കിങ് ലാറ; മാരത്തണ്‍ ഇന്നിങ്സുകളുടെ കാമുകന്‍
1990ൽ ക്രിക്കറ്റ് മൈതാനത്തിലെ ഇരുപത്തിരണ്ടു വാര പിച്ചിലേക്ക് ഗാര്‍ഡ് അണിഞ്ഞെത്തിയ ബ്രയാന്‍ ചാള്‍സ് ലാറയെന്ന 21 കാരന്‍ നടന്ന് കയറിയത് റെക്കോര്‍ഡ് ബുക്കുകളിലേക്കും അവിടെ നിന്ന് വിന്‍ഡീസ് ജനതയുടെ മനസിലേക്കുമാണ്...
ബ്രയാന്‍ ലാറയെന്നാല്‍ കരീബിയന്‍ ദ്വീപിന് ക്രിക്കറ്റിന്‍റെ പര്യായമാണ്. ഗാരി സോബേഴ്സും ലാൻസ് ഗിബ്ബ്സും ജോർജ് ഹേഡ്‍ലിയും വിവിയന്‍ റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും തുടങ്ങി ക്രിക്കറ്റിനെ ജീവശ്വാവാസമായി കാണുന്ന വിന്‍ഡീസിന് ആരാധിക്കാന്‍ ഒരുപാട് ഇതിഹാസങ്ങള്‍ വന്നുപോയിട്ടുണ്ട്. എങ്കിലും ലാറയെന്ന പേര് വിന്‍ഡീസ്കാര്‍ക്ക് ഇന്നും രക്തത്തില്‍ അലിഞ്ഞ വികാരമാണ്. ഇന്ത്യക്ക് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എങ്ങനെയാണോ അതുപോലെ... ചിലപ്പോള്‍ അതിനുമപ്പുറം. 1990ൽ ക്രിക്കറ്റ് മൈതാനത്തിലെ ഇരുപത്തിരണ്ടു വാര പിച്ചിലേക്ക് ഗാര്‍ഡ് അണിഞ്ഞെത്തിയ ബ്രയാന്‍ ചാള്‍സ് ലാറയെന്ന 21 കാരന്‍ നടന്ന് കയറിയത് റെക്കോര്‍ഡ് ബുക്കുകളിലേക്കും അവിടെ നിന്ന് വിന്‍ഡീസ് ജനതയുടെ മനസിലേക്കുമാണ്.
92 ലെ ലോകകപ്പ് മുതലാണ് ലാറയെ കളിഭ്രാന്തന്മാര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. വിൻഡീസ് - പാകിസ്ഥാൻ മത്സരം. വസീം അക്രമിന്‍റെയും അക്വിബ് ജാവേദിന്റെയും തീയുണ്ട പന്തുകളെ നേരിട്ട് ആ 23 കാരന്‍ പയ്യന്‍ നേടിയത് 88 റൺസ്, വൈറ്റ് ബോളില്‍ ചോര പറ്റിക്കാന്‍ മത്സരിക്കുന്ന പേസ് ത്രയങ്ങള്‍ ഭരിക്കുന്ന പാകിസ്ഥാനെതിരെയാണ് സെഞ്ച്വറിയോളം തിളക്കമുള്ള ഇന്നിങ്സ് ലാറ കളിച്ചതെന്ന് ഓര്‍ക്കണം. ഒടുവിൽ പാകിസ്ഥാൻ പേസ് നിര മുറിവേൽപ്പിച്ച പാദവുമായി റിട്ടയർ ചെയ്യുമ്പോൾ വിൻഡീസ് പത്തു വിക്കറ്റ് വിജയം ഉറപ്പിച്ചിരുന്നു. പിന്നീടെത്രയെത്ര ഇന്നിംഗ്സുകൾ. റെക്കോര്‍ഡ് ബുക്കുകളില്‍ സ്ഥിരം പേരുകാരനായി മാറുകയായിരുന്നു ലാറ അവിടെനിന്നങ്ങോട്ട്..
ആദ്യ ടെസ്റ്റ് സെഞ്ചുറി മുതല്‍ തുടങ്ങുന്നു ലാറയുടെ പ്രതിഭയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ഇന്നിങ്സുകള്‍. ഓസീസിനെതിരെ അവരുടെ തട്ടകമായ സിഡ്നിയിൽ 277 റണ്‍സ് അടിച്ചുകൂട്ടിയാണ് ലാറ ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ ആദ്യ സെഞ്ച്വറി ആഘോഷമാക്കിയത്. തന്‍റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയാണ് ലാറ 1994ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്നിങ്സ് അവസാനിപ്പിച്ചത്. കരിയറിലെ തന്‍റെ പന്ത്രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ലാറ ഒരുപിടി റെക്കോര്‍ഡുകളുമായാണ് അന്ന് കളം വിട്ടത്. 375 റണ്‍സ്...!
അന്ന് വരെ ലോക ക്രിക്കറ്റിലുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തിരുത്തി, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടം സ്വന്തം പേരിലാക്കിയാണ് ആ 25 കാരന്‍ തിരിച്ച് പവലിയനിലെത്തിയത്. വിന്‍ഡീസിന്‍റെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ഗാരി സോബേഴ്സ്(365 നോട്ടൌട്ട്) ആയിരുന്നു അതുവരെ ഏറ്റവും ഉയര്‍ന്ന സ്കോറിന്‍റെ ലോക റെക്കോര്‍ഡ് അലങ്കരിച്ചിരുന്നത്.
2003ഇല്‍ ആസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍(380) ലാറയുടെ ലോകറെക്കോര്‍ഡ് തിരുത്തിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. ആ സിംഹാസസനത്തിന് താന്‍ മാത്രമാണ് അര്‍ഹനെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് 400* എന്ന മാന്ത്രിക സംഖ്യ ലാറ സ്വന്തം സ്കോര്‍ കാര്‍ഡില്‍ ചേര്‍ത്തു. ലോകം അത്ഭുതത്തോടെ കണ്ടുനിന്ന ഇന്നിങ്സ്.
തന്‍റെ ലോക റെക്കോര്‍ഡ് മറ്റൊരു താരം തിരുത്തി വെറും ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ലാറ വീണ്ടും രാജകീയമായി റെക്കോര്‍ഡ് ബുക്കില്‍ തന്‍റെ പേര് സുവര്‍ണലിപികളില്‍ കൊത്തിവെച്ചത്. അതുകൊണ്ട് തന്നെയാകും പതിനേഴ് വർഷക്കാലം വിൻഡീസ് ബാറ്റിങ് നിരയെ മുന്നിൽ നിന്നു നയിച്ച ആ ട്രിനിഡാഡ് കൊടുങ്കാറ്റിനെ അന്നാട്ടുകാർ കിങ് ലാറയെന്ന് വിളിച്ചതും... അതെ, ക്രിക്കറ്റിനെ രാജ്യമായി കാണുന്ന ആ ജനതക്ക് ബ്രയാന്‍ ചാള്‍സ് ലാറ ഒരു രാജാവ് തന്നെയായിരുന്നു. ഓരോ ഇന്നിങ്സിനായും അയാൾ പാഡണിഞ്ഞ് ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ കരീബിയന്‍ ദ്വീപ് ഒന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിക്കും. പേരുകേട്ട ബൌളിങ് നിരയെ തന്‍റെ എം.ആര്‍.എഫ് ബാറ്റുകൊണ്ട് ബൗണ്ടറിക്ക് വെളിയിലേക്ക് പറത്തുമ്പോള്‍, നർത്തകന്‍റെ പാദ ചലനത്തെ ഓർമിപ്പിക്കുന്ന ഫൂട്ട് വർക്കിലൂടെ വിസ്മയിപ്പിക്കുമ്പോള്‍ എല്ലാം ആ ഗ്യാലറികൾ അയാൾക്ക് വേണ്ടി ആരവം മുഴക്കിയിരുന്നു.
2008 ഒക്ടോബർ 17-ന് സച്ചിൻ തെണ്ടുൽക്കർ മറികടക്കുന്നതുവരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന ബഹുമതിക്കുടമയും ബ്രയാന്‍ ലാറ ആയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരില്‍ എന്നും ആദ്യ പേരുകാരില്‍ ഒരാളായിരുന്നു അയാള്‍. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 400* എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ 17 വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു താരത്തിനും കഴിഞ്ഞിട്ടില്ല. ഈ വസ്തുതയും ലാറയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു എന്നതിന് തെളിവാണ്. അതുപോലെ തന്നെ ഇന്നും മറ്റൊരു താരത്തിനും തകര്‍ക്കപ്പെടാന്‍ കഴിയാതെ തലയുയര്‍ത്തി നില്‍ക്കുന്ന ലാറയുടെ മറ്റൊരു റെക്കോര്‍ഡാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 501 നോട്ടൌട്ട്.
ഇന്നുവരെയുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറിന്‍റെ ഉടമ. 1994-ൽ എഡ്ജ്ബാസ്റ്റണിൽ ഡർഹാമിനെതിരെയായിരുന്നു ലാറയുടെ മാമത്ത് ഇന്നിങ്സ്. ഡർഹാമിന്‍റെ ബൌളിങ് നിരെയ തലങ്ങും വിലങ്ങും തല്ലിയോടിച്ച ലാറയുടെ മാരത്തണ്‍ ഇന്നിങ്സിന് ഇന്ന് 27 വര്‍ഷം തികയുകയാണ്.1994 ജൂൺ 6ന് ഡർഹാമിനെതിരെ വാർക്ക്ഷെയറിന് വേണ്ടി കളിക്കുമ്പോഴാണ് ലോകത്തെ വിസ്മയിപ്പിച്ച് ലാറ റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയത്.
62 ഫോറുകളും 10 സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്സില്‍ 501 റൺസ് എടുക്കാന്‍ ലാറക്ക് വേണ്ടി വന്നത് വെറും 427 പന്തുകള്‍ മാത്രം. 1959 ൽ ക്വയ്ദ്-ഇ-ആസാം ട്രോഫി സെമിഫൈനലിൽ ബഹവാൽപൂറിനെതിരെ ഹനീഫ് മുഹമ്മദ് നേടിയ 499 റൺസിന്‍റെ 45 വര്‍ഷം പഴക്കമുള്ള റെക്കോർഡാണ് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ലാറ തിരുത്തിയത്.
Adjust Story Font
16