'ക്യാപ്റ്റൻ ദ്രാവിഡായിരുന്നെങ്കിലും ഞാന്‍ ധോണിയോട് അഭിപ്രായങ്ങൾ തേടുമായിരുന്നു'; വെളിപ്പെടുത്തി സച്ചിൻ
രാഹുൽ ദ്രാവിഡിനു പകരം നായകനാകാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടപ്പോൾ ധോണിയെ നിർദേശിക്കുകയായിരുന്നുവെന്ന് സച്ചിൻ
ന്യൂഡൽഹി: 2007 ലോകകപ്പിനു മുന്നോടിയായി എം.എസ് ധോണിയെ നായകനായി നിർദേശിച്ചത് താനാണെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. രാഹുൽ ദ്രാവിഡിനു പകരക്കാരനായി നായകനാകാൻ ബി.സി.സി.ഐ സമീപിച്ചപ്പോഴാണ് ധോണിയെ നിർദേശിച്ചതെന്നും സച്ചിൻ വെളിപ്പെടുത്തി. 'ഇൻഫോസിസ്' സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഇംഗ്ലണ്ടിലായിരിക്കുമ്പോഴാണ് ക്യാപ്റ്റൻസി ഓഫർ വരുന്നത്. ജൂനിയറായൊരു മികച്ച നായകൻ നമ്മുടെ ടീമിലുണ്ടെന്ന് ഞാൻ പറഞ്ഞു. അവനെ സൂക്ഷ്മമായി ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. താരവുമായി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഫീൽഡിൽ കൂടുതലും ഫസ്റ്റ് സ്ലിപ്പിലായിരിക്കും ഞാനുണ്ടാകുക. ഓരോ സമയത്തും ഞാൻ അവന്റെ അഭിപ്രായം തേടും-സച്ചിൻ ഓർത്തെടുത്തു.
'ക്യാപ്റ്റൻ ദ്രാവിഡാണെങ്കിലും ഞാൻ അവനോട് അഭിപ്രായം തേടും. അവന്റെ അടുത്തുനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വളരെ സന്തുലിതവും ശാന്തവും അതിലേറെ പക്വവുമായിരുന്നു. എപ്പോഴും എതിരാളികളുടെ ഒരുപടി മുന്നിൽ നിൽക്കാനാകുന്നതാണ് മികച്ച ക്യാപ്റ്റൻസി. അത്രയും മിടുക്കനാണെങ്കിൽ, നമ്മൾ പറയാറില്ലേ, ആവേശത്തോടെയല്ല, വിവേകപൂർവം കളിക്കൂവെന്നെല്ലാം. അങ്ങനെയില്ലെങ്കിൽ പെട്ടെന്ന് പത്തു പന്തിൽ 10 വിക്കറ്റ് വീഴ്ത്താനൊന്നുമാകില്ല.'
കൃത്യമായ ആസൂത്രണം വേണം. ഒടുക്കം സ്‌കോർബോർഡാണ് എല്ലാവരും നോക്കുക. അത്തരം യോഗ്യതകൾ ഞാൻ ധോണിയിൽ കണ്ടിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ പേര് താൻ നിർദേശിച്ചതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
2007ലെ കന്നി ടി20 ലോകകപ്പിനു തൊട്ടുമുൻപായിരുന്നു ധോണി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. താരത്തിന്റെ 26-ാം വയസിലായിരുന്നു ഇത്. മുതിർന്ന താരങ്ങളെ പുറത്തിരുത്തി യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച ധോണി കിരീടവുമായാണ് തിരിച്ചുവന്നത്.
Summary: ''Though Rahul was the captain, I would ask him, and the feedback I received was very balanced, calm, yet very mature'', Sachin Tendulkar reveals the reason why he recommended MS Dhoni's name for India's captaincy
Adjust Story Font
16