Quantcast

'റിങ്കു ആ ബാറ്റ് ചോദിച്ചു, കൊടുക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല'; വെളിപ്പെടുത്തലുമായി നിതീഷ് റാണ

മികച്ച ടച്ചിലുണ്ടായിരുന്ന വെങ്കിടേഷ് അയ്യരും ക്യാപ്റ്റൻ നിതീഷ് റാണയും കൂടാരം കയറിയതോടെ വിജയസാധ്യതകൾ അടഞ്ഞിടത്തുനിന്നാണ് റിങ്കു സിങ് കൊൽക്കത്തയുടെ രക്ഷകനായി അവതരിച്ചത്

MediaOne Logo

Web Desk

  • Published:

    11 April 2023 4:34 AM GMT

RinkuSinghusedNitishRanasbat, RinkuSinghNitishRanabat, RinkuSinghrecordsixes
X

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഞായറാഴ്ച നടന്ന കൊൽക്കത്ത-ഗുജറാത്ത് നാടകീയ മത്സരം തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. റിങ്കു സിങ്ങിന്റെ മാസ്മരിക ഇന്നിങ്‌സിന്റെ ഷോക്കിലാണ് ഒരുപോലെ കൊൽക്കത്ത, ഗുജറാത്ത് ആരാധകർ. അവസാന ഓവറിൽ ജയിക്കാൻ കൊൽക്കത്തയ്ക്ക് 29 റൺസ് വേണ്ടിടത്ത് ഗുജറാത്തിന്റെ യാഷ് ദയാലിനെ തുടരെ അഞ്ച് സിക്‌സറുകൾ പറത്തിയാണ് റിങ്കു താനൊരു ഹീറോയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്.

എന്നാൽ, റിങ്കു സിങ് അത്ഭുതം സൃഷ്ടിച്ച ആ ബാറ്റ് തന്റേതാണെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കൊൽക്കത്ത നായകൻ നിതീഷ് റാണ. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് മുതൽ താൻ കളിച്ചുകൊണ്ടിരുന്ന ബാറ്റായിരുന്നു അത്. റിങ്കു സിങ് നേരത്തെ തന്നോട് ബാറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും താൻ കൊടുത്തിരുന്നില്ലെന്നും റാണ വെളിപ്പെടുത്തി.

'ഇതെന്റെ ബാറ്റാണ്. ഈ ബാറ്റ് കൊണ്ടാണ് കഴിഞ്ഞ രണ്ട് മത്സരം ഞാൻ കളിച്ചത്. കഴിഞ്ഞ മുഷ്താഖ് അലി ടി20 ടൂർണമെന്റിലും ഇതേ ബാറ്റ് തന്നെയായിരുന്നു ഉപയോഗിച്ചത്. അവസാനത്തെ നാലഞ്ച് മത്സരങ്ങൾ ഇതേ ബാറ്റ് കൊണ്ടാണ് കളിച്ചത്. എന്നാൽ, ഇന്ന് ബാറ്റ് മാറ്റിയിരുന്നു.'-നിതീഷ് റാണ പറഞ്ഞു.

റിങ്കു എന്നോട് ഈ ബാറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എനിക്കത് കൊടുക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് ആരോ അകത്തുനിനിന്ന് വന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു. അത് റിങ്കു കൊണ്ടുപോകുമെന്ന് ഉള്ളിൽ പറയുകയായിരുന്നു ഞാൻ. ആ ബാറ്റ് പിടിക്കാൻ നല്ല സുഖമാണ്. എന്റെ ശരീരഭാരത്തിനൊത്ത കുറഞ്ഞ ഭാരമാണ് അതിനുള്ളത്. ഏതായാലും ആ ബാറ്റിപ്പോൾ റിങ്കുവിന്റേതാണ്; എന്റേതല്ല-റാണ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് സായ് സുദർശന്റെയും(53) വിജയ് ശങ്കറിന്റെയും(63) അർധസെഞ്ച്വറികളുടെ കരുത്തിൽ 205 എന്ന മികച്ച ടോട്ടലാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരും(83) ക്യാപ്റ്റൻ റാണയും(45) കളംനിറഞ്ഞ് കളിച്ചെങ്കിലും അൽസാരി ജോസഫിന്റെ പന്തിൽ പാതിവഴിയിൽ ഇരുവരും വീണു. ഇതോടെ കൊൽക്കത്തയുടെ വിജയസാധ്യതകൾ അടഞ്ഞിടത്തുനിന്നാണ് റിങ്കു സിങ് രക്ഷകനായി അവതരിച്ചത്. 21 പന്ത് നേരിട്ട് 228.57 സ്‌ട്രേറ്റ് റേറ്റിൽ 48 റൺസാണ് റിങ്കു അടിച്ചെടുത്തത്. അവസാന ഓവറിലെ അഞ്ചെണ്ണമടക്കം ആറ് സിക്‌സറും ഒരു ഫോറും ഇന്നിങ്‌സിന് കൊഴുപ്പേകി.

Summary: KKR captain Nitish Rana reveals that Rinku Singh used his bat to hit record five consecutive sixes against GT in IPL 2023

TAGS :

Next Story