അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറി; ലോകറെക്കോര്‍ഡുമായി ബിഹാറിലെ 22കാരന്‍
ബിഹാർ ബാറ്ററായ 22കാരൻ സാക്കിബുൽ ഗനിയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം റെക്കോർഡ് ബുക്കിലെത്തിച്ചത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറി നേടി ലോകറെക്കോര്‍ഡ് നേട്ടം. ഏതൊരു തുടക്കക്കാരനും ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ അരങ്ങേറ്റം... രഞ്ജി ട്രോഫിയിലെ മിസോറാം-ബിഹാര്‍ മത്സരത്തിലാണ് അപൂര്‍വ റെക്കോര്‍ഡ് നേട്ടം പിറന്നത്. ബിഹാര്‍ ബാറ്ററായ 22കാരന്‍ സാക്കിബുല്‍ ഗനിയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം റെക്കോർഡ് ബുക്കിലെത്തിച്ചത്.
ഒരു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരത്തിലെ അരങ്ങേറ്റക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഗനി സ്വന്തമാക്കിയിരിക്കുന്നത്. അരങ്ങേറ്റത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ ഗനി അടിച്ചുകൂട്ടിയത് 341 റൺസാണ്. 405 പന്തിൽ 56 ഫോറും രണ്ടു സിക്സറുമടങ്ങുന്നതായിരുന്നു ഗനിയുടെ ഇന്നിങ്സ്. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ താരമാണ് ഗനി.
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ 267 റണ്‍സ് നേടിയ മധ്യപ്രദേശ് താരം അജയ് റൊഹേരയുടെ പേരിലായിരുന്നു ഇതിനുമുമ്പ് ലോകറെക്കോര്‍ഡ്. ഹൈദരാബാദിനെതിരെയായിരുന്നു റൊഹേരയുടെ പ്രകടനം. 2018–19 സീസണിലായിരുന്നു മധ്യപ്രദേശ് താരത്തിന്‍റെ റെക്കോര്‍ഡ് നേട്ടം. ഈ റെക്കോര്‍ഡാണ് സാക്കിബുല്‍ ഗനി പഴങ്കഥയാക്കിയത്.
WORLD RECORD for Bihar's Debutant Sakibul Gani. Brings up his Triple Century just now and became the first player in History to score a triple Century in First Class debut. Last best was Ajay Rohera of MP where he scored 267 in his FC debut in 2018. #RanjiTrophy #CricDomesti pic.twitter.com/H08BHuiETk
— 🏏CricDomestic🏏 (@_CricDomestic) February 18, 2022
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചുനടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ഗനിയുടെ നേട്ടം. മിസോറാമിനെതിരെ ബിഹാറിനായാണ് യുവതാരം സാകിബുല്‍ ഗനി അരങ്ങേറ്റത്തില്‍ പാഡ് കെട്ടിയത്. ബിഹാര്‍ മൂന്നിന് 71 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗനി ക്രീസിലെത്തുന്നത്. സഹതാരം ബാബുൽ കുമാറിനൊപ്പം അതിവേഗം ബാറ്റുവീശിയ ഗനി നാലാം വിക്കറ്റ് പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 756 പന്തിലാണ് 538 റൺസാണ് ടീമിന് നേടിക്കൊടുത്തത്. 405 പന്തിൽ 56 ഫോറും രണ്ടു സിക്സറുമുള്‍പ്പടെ 341 റണ്‍സ് നേടിയ സാക്കിബുല്‍ ഗനി പുറത്താകുമ്പോഴേക്കും ടീം സ്കോര്‍ 609 റണ്‍സെടുത്തിരുന്നു.
ഇരട്ടസെഞ്ച്വറി പിന്നിട്ട ബാബുൽ കുമാർ 229 റൺസെടുത്ത് പുറത്താകാതെ നിന്നു. 398 പന്തുകൾ നേരിട്ട താരം 27 ഫോറും ഒരു സിക്സും ഉള്‍പ്പടെയാണ് 229 റൺസെടുത്തത്. 686 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ ബിഹാര്‍ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
Adjust Story Font
16