പാണ്ഡ്യയുടെ വില 100 കോടി! ഞെട്ടിപ്പിച്ച് മുംബൈ-ഗുജറാത്ത് ട്രാൻസ്ഫർ വിവരങ്ങൾ
15 കോടി നൽകിയാണ് മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ സ്വന്തമാക്കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം
ഹര്‍ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിൽനിന്നു തിരിച്ചുപിടിച്ചത് കഴിഞ്ഞ മാസമായിരുന്നു. പിന്നാലെ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ച് രോഹിത് ശർമയ്ക്കു പകരക്കാരനായി മുംബൈ താരത്തെ ക്യാപ്റ്റനുമാക്കി. ഇതിന്റെ അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. അതിനിടെയാണ് ഹർദികിനെ സ്വന്തമാക്കാൻ ഗുജറാത്തുമായി മുംബൈ നടത്തിയ വമ്പൻ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
ഹർദികിനെ സ്വന്തമാക്കാൻ മുംബൈ 100 കോടി രൂപയോളം രൂപ ഗുജറാത്തിനു നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇതു സംബന്ധമായുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 15 കോടിക്കാണ് മുംബൈ ഹർദികിനെ സ്വന്തമാക്കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, 100 കോടി രൂപയുടെ ട്രാൻസ്ഫർ തുകയും ഗുജറാത്തിനു ലഭിച്ചതായി സൂചനയുണ്ടെന്ന് എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ഏതായാലും ഈ സാമ്പത്തിക വർഷത്തിനൊടുവിൽ കമ്പനിയുടെ ബാലൻസ് ഷീറ്റിൽനിന്നു മാത്രമേ ട്രാൻസ്ഫർ തുകയുടെ കൃത്യമായ വിവരം അറിയാനാകൂ.
2021ൽ 5,625 കോടി രൂപ നൽകിയാണു നിക്ഷേപ കമ്പനിയായ സി.വി.സി കാപിറ്റൽ ഗുജറാത്ത് ടൈറ്റൻസ് എന്ന പേരിൽ ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നത്. 2022 മെഗാ ലേലത്തിനു മുന്നോടിയായി മുംബൈ ഹർദികിനെ റിലീസ് ചെയ്യുകയും പിന്നാലെ ഗുജറാത്ത് താരത്തെ റാഞ്ചുകയും ചെയ്തു. താരത്തെ തന്നെ ക്യാപ്റ്റനായും ടീം പ്രഖ്യാപിച്ചു. ആദ്യ സീസണിൽ തന്നെ ടീമിനു കിരീടം സമ്മാനിച്ചാണ് ഹർദിക് അതിനു പകരംനൽകിയത്. രണ്ടാമത്തെ സീസണിലും ഗുജറാത്തിനെ ഫൈനലിലേക്കു നയിച്ചെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനു മുൻപിൽ കപ്പിനും ചുണ്ടിനുമിടയിൽ ഇടറിവീഴുകയായിരുന്നു.
2015ൽ മുംബൈയിലെത്തി താരമായി മാറിയ ഹർദിക് 2015, 2017, 2019, 2020 സീസണിലെല്ലാം ടീമിന്റെ കിരീടനേട്ടത്തിന്റെ ഭാഗമായി. 2022ൽ നടന്ന മെഗാ ലേലത്തിനു മുന്നോടിയായാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് ഹർദികിനെ സ്വന്തമാക്കുന്നത്. ആ സീസണിൽ താരം ഗുജറാത്തിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. തൊട്ടടുത്ത സീസണിലും ടീമിനെ ഫൈനലിലേക്കു നയിച്ചു.
മുംബൈ താരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തവണ ഐ.പി.എൽ നഷ്ടമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ കണങ്കാലിനേറ്റ പരിക്കാണു വില്ലനായത്. ഇതേതുടർന്ന് ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾ താരത്തിനു നഷ്ടമായി. ജനുവരിയിൽ അഫ്ഗാനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കും ഹർദിക് ഉണ്ടാകില്ലെന്നു വ്യക്തമായതോടെയാണ് ഐ.പി.എല്ലും നഷ്ടമായേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പടർന്നത്. എന്നാൽ, താരം പരിക്കിൽനിന്നു മുക്തനായി വരികയാണെന്നും ഐ.പി.എല്ലിനു മുന്നോടിയായി പൂർണ ആരോഗ്യവാനാകുമെന്നുമാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
Summary: Mumbai Indians pay a whopping Rs 100 crore transfer fee to Gujarat Titans for Hardik Pandya trade
Adjust Story Font
16