവില്‍ പ്രഖ്യാപനം
2020 ആഗസ്റ്റ് 15ന് ഒരു ട്വീറ്റിലൂടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്
റാഞ്ചി: ആരാധകരെ ആകാംക്ഷയിലാഴ്ത്തി വീണ്ടും ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ് ധോണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ധോണിയുടെ സർപ്രൈസ് പ്രഖ്യാപനം. ഇന്ന് ഉച്ചയ്ക്ക് ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പ്രഖ്യാപിക്കുമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയായിരിക്കും ധോണിയുടെ പ്രഖ്യാപനം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ലൈവ് നിശ്ചയിച്ചിരിക്കുന്നത്. ആവേശകരമായ ചില വാർത്തകൾ സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നിങ്ങളുമായി പങ്കുവയ്ക്കാനെത്തുന്നുണ്ട് എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ലൈവിന് എല്ലാവരും ഉണ്ടാകണമെന്നും ധോണി ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ കാര്യത്തിൽ സാധാരണ കായികതാരങ്ങളിൽനിന്നു വ്യത്യസ്തനാണ് ധോണി. 2021 ജനുവരി എട്ടിനാണ് അവസാനമായി ധോണി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടത്. ഇൻസ്റ്റഗ്രാമിലും ഇതേ തിയതി തന്നെയായിരുന്നു അവസാന പോസ്റ്റ്. വല്ലപ്പോഴും ഫേസ്ബുക്കിൽ പ്രമോഷനുകളുമായി എത്താറുണ്ടെന്നതു മാത്രമാണ് ആരാധകർക്ക് ഏക ആശ്വാസം. ഇന്ത്യൻ നായകനായിരുന്ന സമയത്ത് സ്വന്തമായി മൊബൈൽ ഫോൺ പോലും താരത്തിനുണ്ടായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, 2020 ആഗസ്റ്റ് 15ന് ഒരു ട്വീറ്റിലൂടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത്തരത്തിൽ ഞെട്ടിക്കൽ വാർത്തകൾ വല്ലതുമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ; പ്രത്യേകിച്ചും ചെന്നൈ സൂപ്പർ കിങ്‌സിനെ(സി.എസ്.കെ) പിന്തുണയ്ക്കുന്ന കായികപ്രേമികൾ. ഐ.പി.എല്ലിൽനിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ചെന്നൈയിലെ സ്വന്തം ഗ്രൗണ്ടിലാകും തന്റെ അവസാന മത്സരമെന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്ന് ചെന്നൈ മാനേജ്‌മെന്റും അറിയിച്ചിരുന്നു. അതിനിടെ, കോവിഡിനു മുൻപുള്ള പോലെ ഹോം-എവേ രീതിയിലായിരിക്കും പുതിയ സീസണെന്ന് ബി.സി.സി.ഐ അറിയിച്ചത്.
പുതുതായി ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലീഗിൽ സി.എസ്.കെയുടെ ഉടമസ്ഥതയിലുള്ള ജോഹന്നാസ്ബർഗ് സൂപ്പർ കിങ്‌സിന്റെ പരിശീലകനായി ധോണി എത്തിയേക്കുമെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു. പരിശീലകനായിട്ടല്ലെങ്കിൽ ടീമിന്റെ പ്രധാന റോളുകളിലൊന്നിൽ താരം എത്തിയേക്കുമെന്നായിരുന്നു വാർത്തകൾ. ഇതേക്കുറിച്ചായിരിക്കുമോ ഇന്നത്തെ പ്രഖ്യാപനമെന്ന് സംശയിക്കുന്ന ആരാധകരുമുണ്ട്.
Summary: Former India's cricket team captain MS Dhoni took to social media to announce that he will come on alive session on 25 September to share 'some exciting news'
Adjust Story Font
16