'പുജാര നമ്മള്‍ ഉദ്ദേശിച്ച ആളല്ല സര്‍'; ആ പുള്‍ ഷോട്ടില്‍ നിന്ന് അമ്പയര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്: വീഡിയോ
എഴുപത്തിയൊമ്പതാം ഓവറിലെ മൊയിന്‍ അലിയുടെ ആദ്യ പന്തിലായിരുന്നു പൂജാരയുടെ ഷോട്ട്
ലീഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിലെ താളപ്പിഴകള്‍ മാറ്റി രണ്ടാം ഇന്നിങ്സ് ചെതേശ്വര്‍ പുജാരയുടെ നേതൃത്വത്തില്‍ ഇന്ത്യ ചെറുത്തുനില്‍പ്പ് തുടരുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 എന്ന നിലയിലാണ്.
മൂന്നാം ദിനം 80 ഓവര്‍ നേരിട്ട ഇന്ത്യക്ക് കരുത്തായി 180 പന്തില്‍ നിന്ന് 91 റണ്‍സോടെ പൂജാര സെഞ്ചുറിയോട് അടുത്ത് നില്‍ക്കുകയായിരുന്നു. 15 ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. അതില്‍ ഒന്ന് കടന്ന് പോയതാവട്ടെ സ്‌ക്വയര്‍ ലെഗ് അമ്പയറെ വിറപ്പിച്ചും. പൂജാരയുടെ പുള്‍ ഷോട്ടില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്‌ക്വയര്‍ ലെഗ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബര്‍ഗ് ഒഴിഞ്ഞു മാറിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എഴുപത്തിയൊമ്പതാം ഓവറിലെ മൊയിന്‍ അലിയുടെ ആദ്യ പന്തിലായിരുന്നു പൂജാരയുടെ ഷോട്ട്. ബാക്ക്ഫുട്ടീലേക്ക് നിന്ന പൂജാര കരുത്തോടെ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് പുള്‍ ഷോട്ട് കളിച്ചു. പന്ത് ദേഹത്ത് തട്ടുന്നത് ഒഴിവാക്കാന്‍ അമ്പയര്‍ പെടാപ്പാടുപെട്ടു. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും പൂജാര നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനമാണ് താരത്തിന് നേരെ ഉയര്‍ന്നത്. 2019ന് ശേഷം കോഹ് ലി രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ല. ലീഡ്‌സില്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 94 പന്തില്‍ നിന്ന് 45 റണ്‍സ് എന്ന നിലയിലാണ് കോഹ് ലി.
Adjust Story Font
16