ടോപ് പ്ലേ; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസ് വിജയം
സെഞ്ച്വറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം
ധർമശാല: ഡേവിഡ് മലാന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ റൺമല താണ്ടാനായില്ല, ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് 137 റൺസ് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഈ ലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 48.2 ഓവറിൽ 227 റൺസിലൊതുങ്ങി. റീസി ടോപ്ലേ നാലും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി ബംഗ്ലാകടുവകൾക്ക് കുരുക്കിടുകയായിരുന്നു. സാം കരൺ, മാർക് വുഡ്, ആദിൽ റഷീദ്, ലിയാം ലിവിംഗ്‌സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ ഡേവിഡ് മലാനാണ് കളിയിലെ താരം. വിജയത്തോടെ ഇംഗ്ലണ്ട് പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
ബംഗ്ലാനിരയിൽ ഓപ്പണർ ലിറ്റൺ ദാസും (76) വിക്കറ്റ് കീപ്പർ മുഷ്ഫിഖുറഹീമും (51) അർധ സെഞ്ച്വറി നേടി പിടിച്ചു നിന്നു. തൗഹീദ് ഹൃദോയി 39 റൺസടിച്ചു. ഓപ്പണറായ തൻസിദ് ഹസൻ (1), വൺഡൗണായെത്തിയ നജ്മുൽ ഹുസൈൻ ഷാന്റേ (0), നായകൻ ഷാക്കിബുൽ ഹസൻ (1) എന്നിവരൊക്കെ വന്ന പോലെ തിരിച്ചുപോയി. മൂവരെയും ടോപ്ലേയാണ് പറഞ്ഞയച്ചത്. പിന്നീടെത്തിയവർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.
ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഡേവിഡ് മലാന്റെ സെഞ്ച്വറി (140) മികവിലാണ് ഇംഗ്ലണ്ട് വമ്പൻ സ്‌കോർ നേടിയത്. ഓപ്പണറായ ജോണി ബെയർസ്റ്റോയും (52), വൺഡൗണായെത്തിയ ജോ റൂട്ടും (82) അർധ സെഞ്ച്വറി നേടി.
ബംഗ്ലാദേശിനായി ആദ്യ വിക്കറ്റ് വീഴ്ത്തിയത് നായകൻ ഷാക്കിബുൽ ഹസനാണ്. ജോണി ബെയർസ്റ്റോയെ ബൗൾഡാക്കുകയായിരുന്നു താരം. സെഞ്ച്വറി താരം ഡേവിഡ് മലാനെ മെഹ്ദി ഹസൻ ബൗൾഡാക്കി. അർധശതകം നേടി റൂട്ടിനെ ഷെരീഫുൽ ഹസൻ മുഷ്ഫിഖുറഹീമിന്റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ആർക്കും കാര്യമായി തിളങ്ങാനായില്ല. നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ലറും ഹാരി ബ്രൂക്കും 20 റൺസ് മാത്രം നേടി. ലിയാം ലിവിങ്സ്റ്റൺ പൂജ്യത്തിന് പുറത്തായി. സാം കരൺ (11), ക്രിസ് വോക്സ്(14), ആദിൽ റഷീദ് (11) എന്നിവരും പെട്ടെന്ന് മടങ്ങി. മാർക് വുഡ് (6) റീസി ടോപ്ലേ (1) എന്നിവർ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി മെഹ്ദി ഹസൻ നാലും ഷെരീഫുൽ ഇസ്ലാം മൂന്നും വിക്കറ്റ് വീഴ്ത്തി. ഷാക്കിബുൽ ഹസനും തസ്‌കിൻ അഹമ്മദും ഓരോ വിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ODI World Cup: England beat Bangladesh by 137 runs
Adjust Story Font
16