Quantcast

ബറോഡയിൽനിന്ന് അശ്വിന്റെ 'ഡ്യൂപ്പി'നെ പൊക്കി; ടീം ഇന്ത്യയ്ക്ക് ആസ്‌ത്രേലിയയുടെ സർജിക്കൽ സ്‌ട്രൈക്ക്

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്

MediaOne Logo

Web Desk

  • Published:

    3 Feb 2023 10:46 AM GMT

Ashwinduplicate, MaheshPithiya
X

ബംഗളൂരു: ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ സർപ്രൈസ് നീക്കവുമായി ആസ്‌ട്രേലിയ. സ്പിന്നർമാരുടെ പറുദീസയായ ഇന്ത്യൻ പിച്ചുകളെ മെരുക്കാനുള്ള പതിനെട്ടാം അടവും പയറ്റുകയാണ് സന്ദർശകർ. സ്പിന്‍ കുരുക്കഴിക്കാനുള്ള സര്‍വതന്ത്രങ്ങളും ടീം പരീക്ഷിക്കുന്നുണ്ട്. ഏറ്റവും ഞെട്ടിപ്പിച്ചത് ഇന്ത്യൻ സ്പിൻ ആക്രമണത്തിന്റെ കുന്തമുനയായ രവിചന്ദ്രൻ അശ്വിന്റെ 'ഡ്യൂപ്പി'നെ വരെ ഇറക്കിയാണ് ഓസീസ് പരിശീലനം.

ആസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന ഇടങ്കയ്യൻ സ്പിന്നർ അക്‌സർ പട്ടേലിന്റെ ബൗളിങ് ദൃശ്യങ്ങൾ നിരീക്ഷിച്ച് ആസ്‌ട്രേലിയ മുന്നൊരുക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആർ. അശ്വിനുമായി ഏറെ സാമ്യത പുലർത്തുന്ന ഇന്ത്യൻ ബൗളറെ നെറ്റ്‌സിൽ എത്തിച്ച് സൂപ്പർ താരം സ്റ്റീവ് സ്മിത്ത് അടക്കമുള്ള ഓസീസ് ബാറ്റർമാർ പരിശീലനം നടത്തുന്ന വിവരമാണ് പുറത്തുവരുന്നത്. ക്രിക്കറ്റ് ലേഖകനായ ഭരത് സുന്ദരേശനാണ് വാർത്ത പുറത്തുവിട്ടത്.

ബറോഡ താരം മഹേഷ് പിതിയ ആണ് കർണാടകയിലെ ആളൂരിലുള്ള കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ(കെ.എസ്.സി.എ) പ്രാക്ടീസ് ഗ്രൗണ്ടിൽ ആസ്‌ട്രേലിയൻ ബാറ്റർമാർക്കായി പന്തെറിയുന്നത്. നിലവിൽ പുരോഗമിക്കുന്ന സീസണിലാണ് താരം രഞ്ജി അരങ്ങേറ്റം കുറിച്ചത്. സീസണിൽ ഇതുവരെ ബറോഡയ്ക്കായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് എട്ടു വിക്കറ്റും നേടിയിട്ടുണ്ട്. ബൗളിങ് ആക്ഷനിലും ശൈലികളിലുമടക്കം അശ്വിനോട് സാമ്യത പുലർത്തുന്ന താരത്തിന് ഇന്ത്യൻ സീനിയർ താരത്തെപ്പോലെ ബാറ്റും വഴങ്ങും. നാല് മത്സരങ്ങളിൽനിന്ന് 116 റൺസ് അടിച്ചെടുത്തിട്ടുണ്ട് മഹേഷ്. ഇതിൽ ഒരു അർധസെഞ്ച്വറിയും ഉൾപ്പെടും.

ബൗളിങ് സമാനത കാരണം നേരത്തെ തന്നെ 'അശ്വിൻ' എന്ന വിളിപ്പേര് ലഭിച്ചിരുന്നു മഹേഷിന്. രഞ്ജിയിലെ അരങ്ങേറ്റത്തോടെ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ആസ്‌ട്രേലിയയ്ക്കായി നെറ്റ്‌സിൽ പന്തെറിയുന്നതിന്റെ വിഡിയോ മഹേഷ് പിതിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഒൻപതിന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലും നാലാം മത്സരം അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലും നടക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്.

Summary: Australia gets 'Ravichandran Ashwin duplicate' Mahesh Pithiya to train ahead of Border-Gavaskar Trophy Test series against India

TAGS :

Next Story