Quantcast

'ധോണി ക്രീസിലുണ്ടെങ്കിൽ ഒരു ഡാറ്റ കൊണ്ടും കാര്യമില്ല'; ത്രില്ലർ പോരിനുശേഷം സഞ്ജു സാംസൺ

'ക്രീസിലുണ്ടെങ്കിൽ ധോണിക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്.'

MediaOne Logo

Web Desk

  • Updated:

    2023-04-13 10:37:10.0

Published:

13 April 2023 10:29 AM GMT

SanjuSamsonaboutMSDhoni, SanjuSamson, MSDhoni, RajasthanRoyalsvsChennaiSuperKings
X

ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ നിരായുധനാക്കിയ സന്ദീപ് ശർമയുടെ കിടിലൻ യോർക്കറുകളിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ മൂന്നാം വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാൻ സ്പിന്നർമാർ കൈപിടിയിലാക്കിയ മത്സരം അവസാന ഓവറുകളിൽ ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് തട്ടിപ്പറിക്കുമെന്ന് കരുതിയിടത്തുനിന്നാണ് സന്ദീപിന്റെ വമ്പൻ തിരിച്ചുവരവിൽ ചെന്നൈയെ മൂന്ന് റൺസിന് സഞ്ജുവും സംഘവും തോൽപിച്ചത്.

എന്നാൽ, ധോണിക്കെതിരെ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ധോണി ക്രീസിലുണ്ടെങ്കിൽ ഒരു പ്ലാനുകൊണ്ടും കാര്യമില്ലെന്നായിരുന്നു സഞ്ജു സാംസൺ പ്രതികരിച്ചത്. ധോണിക്കെതിരെ ഒരു ഡാറ്റയും ഫലപ്രദമാകില്ലെന്നും താരം വ്യക്തമാക്കി. അവസാന രണ്ട് ഓവറുകളിൽ മത്സരം വരുതിയിലാണെന്ന തോന്നലുണ്ടായിരുന്നോ എന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തോടുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

'ഇല്ല. ക്രീസിൽ അയാൾ(ധോണി) ഉണ്ടാകുമ്പോൾ ഒരിക്കലുമുണ്ടാകില്ല. അദ്ദേഹത്തിന് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാവരും മത്സരത്തിന്റെ ഭാഗമായിരുന്നു. അവസാന പന്തുവരെ കളി തീർന്നിട്ടുണ്ടായിരുന്നില്ല.'

ടീമിന്റെ ഡാറ്റാ വിഭാഗത്തിനൊപ്പം ഇരുന്ന് ഒരുപാട് ആസൂത്രണങ്ങളും ഗവേഷണങ്ങളും നടത്തുന്നുണ്ട് ഞാൻ. എന്നാൽ ആര്, ഏത് സമയത്ത് ബൗൾ ചെയ്യണമെന്നതടക്കം ഒരുപാട് തീരുമാനങ്ങൾ ഗ്രൗണ്ടിൽ എടുക്കേണ്ടിവരും. ഞാൻ ആകെ രണ്ട് പന്താണ് കളിച്ചത്. എന്നാൽ, സെഞ്ച്വറി നേടിയപോലെ ശരിക്കും ക്ഷീണിച്ചുപോയിരുന്നു. ഒരുപാട് ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്-സഞ്ജു പറഞ്ഞു.

ധോണിയെ തടയാൻ എന്തെങ്കിലും ഡാറ്റ ടീമിന്റെ കൈയിലുണ്ടായിരന്നോ എന്നായി മഞ്ജരേക്കറുടെ ചോദ്യം. എന്നാൽ, അയാൾ ക്രീസിലുണ്ടാകുമ്പോൾ എന്തു ഡാറ്റ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ധോണിക്കെതിരെ ഒരു ഡാറ്റയും ഫലിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടകത്തിൽ ജോസ് ബട്‌ലറുടെ വെടിക്കെട്ടിൽ കൂറ്റൻ സ്‌കോറിലേക്കു കുതിച്ച രാജസ്ഥാൻ ഇന്നിങ്‌സിനെ ചെന്നൈ സ്പിന്നർമാർ 175 എന്ന സ്‌കോറിലേക്ക് ചുരുക്കിക്കെട്ടുകയായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചഹലിനുമൊപ്പം ആദം സാംപയെക്കൂടി ഇറക്കിയായിരുന്നു സഞ്ജുവിന്റെ തന്ത്രപരമായ നീക്കം. അവസാന ഓവറുകളിലെ ധോണിയുടെയും ജഡേജയുടെയും വെടിക്കെട്ടില്ലായിരുന്നെങ്കിൽ ചെന്നൈയ്ക്ക് സ്വന്തം തട്ടകത്തിൽ ഇതിലും വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. മത്സരത്തിലെ കുറഞ്ഞ ഓവർനിരക്കിന് സഞ്ജുവിന് 12 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്.

Summary: 'No data, works against that guy', Sanju Samson about MS Dhoni after Rajasthan Royals' last over thriller against Chennai Super Kings

TAGS :

Next Story