ഒരേ വിമാനത്തിൽ, ഒരൊറ്റ ഫ്രെയിമിൽ ക്രിക്കറ്റ് ഇതിഹാസങ്ങൾ; അപൂർവചിത്രം പങ്കുവച്ച് സച്ചിൻ
കാൺപൂരിൽനിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് സച്ചിൻ പുറത്തുവിട്ടത്
കാൺപൂർ: ലോകക്രിക്കറ്റിലെ ഇതിഹാസങ്ങൾ ഒരിക്കൽകൂടി നേർക്കുനേർ ഏറ്റുമുട്ടുന്ന അപൂർവകാഴ്ചകളുടെ വേദിയാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ്. ക്രിക്കറ്റിൽനിന്ന് വിരമിച്ച സൂപ്പർ താരങ്ങളുടെ പോരാട്ടമായ റോഡ് സേഫ്റ്റി ടൂർണമെന്റിന്റെ രണ്ടാം പതിപ്പിന് കഴിഞ്ഞ ശനിയാഴ്ച കാൺപൂരിൽ തുടക്കമായിരുന്നു. ടൂർണമെന്റിനിടെ ക്രിക്കറ്റ് ആരാധകരുടെ മനസ് നിറയ്ക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ.
ടൂർണമെന്റിൽ പങ്കെടുക്കുന്ന മുൻ താരങ്ങളെല്ലാം ഒരേ വിമാനത്തിൽ സഞ്ചരിക്കുന്ന ചിത്രമാണ് മാസ്റ്റർ ബ്ലാസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കാൺപൂരിൽനിന്ന് അടുത്ത വേദിയായ ഇൻഡോറിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് താരം ആരാധകർക്ക് സർപ്രൈസായി പുറത്തുവിട്ടത്. 'ഈ ചിത്രത്തിൽ എത്ര അന്താരാഷ്ട്ര റൺസും വിക്കറ്റുമുണ്ടെന്ന് പറയാമോ' എന്ന ചോദ്യവും അടിക്കുറിപ്പായി ഇട്ടിട്ടുണ്ട്.
ചിത്രത്തിൽ മുൻനിരയിൽ യുവരാജ് സിങ്ങിനൊപ്പമാണ് സച്ചിൻ ഇരിക്കുന്നത്. പിന്നിൽ, ഓസീസ് താരങ്ങളായിരുന്ന ബ്രെട്ട് ലീ, ഷെയിൻ വാട്‌സൻ, മുൻ ന്യൂസിലൻഡ് പേസർ ഷെയിൻ ബോണ്ട് തുടങ്ങിയ വലിയ നിരയെ തന്നെ കാണാം.
ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്‌സിനെ നയിക്കുന്നത് സച്ചിനാണ്. സൗത്താഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ആസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകളെല്ലാം തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഇൻഡോറിനുശേഷം ഡെറാഡൂൺ, റായ്പൂർ എന്നിവിടങ്ങളിലും വിവിധ മത്സരങ്ങൾ നടക്കുന്നുണ്ട്. ആദ്യ സെമി ഈ മാസം 28നും രണ്ടാം സെമി 29നും റായ്പൂരിൽ നടക്കും. ഒക്ടോബർ ഒന്നിനാണ് ഫൈനൽ. റായ്പൂർ തന്നെയാണ് വേദി.
Summary: Sachin Tendulkar shares rare image of retired cricket stars travelling in the same flight as part of Road Safety World Series 2022
Adjust Story Font
16