പൃഥ്വി ഷായ്ക്കു നേരെ ആക്രമണം: ഭോജ്പുരി നടി സപ്‌ന ഗില്ലിനെ കസ്റ്റഡിയിൽ വിട്ടു
റിമാൻഡ് കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരവും ഭോജ്പുരി നടിയുമായ സപ്‌ന ഗിൽ കസ്റ്റഡിയിൽ. കേസിൽ അറസ്റ്റിലായ മറ്റു മൂന്നുപേർക്കൊപ്പമാണ് സപ്‌നയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പൊലീസ് റിമാൻഡ് അവസാനിച്ചതോടെ ഇന്ന് ഇവരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
റിമാൻഡ് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കാർ അടിച്ചുതകർത്ത ബേസ്ബാളും അക്രമികൾ സഞ്ചരിച്ച കാറും പിടിച്ചെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും താരത്തോട് സെൽഫി ആവശ്യപ്പെട്ടത്.
പൃഥ്വി ഷാ ഒരു ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം വീണ്ടും സെൽഫി ആവശ്യപ്പെട്ടു. ഇതിന് താരം വിസമ്മതിച്ചു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും തങ്ങളെ വിടണമെന്നും പൃഥ്വി അപേക്ഷിച്ചതായും പരാതിയിൽ പറയുന്നു.
ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. താരം പരാതി പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് പുറത്ത് കാത്തുനിന്ന സംഘം പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാർ തടഞ്ഞുനിർത്തി ആക്രമിച്ചു. ബേസ്ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു. ഇതിനുശേഷം പൃഥ്വി ഷായും സപ്നയും തമ്മിൽ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബേസ്ബാൾ ബാറ്റ് കൊണ്ട് താരം യുവതിയെ കൈയേറ്റം ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൃഥ്വി ഷാ തങ്ങളെ ശാരീരികമായി മർദിച്ചെന്ന് ഇവർ ആരോപിക്കുന്നുണ്ട്.
Summary: Bhojpuri actress Sapna Gill, 3 others sent to 14-day judicial custody in Cricketer Prithvi Shaw attack case
Adjust Story Font
16