Quantcast

'ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം'; ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ

മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തുന്ന പോലെ ബംഗ്ലാദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടു നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യയും സമാനമായ നിലപാട് സ്വീകരിക്കണമെന്ന് ഹിന്ദു ജനജാഗ്രതി കത്തിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    16 Sep 2024 4:46 PM GMT

Right-Wing groups, Hindu Janajagruti Samiti and Manav Seva Pratishthan ask BCCI to cancel IND vs BAN tests & t20I series alleging violence against Hindus in Bangladesh
X

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്നു ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ. ഹിന്ദു ജനജാഗ്രതി സമിതിയും മാനവസേവ പ്രതിഷ്ഠാനുമാണ് ആവശ്യമുയർത്തി ബിസിസിഐഐയ്ക്കും കേന്ദ്ര സർക്കാരിനും കത്തു നൽകിയത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം നടക്കുമ്പോൾ ഇത്തരമൊരു മത്സരവുമായി മുന്നോട്ടുപോകുന്നത് അനുവദിക്കാനാകില്ല. ഹിന്ദുക്കളുടെ മുറിവിൽ എരിവ് പുരട്ടുന്ന നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഈ മാസം 19നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനം തുടങ്ങുന്നത്. ഇന്ത്യയുമായി ടെസ്റ്റ്-ടി20 പരമ്പരകളാണു നടക്കാനിരിക്കുന്നത്. എന്നാൽ, രണ്ടു പരമ്പരയും റദ്ദാക്കണമെന്നാണ് ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐ സ്‌പെഷൽ എക്‌സിക്യൂട്ടീവ് ഓഫിസരെ നേരിൽ കണ്ടാണ് സംഘടനകൾ നിവേദനം സമർപ്പിച്ചത്.

ഹിന്ദു ജനജാഗ്രതി സമിതി നേതാവ് അഡ്വ. അനീഷ് പരാൽക്കർ, മാനവസേവ പ്രതിഷ്ഠാൻ നേതാവ് വിനായക് ഷിൻഡെ, അഡ്വ. രാഹുൽ പട്കർ, രവീന്ദ്ര ദസരി, സന്ദീപ് തുൽസാകർ എന്നിവരാണ് ബിസിസിഐ പ്രതിനിധിയെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായികമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ എന്നിവർക്കും ഇതേ നിവേദനം അയച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ രാജിക്കു പിന്നാലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണെന്നാണ് ജനജാഗ്രതി സമിതി ആരോപിക്കുന്നത്. ഗ്രാമീണ മേഖലയിലെല്ലാം ഹിന്ദുക്കൾ ഭീതിയിലാണു കഴിയുന്നതെന്നും ഇവർ വാദിക്കുന്നു. മുസ്‌ലിം സമുദായത്തിനെതിരായ ഏത് ആക്രമണത്തിനെതിരെയും മുസ്‌ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്താറുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടു നടക്കുന്ന ആക്രമണങ്ങളിലും ഇതേ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും ഹിന്ദു ജനജാഗ്രതി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ബംഗ്ലാദേശിൽ മതഭ്രാന്തർ ഹിന്ദുക്കളെ പച്ചയ്ക്കു കൊല്ലുകയും അവരുടെ വീടുകൾ ചുട്ടുകരിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ഭൂമി പിടിച്ചടയ്ക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് അവരുമായി ക്രിക്കറ്റ് കളിക്കാനാകുന്നതെന്ന് കത്തിൽ ചോദിക്കുന്നു. ഇത് ഒരിക്കലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും അടിയന്തരമായി തന്നെ മത്സരങ്ങൾ റദ്ദാക്കണമെന്നും ഹിന്ദുത്വ സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

രണ്ട് ടെസ്റ്റും മൂന്ന് ടി20 മത്സരങ്ങളുമാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 27ന് കാൺപൂരിലും നടക്കും. ഒക്ടോബർ ആറിന് ഗ്വാളിയോറിലും ഒൻപതിന് ഡൽഹിയിലും 12ന് ഹൈദരാബാദിലും ടി20 മത്സരങ്ങളും നടക്കും.

Summary: Right-Wing groups, Hindu Janajagruti Samiti and Manav Seva Pratishthan ask BCCI to cancel IND vs BAN tests & t20I series alleging violence against Hindus in Bangladesh

TAGS :

Next Story