ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം; പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്തിയേക്കും
രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്ക് അയക്കുമ്പോൾ ഈ ടീമിന്റെ പരിശീലക ചുമതല ആരെ ഏൽപ്പിക്കുമെന്ന കാര്യത്തിൽ ബി.സി.സി.ഐ നേരിടുന്ന ആശയക്കുഴപ്പത്തിന് മറുപടിയായാണ് ദ്രാവിഡിലേക്ക് വിരൽ നീളുന്നത്
ജൂലൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനായേക്കും. അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീം, തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കഴിഞ്ഞേ ഇന്ത്യയിലേക്ക് തിരിച്ചെത്തൂ എന്നാണ് സൂചനകൾ. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.
അതേസമയം, ശ്രീലങ്കൻ പര്യടനം നിശ്ചയിച്ചിരിക്കുന്നതാകട്ടെ ജൂലൈയിലും. അതുകൊണ്ട് തന്നെ നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ ഒന്നാം നിര ടീം ആ സമയം ഇംഗ്ലണ്ടിലായിരിക്കും. ജൂലൈയിൽ തങ്ങളുടെ രണ്ടാം നിര ടീമുമായാകും ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിന് പോവുക.
രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്ക് അയക്കുമ്പോൾ ഈ ടീമിന്റെ പരിശീലക ചുമതല ആരെ ഏൽപ്പിക്കുമെന്ന കാര്യത്തിൽ ബി.സി.സി.ഐ നേരിടുന്ന ആശയക്കുഴപ്പത്തിന് മറുപടിയായാണ് ദ്രാവിഡിലേക്ക് വിരൽ നീളുന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനാണ് രാഹുൽ ദ്രാവിഡ്. യുവനിരയെ ഏറ്റവും കാക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റൊരു ഓപ്ഷൻ ബി.സി.സി.ഐക്ക് ഉണ്ടാകില്ല. ഇതോടെ ടീമിന്റെ പരിശീലക ചുമതല ദ്രാവിഡിനെ ഏൽപ്പിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മുൻപ് ഇന്ത്യൻ ടീം അംഗം ആയിരുന്നപ്പോൾ ടീം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ എന്നും സന്നദ്ധതയോടെ നിന്ന വ്യക്തിയാണ് ദ്രാവിഡ് . അതിനാലാകാം വിശ്വസ്തന്‍ എന്ന വിളിപ്പേരും ദ്രാവിഡിനെ തേടിയെത്തിയത്. കരിയർ അവസാനിച്ചിട്ടും ആ വിശ്വാസം ദ്രാവിഡ് കാത്തു. വരാനിരിക്കുന്ന ക്രിക്കറ്റ് തലമുറയെ എങ്ങനെ നയിക്കണം എന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ ഇന്ന് വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്. ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയാണ് രാഹുല്‍ ദ്രാവിഡ് ചുമതല നോക്കുന്നത്. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു.
Adjust Story Font
16