Quantcast

ഏഷ്യൻ രാജാക്കന്മാരെ തകർത്ത് നമീബിയ; ലോകകപ്പിന് 'അട്ടിമറിത്തുടക്കം'

ജോനാഥൻ ഫ്രൈലിങ്കിന്റെയും ജൊനാഥൻ സ്മിറ്റിന്റെയും ഓൾറൗണ്ട് പ്രകടനമാണ് നമീബിയയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-16 09:34:56.0

Published:

16 Oct 2022 9:32 AM GMT

ഏഷ്യൻ രാജാക്കന്മാരെ തകർത്ത് നമീബിയ; ലോകകപ്പിന് അട്ടിമറിത്തുടക്കം
X

സിഡ്‌നി: അട്ടിമറി ജയത്തിലൂടെ ടി20 ലോകകപ്പിന് ആവേശകരമായ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ ചാംപ്യന്മാരായ ശ്രീലങ്കയെ ദുർബലരായ നമീബിയ തകർത്തു. 55 റൺസിന്റെ വമ്പൻ വിജയമാണ് നമീബിയൻ സംഘം സ്വന്തമാക്കിയത്.

നമീബിയ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ പോരാട്ടം 19-ാം ഓവറിൽ തന്നെ അവസാനിച്ചു. വെറും 108 റൺസുമായാണ് ലങ്കൻ സംഘം കൂടാരം കയറിയത്. ജോനാഥൻ ഫ്രൈലിങ്കിന്റെയും ജൊനാഥൻ സ്മിറ്റിന്റെയും ഓൾറൗണ്ട് പ്രകടനമാണ് നമീബിയയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ ജൊനാഥൻ സ്മിത്തിനൊപ്പം തകർത്തടിച്ചാണ് ഫ്രൈലിങ്ക് നമീബിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ബൗളിങ്ങിൽ രണ്ടു വിക്കറ്റെടുത്തും താരം തിളങ്ങി. സ്മിത്തിന് ഒരു വിക്കറ്റും ലഭിച്ചു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് തുടക്കത്തിൽ തന്നെ ഓപണർമാരെ നഷ്ടപ്പെട്ടു. ദുഷ്മന്ത ചമീരയും പ്രമോദ് മധുഷനുമാണ് നമീബിയയെ ഞെട്ടിച്ചത്. എന്നാൽ, പിന്നീടെത്തിയവരെല്ലാം വെടിക്കെട്ടുകളുമായി സ്‌കോർബോർഡിലേക്ക് സംഭാവനകളർപ്പിച്ചാണ് മടങ്ങിയത്. ലോഫ്റ്റി ഈറ്റൺ(20), സ്റ്റെഫാൻ ബാർഡ്(26), നായകൻ ജെറാഡ് ഇറാസ്മസ്(20) എന്നിവരെല്ലാം ടീം സ്‌കോറിൽ നിർണായക പങ്കുവഹിച്ചു.

പിന്നീടാണ് യാൻ ഫ്രൈലിങ്കും സ്മിത്തും ചേർന്ന് വെടിക്കെട്ടുമായി കളംനിറഞ്ഞു കളിച്ചത്. അവസാന ഓവറുകളിൽ ആരെയും വെറുതെ വിടാതെയാണ് ഇരുവരും പ്രഹരിച്ചു. വിക്കറ്റിനു പിന്നിലുള്ള അതിവേഗ ഓട്ടവും ഞെട്ടിപ്പിക്കുന്നതായിരുന്നു. അവസാന പന്തിൽ അധിക റൺസിന് ഓടി ഒടുവിൽ 28 പന്തിൽ 44 റൺസുമായി ഫ്രൈലിങ്ക് പുറത്തായി. നാല് ബൗണ്ടറിയാണ് ഇന്നിങ്‌സിൽ താരം അടിച്ചത്. ജൊനാഥൻ സ്മിത്ത് 16 പന്തിൽ രണ്ടുവീതം ഫോറും സിക്‌സും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു.

ശ്രീലങ്കൻ ബൗളർമാരിൽ നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത വനിന്ദു ഹസരങ്കയുമാണ് നമീബിയയെ ഒരുപരിധിയെങ്കിലും പിടിച്ചുനിർത്തിയത്. പ്രമോദ് മധുഷൻ രണ്ടു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്തു. ചമീരയ്ക്കും ചാമിക കരുണരത്‌നയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ 23 പന്തിൽ 29 റൺസെടുത്ത് പുറത്തായ നായകൻ ദാഷുൻ ഷാനകയാണ് ശ്രീലങ്കൻ സംഘത്തിൽ ടോപ്‌സ്‌കോററായത്. ധനഞ്ജയ ഡിസിൽവ(11 പന്തിൽ 12), ബാനുക രജപക്‌സ(21 പന്തിൽ 20), മഹീഷ് തീക്ഷണ(11 പന്തിൽ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.

മറുവശത്ത്, നമീബിയൻ സംഘത്തിൽ പന്തെറിഞ്ഞവരെല്ലാം വെളിച്ചപ്പാടാകുകയും ചെയ്തു. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത ഡേവിഡ് വീസും 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബെർനാഡ് സ്‌കോൾസുമാണ് കൂട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ബിൻ ഷികോങ്കോയും മൂന്ന് ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. ഫ്രൈലിങ്ക് നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് കൊയ്തത്. സ്മിത്ത് മൂന്നോവറിൽ 16 റൺസ് മാത്രം നൽകി ഒരു വിക്കറ്റും സ്വന്തമാക്കി.

Summary: Namibia stun Sri Lanka to win by 55 runs in ICC T20 World Cup 2022 opener

TAGS :

Next Story