Quantcast

'അവൾ വന്ന ശേഷം കുടുംബത്തിൽ പ്രശ്‌നങ്ങള്‍; മകനുമായി ഒരു ബന്ധവുമില്ല'; മരുമകള്‍ റിവബയ്‍ക്കെതിരെ ജഡേജയുടെ പിതാവ്, പ്രതികരിച്ച് താരം

ജാംനഗർ നോർത്തിൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച ജഡേജയുടെ സഹോദരി നയ്‌നബയെ തോൽപിച്ചായിരുന്നു റിവബ നിയമസഭയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-02-09 10:36:06.0

Published:

9 Feb 2024 10:20 AM GMT

Ravindra Jadeja’s father Anirudhsingh Jadeja alleges strained relation with son, accuses daughter-in-law Rivaba of rift in the family. The Indian cricketer denies the allegations of father, Ravindra Jadeja, Jadeja wife, Rivaba, Jadeja father Anirudhsinh Jadeja
X

രവീന്ദ്ര ജഡേജയും ഭാര്യ റിവബയും, അനിരുദ്ധ് സിന്‍ഹ ജഡേജ(വലത്ത്)

അഹ്മദാബാദ്: ഗുജറാത്ത് എം.എൽ.എയും ബി.ജെ.പി നേതാവുമായ റിവബയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവ്. റിവബയുമായുള്ള കല്യാണത്തിനുശേഷം മകനുമായി ഒരു ബന്ധവുമില്ലെന്നും മരുമകൾ വന്ന ശേഷം കുടുംബത്തിൽ ആകെ കുഴപ്പമാണെന്നും പിതാവ് അനിരുദ്ധ് സിൻഹ് ജഡേജ പറഞ്ഞു. എന്നാൽ, അഭിമുഖത്തിലെ വെളിപ്പെടുത്തലുകളെല്ലാം വസ്തുതാവിരുദ്ധമാണെന്നു വിശദീകരിച്ച് ജഡേജ രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്ത് മാധ്യമമായ 'ദിവ്യ ഭാസ്‌ക്കറി'നു നൽകിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ. രവീന്ദ്രയുമായും ഭാര്യ റിവബയുമായും തീരെ ബന്ധമില്ലെന്ന് അനിരുദ്ധ് സിൻഹ് പറഞ്ഞു. ഞങ്ങൾ അവരെ വിളിക്കാറോ അവർ ഞങ്ങളെ വിളിക്കാറോ ഇല്ല. അവരുടെ വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷമാണു കുഴപ്പങ്ങൾക്കെല്ലാം തുടക്കമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

''ഞാനിപ്പോൾ ജാംനഗറിൽ ഒറ്റയ്ക്കാണു താമസം. രവീന്ദ്ര സ്വന്തം ബംഗ്ലാവിലും കഴിയുന്നു. ഒരേ നഗരത്തിലാണു ജീവിക്കുന്നതെങ്കിലും അവനെ കാണാറില്ല. ഭാര്യ അവനുമേൽ എന്ത് മായാജാലമാണു കാണിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. അവൻ എന്റെ മകനാണ്. ഏറെ വേദനാജനകമാണിത്. അവൻ വിവാഹം കഴിക്കേണ്ടിയിരുന്നില്ല, ക്രിക്കറ്റ് താരമാകേണ്ടിയിരുന്നില്ല എന്നൊക്കെ ആഗ്രഹിച്ചുപോകുകയാണിപ്പോൾ.

എല്ലാം തന്റെ പേരിലേക്കു മാറ്റണമെന്നാണു കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിയുമ്പോൾ അവൾ എന്നോട് പറഞ്ഞത്. അവൾ ഞങ്ങളുടെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. അവൾക്കു കുടുംബം വേണ്ട, സ്വതന്ത്രമായി ജീവിക്കണം. എനിക്കോ നയ്‌നബയ്‌ക്കോ(ജഡേജയുടെ സഹോദരി) ഒക്കെ പിഴവുണ്ടാകാം. എന്നാൽ, കുടുംബത്തിലെ 50 പേരും കുഴപ്പക്കാരാകുന്നതെങ്ങനെയാണ്?''

അവർക്കു കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും വിദ്വേഷം മാത്രമാണുള്ളതെന്നെന്നും അനിരുദ്ധ് ആരോപിച്ചു. ഒന്നും മറച്ചുവയ്ക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൊച്ചുമകളുടെ മുഖം ഒരിക്കൽ പോലും കാണാൻ കിട്ടിയിട്ടില്ല. എല്ലാം അവന്റെ ഭാര്യവീട്ടുകാരാണ് കൈകാര്യം ചെയ്യുന്നതെന്നും അനിരുദ്ധ് സിൻഹ ജഡേജ കൂട്ടിച്ചേർത്തു.

എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. തിരക്കഥ തയാറാക്കി അവതരിപ്പിച്ച അഭിമുഖത്തിലുള്ളതെല്ലാം അവഗണിക്കണമെന്ന് താരം എക്‌സിൽ ഗുജറാത്തി ഭാഷയിൽ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ആവശ്യപ്പെട്ടു. ദിവ്യ ഭാസ്‌ക്കറിലെ ദുരൂഹമായ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം നിരർത്ഥകവും തെറ്റുമാണെന്ന് താരം വ്യക്തമാക്കി. ഏകപക്ഷീയമായ ആ പരാമർശങ്ങളെല്ലാം ഞാൻ നിഷേധിക്കുന്നു. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ അനുചിതവും അപലപനീയവുമാണ്. എനിക്കും ഒരുപാട് പറയാനുണ്ട്. എന്നാൽ, എല്ലാം ഇപ്പോൾ പരസ്യമായി പറയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ജാംനഗർ നോർത്തിലെ ബി.ജെ.പി എം.എൽ.എയാണ് റിവബ. കോൺഗ്രസ് ബാനറിൽ മത്സരിച്ച ജഡേജയുടെ സഹോദരി നയ്‌നബയെ തോൽപിച്ചായിരുന്നു അവർ നിയമസഭയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നയ്‌നബയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി അനിരുദ്ധ് സിൻഹ് ജഡേജ സജീവമായിരുന്നു.

Summary: Ravindra Jadeja’s father Anirudhsingh Jadeja alleges strained relation with son, accuses daughter-in-law Rivaba of rift in the family. The Indian cricketer denies the allegations

TAGS :

Next Story