Quantcast

എഴുന്നേറ്റു നിന്ന് കൈയടിച്ചു; രോഹിതിനെ വീരോചിതം വരവേറ്റ് ഇംഗ്ലീഷ് കാണികൾ

256 പന്തിൽ നിന്ന് 14 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 127 റൺസാണ് രോഹിത് സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    5 Sep 2021 7:39 AM GMT

എഴുന്നേറ്റു നിന്ന് കൈയടിച്ചു; രോഹിതിനെ വീരോചിതം വരവേറ്റ് ഇംഗ്ലീഷ് കാണികൾ
X

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീരോചിത സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപണർ രോഹിത് ശർമ്മയെ ആഹ്ലാദപൂർവം വരവേറ്റ കാണികൾ. രോഹിത് സെഞ്ച്വറി പൂർത്തിയാക്കിയ വേളയിൽ ഓവലിലെ ഇംഗ്ലണ്ട് ആരാധകർ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ആദരമർപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

256 പന്തിൽ നിന്ന് 14 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 127 റൺസാണ് രോഹിത് സ്വന്തമാക്കിയത്. വിദേശമണ്ണിൽ ഹിറ്റ്മാന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. സ്പിന്നർ മോയിൻ അലിയെ ഗ്യാലറിയിലെത്തിച്ചാണ് രോഹിത് ശതകം പൂർത്തിയാക്കിയത്. ടെസ്റ്റിൽ രോഹിത്തിന്റെ എട്ടാം സെഞ്ച്വറിയാണിത്. എല്ലാ ഫോർമാറ്റുകളിലുമായി ഇംഗ്ലണ്ടിലെ ഒമ്പതാമത്തേയും. ഇക്കാര്യത്തിൽ വന്മതിൽ രാഹുൽ ദ്രാവിഡിനെയാണ് രോഹിത് മറികടന്നത്.

ഇംഗ്ലണ്ടിൽ രണ്ടായിരം റൺസ് പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ താരവുമായി മാറി രോഹിത്. ക്രിക്കറ്റിന്റെ ജന്മനാട്ടിൽ ടി20, ഏകദിനം, ടെസ്റ്റ് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടുന്ന ഏക താരവുമാണ്. ഓപണർ എന്ന നിലയിൽ 11000 റൺസ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. വെറും 246 ഇന്നിങ്‌സുകളാണ് ഇതിനായി വേണ്ടി വന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ രോഹിതിന് മുകളിലുള്ളത്. 241 ഇന്നിങ്‌സിൽ നിന്നാണ് സച്ചിൻ ഇത്രയും റൺസ് സ്വന്തമാക്കിയത്. രോഹിതിന് താഴെ ഓസീസിന്റെ മാത്യു ഹെയ്ഡൻ (251), സുനിൽ ഗവാസ്‌കർ (258), ഗോർഡോൻ ഗ്രീനിഡ്ജ് (261) എന്നിവരാണുള്ളത്.

ഓവൽ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് രോഹിത് സെഞ്ചുറിയോടെ ഇന്ത്യൻ തിരിച്ചുവരവിന്റെ നായകനായത്. ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രോഹിത് ഇന്ത്യയുടെ രക്ഷകനായത്. ഒന്നാം ഇന്നിങ്‌സിൽ 99 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ 171 റൺസ് ലീഡാണുള്ളത്.

TAGS :

Next Story