സൂപ്പർ താരങ്ങളെ 'ജംപ് സ്യൂട്ട്' ഉടുപ്പിച്ച് മുംബൈയുടെ മുട്ടൻ പണി; കാരണം ഇതാണ്
നീലനിറത്തിലുള്ള 'ജംപ് സ്യൂട്ടി'ൽ മുംബൈ താരങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്
മുംബൈ: ചെന്നൈയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ സൂപ്പർ താരങ്ങൾക്ക് പണികൊടുത്ത് മുംബൈ ഇന്ത്യൻസ്. സീസണിൽ ടീമിനു വേണ്ടി മികച്ച പ്രകടനം തുടരുന്ന ഓൾറൗണ്ടർ കാമറോൺ ഗ്രീൻ, ബാറ്റർ നേഹൽ വധേര, പേസർ ആകാശ് മധ്‌വാൾ എന്നിവർക്കായിരുന്നു ടീം വക ശിക്ഷ. കളിക്കളത്തിലെ താരങ്ങളുടെ മോശം പ്രകടനത്തിനായിരുന്നില്ല ശിക്ഷാനടപടിയെന്നതും കൗതുകമുണർത്തി.
ഹോട്ടലിൽനിന്ന് പുറപ്പെടാൻ വൈകിയതിനാണ് താരങ്ങൾക്ക് വേറിട്ട രീതിയിൽ ശിക്ഷയൊരുക്കിയത്. എളുപ്പത്തിൽ ഉടുക്കാൻ സൗകര്യപ്രദമായ, പടിഞ്ഞാറൻ നാടുകളിൽ ജനപ്രിയമായ 'ജംപ് സ്യൂട്ട്' ഉടുപ്പിച്ചായിരുന്നു പണി. നീല നിറത്തിലുള്ള ജംപ് സ്യൂട്ടായിരുന്നു ഉടുക്കാൻ നൽകിയത്. ഇതിൽ മുംബൈ താരങ്ങളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിരുന്നു.
ഹോട്ടലിൽനിന്ന് ടീം പുറപ്പെടുമ്പോൾ വൈകിയെന്നാണ് മുംബൈ ഇന്ത്യൻസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വധേര വെളിപ്പെടുത്തിയത്. ഉറങ്ങിപ്പോയതാണ് വൈകാൻ കാരണമെന്നും താരം വിശദീകരിച്ചു. വൈകാൻ നിൽക്കേണ്ടെന്ന് താൻ പറഞ്ഞതാണെന്ന് മറ്റൊരു താരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട് വിഡിയോയിൽ. അടുത്ത ഊഴം ഗ്രീനിനായിരുന്നു. ടീം നൽകിയ ജംപ് സ്യൂട്ട് പക്ഷെ താരത്തിന് പാകമായിരുന്നില്ല. തുടർന്ന് കൈ വെട്ടി മാറ്റിയാണ് വസ്ത്രം ധരിച്ചത്. ഷൂക്കു പകരം ചെരിപ്പ് ധരിച്ചാണ് വന്നത്, അതാണ് വൈകിയതെന്നായിരുന്നു ആകാശ് മധ്‌വാളിന്റെ ന്യായം. ഇനിയൊരിക്കലും ലേറ്റ് ആകില്ലെന്നും വധേര ഉറപ്പുനൽകിയിട്ടുണ്ട്.
ഐ.പി.എൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മുംബൈ. പത്തു മത്സരങ്ങളിൽനിന്ന് അഞ്ചുവീതം ജയവും തോൽവിയും അക്കൗണ്ടിലുള്ള ടീമിന് പത്ത് പോയിന്റാണുള്ളത്. ഗുജറാത്ത്, ബാംഗ്ലൂർ, ലഖ്‌നൗ, ഹൈദരാബാദ് എന്നീ ടീമുകൾക്കെതിരെയാണ് മുംബൈയുടെ അവശേഷിക്കുന്ന മത്സരങ്ങൾ.
Summary: The management of Mumbai Indians punished the players Akash Madhwal, Nehal Vadhera and Cameron Green with jumpsuits for leaving the team hotel late
Adjust Story Font
16