Quantcast

മാത്യു ഹൈഡന് ഖുർആൻ സമ്മാനിച്ച് റിസ്‌വാൻ; മറക്കാനാകാത്ത നിമിഷമെന്ന് ഓസീസ് ഇതിഹാസം

ഇപ്പോള്‍ ദിവസവും ഖുര്‍ആനില്‍നിന്ന് അല്‍പം വായിക്കാറുണ്ടെന്ന് മുന്‍ ഓസീസ് ഇതിഹാസ താരം മാത്യു ഹൈഡന്‍

MediaOne Logo

Web Desk

  • Published:

    10 Nov 2021 3:29 PM GMT

മാത്യു ഹൈഡന് ഖുർആൻ സമ്മാനിച്ച് റിസ്‌വാൻ; മറക്കാനാകാത്ത നിമിഷമെന്ന് ഓസീസ് ഇതിഹാസം
X

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരമായ മാത്യു ഹൈഡൻ. യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനത്തിൽ ഭാഗമാകാനായതിന്റെ സന്തോഷത്തിലാണ് ഹൈഡനുള്ളത്. ഇതോടൊപ്പം, പാക് താരങ്ങളുടെ ആത്മീയബോധവും അച്ചടക്കവും കണ്ട് വിസ്മയഭരിതനുമാണ് അദ്ദേഹം.

ഓസീസ് മാധ്യമമായ 'ന്യൂസ് കോർപ് ഓസ്‌ട്രേലിയ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഹൈഡൻ പാക് ടീമിലെ അനുഭവങ്ങൾ പങ്കുവച്ചത്. പാകിസ്താന്റെ പുത്തൻ താരോദയമായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ തനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആ നിമിഷം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഹൈഡൻ പറയുന്നു.

''അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാകില്ല. ഒരു ക്രിസ്ത്യാനിയാണെങ്കിലും ഇസ്‍ലാമിനെക്കുറിച്ച് ഏറെ ജിജ്ഞാസയുള്ളയാളാണ് ഞാൻ. ഒരാൾ ക്രിസ്തുവിനെയും മറ്റൊരാൾ മുഹമ്മദിനെയുമാണ് പിന്തുടരുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരിക്കലും പരസ്പരം കണ്ടുമുട്ടേണ്ടതില്ലാത്തവർ. എന്നാൽ, അവൻ എനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചു''-അഭിമുഖത്തിൽ ഹൈഡൻ പറയുന്നു.

അരമണിക്കൂറോളം ഒപ്പമിരുന്ന് സംസാരിച്ചു ഞങ്ങൾ. ദിവസവും ഖുർആനിൽനിന്ന് ചെറിയ ഭാഗങ്ങൾ വായിക്കുന്നുണ്ട് ഇപ്പോള്‍. തനിക്ക് ഏറ്റവും പ്രിയപ്പട്ടവരിൽ ഒരാളാണ് റിസ്സി(റിസ്‌വാൻ). അത്രയും മികച്ചൊരു മനുഷ്യനാണവനെന്നും മാത്യു ഹൈഡൻ അഭിപ്രായപ്പെട്ടു.

പാക് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചും വാചാലനാണ് ഹൈഡൻ. ഡ്രെസ്സിങ് റൂമിൽ താരങ്ങളുടെ പെരുമാറ്റവും എളിമയും കണ്ട് അത്ഭുതപ്പെട്ടു. ഭയങ്കര രസമായിരുന്നു അത്. എന്തുമാത്രം വിനയാന്വിതരും മിതഭാഷികളുമാണവർ! അവരുടെ ആഴത്തിലുള്ള ആത്മീയതയാണ് അതിനു കാരണം. ഒരു പാശ്ചാത്യനായതുകൊണ്ടു തന്നെ ആ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും അനുരണനങ്ങൾ നിങ്ങൾ തിരിച്ചറിയുന്നില്ല. അവരുടെ അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ഒരു ലിഫ്റ്റിനുള്ളിൽ വച്ചാണ് സമയമാകുന്നതെങ്കിൽ അവർ നമസ്‌കരിക്കുന്നതു കാണാമെന്നും ഹൈഡൻ കൂട്ടിച്ചേർത്തു.

TAGS :

Next Story