Quantcast

പാകിസ്താന് ആശ്വാസം; ആദ്യ ജയം

92 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് 14-ാം ഓവറിലാണ് വിജയറൺ കുറിക്കാനായത്

MediaOne Logo

Web Desk

  • Published:

    30 Oct 2022 11:32 AM GMT

പാകിസ്താന് ആശ്വാസം; ആദ്യ ജയം
X

പെർത്ത്: 2022 ടി20 ലോകകപ്പിൽ പാകിസ്താന് ആദ്യ ജയം. നെതർലൻഡ്‌സിനെതിരായ മത്സരത്തില് ആറു വിക്കറ്റിനാണ് പാക് വിജയം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സിന് 91 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, അനായാസം കളി ജയിക്കാമെന്ന കരുതിയ പാക് പടയ്ക്ക് 14-ാം ഓവറിലാണ് ലക്ഷ്യം മറികടക്കാനായത്.

ഇന്ത്യയ്ക്കുശേഷം സിംബാബ്‌വേയോടും നേരിട്ട അപ്രതീക്ഷിത തോൽവിയുടെ നാണക്കേട് തീർക്കാനായിരുന്നു ഇന്ന് ബാബർ അസമും സംഘവും പെർത്തിൽ ഇറങ്ങിയത്. സെമി സാധ്യതകൾ നിലനിർത്തുന്നതിനപ്പുറം ഇന്നത്തെ ജയം അഭിമാനപ്രശ്‌നമായിരുന്നു ടീമിന്. ടോസ് ലഭിച്ച ഡച്ച് നായകൻ സ്‌കോട്ട് എഡ്വേഡ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും തീരുമാനം പിഴക്കുന്നതാണ് കണ്ടത്. കരുത്തരായ പാക് പേസ് നിര നെതർലൻഡ് ബാറ്റർമാരെ വരിഞ്ഞുമുറുക്കി.

രണ്ടക്കം കടക്കാനാകാതെ മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറി. ഒടുവിൽ മുൻമത്സരങ്ങളിലെ പോരാട്ടവീര്യം കോളിൻ അക്കർമാൻ ഒരിക്കൽകൂടി പുറത്തെടുത്തു. നായകൻ സ്‌കോട്ട് എഡ്വേഡ്‌സ് ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ചു. അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഇരുവരും ചേർന്നാണ് ടീമിനെ കൂട്ടത്തർച്ചയിൽനിന്ന് രക്ഷിച്ചത്. എന്നാൽ, അക്കർമാനെ ഷാദാബ് ഖാൻ വിക്കറ്റിനു മുന്നിൽ കുരുക്കി. 27 റൺസുമായാണ് താരം മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ നായകനും മടങ്ങിയതോടെ നെതർലൻഡ്‌സിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. നായകനു പിന്നാലെ വാലറ്റവും ഒന്നും ചെയ്യാനാകാതെ പവലിയനിൽ ഒന്നിനു പിറകെ ഒന്നായി തിരിച്ചെത്തി. ബാക് ബൗളർമാരിൽ മൂന്ന് വിക്കറ്റെടുത്ത ഷാദാബ് ആണ് തിളങ്ങിയത്. എന്നാൽ, റൺസ് വിട്ടുകൊടുക്കാതെ പേസർമാരാണ് ഷാദാബിന് കാര്യങ്ങൾ എളുപ്പമാക്കിയത്. നാല് ഓവറിൽ നസീം ഷാ 11ഉം ഷാഹിൻഷാ 19 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടുപേർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. മൂന്ന് ഓവർ എറിഞ്ഞ ഹാരിസ് റഊഫ് വിട്ടുകൊടുത്തത് പത്ത് റൺസ് മാത്രം. ഒരു വിക്കറ്റും ലഭിച്ചു. മൂന്ന് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് വസീം രണ്ട് വിക്കറ്റും കൊയ്തു.

മറുപടി ബാറ്റിങ്ങിൽ പാകിസ്താന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മൂന്നാം മത്സരത്തിലും രണ്ടക്കം കടക്കാനാകാതെ രണ്ടാം ഓവറിൽ തന്നെ നായകൻ ബാബർ മടങ്ങി. വെറും നാല് റണ്ണുമായി റൺഔട്ടായാണ് ഇത്തവണ പുറത്തായത്. കരുതലോടെ കളിച്ച ഓപണർ മുഹമ്മദ് റിസ്‌വാൻ ആണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. അർധസെഞ്ച്വറിക്ക് ഒറ്റ റൺ അകലെ റിസ്‌വാൻ വിക്കറ്റ് കീപ്പർ കൂടിയായ ഡച്ച് നായകൻ എഡ്വേഡ്‌സിന് ക്യാച്ച് നൽകി മടങ്ങി.39 പന്ത് നേരിട്ട് നാല് ഫോർ സഹിതമായിരുന്നു റിസ്‌വാന്റെ ഇന്നിങ്‌സ്. ആദ്യ മത്സരത്തിനിറങ്ങിയ ഫഖർ സമാൻ 20 റൺസുമായും ഷാൻ മസൂദ് 12 റൺസുമായും പുറത്തായി.

നെതർലൻഡ്‌സ് ബൗളർമാരും മികച്ച പ്രകടനമാണ് പെർത്തിലെ ബൗളർമാരുടെ സ്വർഗത്തിൽ പുറത്തെടുത്തത്. ബ്രാൻഡൻ ഗ്ലോവർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. പോൾ വാൻ മീകെരന് ഒരു വിക്കറ്റും ലഭിച്ചു.

Summary: Pakistan beat Netherlands by 6 wickets in T20I World Cup 2022

TAGS :

Next Story