'സഞ്ജുവിനെ പുറത്തിരുത്താൻ കാരണമുണ്ട്'; വിശദീകരണവുമായി സഞ്ജയ് ബംഗാർ
നാളെ ആരംഭിക്കുന്ന ഇന്ത്യ-ആസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണിന് ഇടംലഭിച്ചിട്ടില്ല
സഞ്ജയ് ബംഗാര്‍, സഞ്ജു സാംസണ്‍
മുംബൈ: ലോകകപ്പിനുശേഷവും മലയാളി താരം സഞ്ജു സാംസണിനോടുള്ള ബി.സി.സി.ഐയുടെ അവഗണന തുടരുകയാണ്. ലോകകപ്പിനു പിന്നാലെ പ്രഖ്യാപിച്ച ആസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് ഇടമില്ല. ഇപ്പോഴിതാ സഞ്ജു തഴയപ്പെടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.
ഇഷൻ കിഷനാണ് ടീമിന്റെ ആദ്യത്തെ വിക്കറ്റ് കീപ്പർ ചോയ്‌സ് എന്ന കാര്യം വ്യക്തമാണെന്ന് സഞ്ജയ് പറഞ്ഞു. യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമയ്ക്ക് ഒരു അവസരം നൽകുക കൂടി ഇതോടൊപ്പം അവർ(ടീം മാനേജ്‌മെന്റ്) താൽപര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർ സ്‌പോർട്‌സിനു നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന് അവസരം ലഭിക്കാത്തിനു കാരണമായി സഞ്ജയ് ബംഗാർ ഇക്കാര്യം വിശദീകരിച്ചത്.
സൂപ്പർ താരം വിരാട് കോഹ്ലിക്ക് ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നാണു തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഹ്ലിയുടെ (റൺസിനായുള്ള) ദാഹം ദൈവം വരദാനമായി നൽകിയതാണ്. എന്തോ പ്രത്യേകത അദ്ദേഹത്തിനുണ്ട്. സച്ചിനു വരെ ഒരു കിരീടത്തിനായി ആറു ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ദൈവത്തിന്റെ പരീക്ഷണമാകും. അടുത്ത ലോകകപ്പ് കൂടി കളിക്കാനായിരിക്കും ദൈവഹിതം. ആ ഗോൾഡ് മെഡൽ അദ്ദേഹം സ്വന്തമാക്കുമെന്നു നമുക്ക് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാമെന്നും ബംഗാർ കൂട്ടിച്ചേർത്തു.
നാളെയാണ് ഇന്ത്യ-ആസ്‌ട്രേലിയ ടി20 പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിനുശേഷം സീനിയർ താരങ്ങൾക്കു വിശ്രമം നൽകിയപ്പോൾ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ഋതുരാജ് ഗെയ്ക്ക്‌വാദ് വൈസ് ക്യാപ്റ്റനുമാണ്. നാളെ വൈകീട്ട് ഏഴിന് വിശാഖപട്ടണത്താണ് മത്സരം. 26ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും 28ന് ഗുവാഹത്തിയിലെ എ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഡിസംബർ ഒന്നിന് നാഗ്പൂരിലും മൂന്നിന് ഹൈദരാബാദിലുമാണു മറ്റു മത്സരങ്ങൾ.
മറ്റ് ടീം അംഗങ്ങൾ: ഇഷൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർശ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.
ആസ്‌ട്രേലിയൻ സ്‌ക്വാഡ്: മാത്യു വെയ്ഡ്(ക്യാപ്റ്റൻ), ആരോൺ ഹാർഡി, ജേസൻ ബെഹ്‌റെൻഡോഫ്, ഷോൺ അബൊട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്‌റ്റോയ്‌നിസ്, കെയിൻ റിച്ചാർഡ്‌സൺ, ആദം സാംപ.
Summary: Sanjay Bangar explains the reasons behind the exclusion of Sanju Samson from India's T20I squad against Australia
Adjust Story Font
16