കമ്മിൻസിന്റെ വാക്ക് അച്ചട്ടായി; മോദി സ്‌റ്റേഡിയത്തില്‍ 1.30 ലക്ഷം നിശബ്ദമായ രാത്രി!
അന്ന് റിക്കി പോണ്ടിങ്ങും സംഘവും ചെയ്തത് ഇന്ന് കമ്മിൻസും സംഘവും ഇന്ത്യയോട് ചെയ്തു. ബിഗ് ഗെയിമിൽ പ്രൊഫഷണലിസത്തിന്റെ സർവരൂപവും പുറത്തെടുക്കുന്ന ഓസീസ് ശീലം ഒരിക്കൽകൂടി ക്രിക്കറ്റ് ലോകം നേരിൽകണ്ടു, അനുഭവിച്ചു, ആസ്വദിച്ചു
അഹ്മദാബാദ്: മോദി സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിനുമുൻപ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് സഹതാരങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു; ഒട്ടും സൗഹൃദപരമല്ലാത്തൊരു പ്രേക്ഷകർക്കു മുന്നിൽ കളിക്കണമെന്ന വെല്ലുവിളി ഏറ്റെടുക്കുക! 1.30 ലക്ഷത്തോളം വരുന്ന കാണികളാൽ നിറയുന്ന ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കു വേണ്ടിയുള്ള ആരവങ്ങളല്ലാതെ മറ്റൊന്നും അവർ ആദ്യമേ പ്രതീക്ഷിച്ചിരുന്നില്ല. വാർത്താ സമ്മേളനത്തിൽ ഒരുകാര്യം കൂടി കമ്മിൻസ് ഓർമിപ്പിച്ചു:
''ആൾക്കൂട്ടം ഉറപ്പായും ഒരുപക്ഷത്തായിരിക്കുമെന്ന സത്യം ഉൾക്കൊണ്ടേ മതിയാകൂ. എന്നാൽ, ഇത്രയും വലിയൊരു ആൾക്കൂട്ടം നിശബ്ദമായിപ്പോകുന്നത് കേൾക്കുന്നതിലും സംതൃപ്തി തരുന്ന മറ്റൊന്നും കളിയില്ല. അതാണു നാളെ ഞങ്ങളുടെ ലക്ഷ്യവും.''
ഇന്ന് 1.30 ലക്ഷം വരുന്ന ഗാലറിക്കുമുന്നിൽ ആ വാക്കുകൾ അച്ചട്ടാകുമ്പോൾ അതിത്രയും വരുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. വെറും 10 ഓവർ മാത്രമാണ് ഇന്ത്യ ഈ മത്സരത്തിലുണ്ടായിരുന്നത്. രോഹിത് ശർമ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിച്ച് ടീം ഇന്ത്യയെ വമ്പൻ സ്‌കോറിലേക്കു നയിച്ച അ പവർപ്ലേയിൽ മാത്രം. പിന്നീടെല്ലാം മഞ്ഞമയമായിരുന്നു, ഓസീസ് മാത്രമായിരുന്നു.
ടൂർണമെന്റിൽ ഒരു ടീമിനും കീഴടങ്ങാതെ അപരാജിത കുതിപ്പുമായെത്തിയ ടീമാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും, അങ്ങനെ സർവ ഡിപാർട്ട്‌മെന്റുകളിലും സർവവീര്യവും പുറത്തെടുത്തൊരു ടീം, പക്ഷെ ലോകമാമാങ്കത്തിന്റെ കലാശപ്പോര് അരങ്ങേറുന്ന വേദിയിൽ വെറും പൂച്ചകളായിപ്പോകുന്ന കാഴ്ചയായിരുന്നു ഇന്ന് മൊട്ടേര നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ.
ഇന്ത്യ ഏകപക്ഷീയമായി കൊണ്ടുപോകുമെന്നു തോന്നിച്ച കളി കമ്മിൻസ് എന്ന നായകന്റെ ക്യാപ്റ്റൻസി മികവിൽ ആസ്‌ട്രേലിയ തട്ടിപ്പറിക്കുമ്പോൾ അതിൽ ഒരുപാട് പാടങ്ങളും ചരിത്രത്തിന്റെ ആവർത്തനങ്ങളുമുണ്ട്. 2003ന്റെ ഓർമ രണ്ടു പതിറ്റാണ്ടിനുശേഷം മറ്റൊരു ദുരന്തമായി ഇന്ത്യൻ ആരാധകരെ വേട്ടയാടാൻ പോകുകയാണ്; അതും സ്വന്തം തട്ടകത്തിൽനിന്നു തലകുനിച്ചുമടങ്ങുന്നതിന്റെ വേദന തെല്ലൊന്നുമാകില്ല. അന്ന് റിക്കി പോണ്ടിങ്ങും സംഘവും ചെയ്തത് ഇന്ന് കമ്മിൻസും സംഘവും ഇന്ത്യയോട് ചെയ്തു. ബിഗ് ഗെയിമിൽ പ്രൊഫഷണലിസത്തിന്റെ സർവരൂപവും പുറത്തെടുക്കുന്ന ഓസീസ് ശീലം ഒരിക്കൽകൂടി ക്രിക്കറ്റ് ലോകം നേരിൽകണ്ടു, അനുഭവിച്ചു, ആസ്വദിച്ചു. ഇന്ത്യൻ ആരാധകർക്കതു തീരാവേദനയാകുമെങ്കിലും വലിയ ഉൾക്കാഴ്ചയും തിരിച്ചറിവും പകരുമെന്നുറപ്പ്.
Summary: Pat Cummins was right: a big crowd went silent today at Narendra Modi stadium
Adjust Story Font
16