''അയാൾക്കുമാത്രമേ എന്നെ ശാന്തനാകാനാകൂ''-ധോണിയെക്കുറിച്ച് ഹർദിക് പാണ്ഡ്യ
''ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പിന്തുണയാണ് എനിക്ക് വേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ചാരിനിൽക്കാനൊരു തോളാണ് എനിക്ക് വേണ്ടത്''-ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് ഹർദിക് പാണ്ഡ്യ
ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. രവി ശാസ്ത്രി അടക്കമുള്ള പരിശീലകർക്കും വിരാട് കോഹ്ലിക്കുമൊപ്പം ധോണി ലോകകപ്പ് മുന്നൊരുക്കങ്ങൾ നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ ധോണിയുമായുള്ള ഗാഢമായ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ.
നിലവിലെ പ്രതിസന്ധികൾക്കിടയിൽ തനിക്ക് ശാന്തത നൽകാൻ കഴിയുന്ന ഒരേയൊരാൾ ധോണിയാണെന്ന് പാണ്ഡ്യ ഇഎസ്പിഎൻ ക്രിക്ക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ''ഏതുതരക്കാരനാണ് ഞാനെന്ന് കൃത്യമായി അറിയുന്നയാളാണ് ധോണി. എന്നെ അദ്ദേഹത്തിന് ആഴത്തിലറിയാം. ഞങ്ങൾ തമ്മിൽ അത്രയും അടുപ്പമുണ്ട്''-ഹർദിക് പറഞ്ഞു.
''എന്നെ ശാന്തനാക്കാൻ കഴിയുന്ന ഒരേയൊരാളാണ് ധോണി. ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഒരു പിന്തുണയാണ് എനിക്ക് വേണ്ടതെന്ന് അദ്ദേഹത്തിനറിയാം. ചാരിനിൽക്കാനൊരു തോളാണ് എനിക്ക് വേണ്ടത്. എന്റെ ക്രിക്കറ്റ് കരിയറിൽ ഒട്ടേറെ തവണ അദ്ദേഹം ഇത്തരത്തിൽ എനിക്ക് താങ്ങായിട്ടുണ്ട്''- ഹർദിക് ചൂണ്ടിക്കാട്ടി.
മഹാനായ എംഎസ് ധോണിയായിട്ടല്ല ഒരു കാലത്തും താൻ അദ്ദേഹത്തെ നോക്കിക്കണ്ടതെന്നും ഹർദിക് പറഞ്ഞു. തനിക്ക് അദ്ദേഹം സഹോദരനായ മഹിയാണ്. ഏറ്റവും ആവശ്യമുണ്ടായിരുന്നപ്പോഴെല്ലാം അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നതിൽ ആദരവും സന്തോഷവുമുണ്ടെന്നും ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തിൽ ഹർദിക് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളായി നല്ല ഫോമിലല്ല താരം. നിരന്തര പരിക്കുകൾ കാരണം ഇക്കഴിഞ്ഞ ഐപിഎല്ലിലടക്കം ഹർദിക് പന്തെറിഞ്ഞിരുന്നില്ല. ഇതോടൊപ്പം ബാറ്റ് കൊണ്ടും വലിയ പ്രകടനമൊന്നും പുറത്തെടുക്കാൻ താരത്തിനായിട്ടില്ല.
Adjust Story Font
16