Quantcast

റാഷിദ് ഖാൻ വാക്ക് പാലിച്ചു; ഇർഫാനും-നൃത്തംവച്ച് ആഘോഷം, വിഡിയോ വൈറൽ

ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാനിസ്താൻ ഏകദിന ചരിത്രത്തിലാദ്യമായി പാകിസ്താനെയും തോൽപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-24 05:55:25.0

Published:

24 Oct 2023 3:41 AM GMT

Rashid Khan’s dance with Irfan Pathan goes viral after Afghanistan’s win over Pakistan in ICC Cricket World Cup 2023, Rashid Khan’s dance with Irfan Pathan, ICC ODI Cricket World Cup 2023, CWC23,
X

ചെന്നൈ: ക്രിക്കറ്റിൽ തങ്ങളൊരു ചെറിയ മീനല്ലെന്ന് ആവർത്തിച്ചു തെളിയിക്കുകയാണ് അഫ്ഗാനിസ്താൻ. പാകിസ്താനോട് ആദ്യമായി ഒരു ഏകദിനം വിജയിച്ചു ചരിത്രമെഴുതിയതു മാത്രമല്ല, ഇത്തവണ ലോകകപ്പിലെ രണ്ടാം വിജയം കൂടിയാണ് ഇന്നലെ അവർ കുറിച്ചത്. നിലവിലെ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് അവർ ലോകകപ്പിലെ തേരോട്ടം ആരംഭിച്ചതെന്നതാണ് ഏറ്റവും വലിയ വിസ്മയം. ഒരു ഓവർ ബാക്കിനിൽക്കെ എട്ടുവിക്കറ്റിന്റെ ആധികാരിക ജയമാണ് അഫ്ഗാനിസ്താൻ ഇന്നലെ അയൽക്കാർക്കെതിരെ കുറിച്ചത്.

അതിനിടെ, മത്സരശേഷമുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. അഫ്ഗാൻ വിജയാഘോഷത്തിനിടയിലേക്ക് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ നൃത്തംവച്ചു കടന്നുചെല്ലുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനൊപ്പമാണ് ഇർഫാൻ നൃത്തംവച്ച് സന്തോഷം പങ്കിടുന്നത്.

റാഷിദ് ഖാൻ തന്റെ വാക്ക് പാലിച്ചു, ഞാനും പാലിച്ചിരിക്കുന്നു എന്നാണ് ഇർഫാൻ നൃത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിച്ചത്. കൂട്ടത്തിൽ മികച്ച ടീം വിജയിച്ചുവെന്നും ഇർഫാൻ പറഞ്ഞു. നേരത്തെ, പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ ക്യാപ്റ്റൻസിയെയും മുൻ ഇന്ത്യൻ ഓൾറൗണ്ടർ വിമർശിച്ചിരുന്നു. ബാബറിന്റെ ക്യാപ്റ്റൻസി ശരാശരി നിലവാരത്തിലുള്ളതാണെന്നും കളി കൈയിൽനിന്നു വഴുതിപ്പോകാൻ വിടുകയാണ് താരം ചെയ്യുന്നതെന്നുമായിരുന്നു ഇർഫാൻ വിമർശനം.

ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 282 എന്ന ഭേദപ്പെട്ട സ്‌കോറാണ് ഉയർത്തിയത്. അഫ്ഗാൻ സ്പിന്നർമാർ പിടിമുറുക്കിയ മത്സരത്തിൽ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ബാബർ അസമും(74) യുവതാരം അബ്ദുല്ല ഷഫീഖും(58) ആണ് പച്ചപ്പടയെ തുണച്ചത്. അവസാന ഓവറുകളിൽ ഷാദാബ് ഖാന്റെയും(40) ഇഫ്തിഖാർ അഹ്മദിന്റെയും(40) വെടിക്കെട്ട് പ്രകടനമാണ് 282 എന്ന സ്‌കോറിലേക്ക് പാകിസ്താനെ എത്തിച്ചത്.

എന്നാൽ, കൃത്യമായ കണക്കുകൂട്ടലോടെയുള്ള ചേസിങ് ആണ് എം.എ ചിദംബരം സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. ഓപണർമാരായ റഹ്മാനുല്ല ഗുർബാസും(65) ഇബ്രാഹിം സദ്രാനും(87) പാകിസ്താന് ഒരു നിലയ്ക്കും പിടിനൽകിയില്ല. ടീമിനെ ശക്തമായ നിലയിലെത്തിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. തുടർന്നെത്തിയ റഹ്മത്ത് ഷായും(77*) ക്യാപ്റ്റൻ ഹസ്മത്തുല്ല ഷാഹിദിയും(48*) ദൗത്യം വളരെ വൃത്തിയായി പൂർത്തിയാക്കുകയും ചെയ്തു.

Summary: Rashid Khan’s dance with Irfan Pathan goes viral after Afghanistan’s win over Pakistan in ICC Cricket World Cup 2023

TAGS :

Next Story