Quantcast

'അഞ്ചു കോടി വേണ്ട, മറ്റുള്ളവർക്ക് കിട്ടുന്ന രണ്ടരക്കോടി മതി'; ബോണസ് വേണ്ടെന്നു വച്ച് രാഹുൽ ദ്രാവിഡ്

ടീം ഇന്ത്യക്ക് 125 കോടി രൂപയുടെ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    10 July 2024 11:07 AM GMT

rahul dravid
X

മുംബൈ: ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക പാതിയാക്കി കുറച്ച് ടീം ഇന്ത്യ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. തന്റെ കീഴിലുള്ള സ്റ്റാഫുകൾക്ക് ലഭിക്കുന്ന അതേ തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിക്കുകയായിരുന്നു. കളിക്കാർക്കും ഹെഡ് കോച്ചിനും അഞ്ചു കോടി രൂപയാണ് ക്രിക്കറ്റ് ബോർഡ് ബോണസ് പ്രഖ്യാപിച്ചിരുന്നത്. ദ്രാവിഡ് ഒഴികെയുള്ള പരിശീലകർക്ക് രണ്ടരക്കോടി രൂപയും.

ടീം അംഗങ്ങൾ, കോച്ചിങ് സ്റ്റാഫ്, സപ്പോർട്ടിങ് സറ്റാഫ്, റിസര്‍വ് അംഗങ്ങള്‍ എന്നിവർക്കാകെ 125 കോടി രൂപയുടെ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. സ്വന്തം സമ്മാനത്തുക കുറയ്ക്കാൻ ദ്രാവിഡ് ഇടപെട്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

'കോച്ചിങ് സ്റ്റാഫിലെ മറ്റുള്ളവർക്ക് ലഭിക്കുന്ന അതേ തുക (2.5 കോടി) തന്നെ മതിയെന്ന് രാഹുൽ ആവശ്യപ്പെടുകയായിരുന്നു. ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി ദിലീപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരാണ് കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ വികാരം മാനിച്ചു.' - ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

2018 ൽ അണ്ടർ 19 ടീം ലോകകപ്പ് നേടിയ വേളയിലും രാഹുൽ സമാനമായ നിലപാടെടുത്തിരുന്നു. ദ്രാവിഡിന് അമ്പത് ലക്ഷം രൂപയും കളിക്കാർക്ക് 30 ലക്ഷം രൂപാ വീതവും സപ്പോർട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപാ വീതവുമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. ദ്രാവിഡ് ഇത് നിരസിച്ച് എല്ലാവർക്കും തുല്യമായി പാരിതോഷികം വീതിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ദ്രാവിഡ് അടക്കം സപ്പോട്ടിങ് സംഘത്തിലെ എല്ലാവർക്കും 25 ലക്ഷം രൂപാ വീതം ലഭിച്ചു.

കിരീടനേട്ടത്തോടെ ടീം ഇന്ത്യയുടെ പരിശീലക പദവി ഒഴിഞ്ഞ ദ്രാവിഡിനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററാകാൻ സമീപിച്ചിട്ടുണ്ട്. കൊൽക്കത്തയുടെ മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന സാഹചര്യത്തിലാണിത്. ഐപിഎല്ലിൽ നേരത്തെ രാജസ്ഥാൻ റോയൽസിന്റെയും ഡൽഹി ഡെയർ ഡെവിൾസിന്റെയും മെന്ററായിരുന്നു ദ്രാവിഡ്. ഇന്ത്യൻ കോച്ചാകുന്നതിന് മുമ്പ് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്നു.

TAGS :

Next Story