Quantcast

ആ പന്ത് കാൻസർരോഗിയായ കുഞ്ഞിന്; ഒപ്പിട്ടുനൽകിയത് സഞ്ജു

രണ്ടാം ഏകദിനം അർബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിരുന്നു. അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാൻ സിംബാബ്‌വേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു

MediaOne Logo

Web Desk

  • Published:

    20 Aug 2022 3:25 PM GMT

ആ പന്ത് കാൻസർരോഗിയായ കുഞ്ഞിന്; ഒപ്പിട്ടുനൽകിയത് സഞ്ജു
X

ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും തകർത്തുകളിച്ച് മത്സരത്തിലെ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ലോങ് ഓഫിനു മുകളിലൂടെ സിക്‌സർ പറത്തി ഇന്ത്യയ്ക്ക് പരമ്പരയിലെ തുടർച്ചയായ രണ്ടാം വിജയം സമ്മാനിച്ച സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരമാണ് മത്സരത്തിൽ മലയാളി താരം സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിലെ തകർപ്പൻ പ്രകടനത്തിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകാനും താരത്തിനായി.

രണ്ടാം ഏകദിനം അർബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നേരത്തെ സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിരുന്നു. അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാൻ സിംബാബ്‌വേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. ഹൃദയസ്പർശിയായൊരു അനുഭവമാണിതെന്ന് ആറു വയസുകാരന് പന്തിൽ ഒപ്പിട്ടുനൽകിയ ശേഷം സഞ്ജു പ്രതികരിച്ചു. സിംബാബ്‌വേ ബാലന് ദേശീയ ടീമിന്റെ ജഴ്‌സിയും 500 ഡോളരും ക്രിക്കറ്റ് ബോർഡ് സമ്മാനിച്ചിട്ടുണ്ട്.

സഞ്ജു നിറഞ്ഞാടിയ ദിനം

ബാറ്റിങ്ങിലും കീപ്പിങ്ങിലും ഒരുപോലെ നിറഞ്ഞാടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ മത്സരത്തിൽ സഞ്ജുവിനായി. എല്ലാം തികഞ്ഞൊരു സഞ്ജുദിനം എന്നു വേണമെങ്കിൽ ഈ ദിവസത്തെ വിശേഷിപ്പിക്കാം. ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വലതു ഭാഗത്തേക്ക് ചാടിയുള്ളൊരു അസാധ്യ ഡൈവിങ്ങിലൂടെയാണ് സഞ്ജു ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

സിറാജിന്റെ പന്തിൽ എഡ്ജായി സിംബാബ്വേ ഓപണർ തകുഡ്സ്വനാഷെ കൈതാനോയെ മാസ്മരികമായൊരു ഡൈവിലൂടെ സഞ്ജു സാംസൺ പിടികൂടുകയായിരുന്നു. പിന്നാലെ തുടർച്ചയായി രണ്ട് സിംബാബ്‌വേ ബാറ്റർമാരെ കൂടി സഞ്ജു കീപ്പിങ് മികവിൽ കൂടാരം കയറ്റി. ഓപണർ ഇന്നസെന്റ് കൈയയെ ഷർദുൽ താക്കൂറും മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധവീറിനെ പ്രസിദ് കൃഷ്ണയും സഞ്ജുവിന്റെ കൈയിലെത്തിച്ചു.

സിംബാബ്‌വേ ഉയർത്തിയ 161 റൺസ് എന്ന ചെറിയ ലക്ഷ്യം ഇന്ത്യ 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ അനായാസം മറികടക്കുമ്പോൾ സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറൺ കുറിച്ചതും സഞ്ജു തന്നെ. തുടക്കത്തിൽ തന്നെ നായകൻ കെ.എൽ രാഹുലിനെയും പിന്നാലെ ഇഷൻ കിഷനെയും പറഞ്ഞയച്ച് തുടക്കത്തിൽ ഞെട്ടിപ്പിച്ചു സിംബാബ്‌വേ ബൗളർമാർ. നിലയുറപ്പിച്ചുകളിച്ച ശിഖർ ധവാനും ശുഭ്മൻ ഗില്ലും പവലിയനിൽ തിരിച്ചെത്തിയതോടെ സിംബാബ്‌വേ മത്സരത്തിൽ തിരിച്ചുവരികയാണെന്നാണ് കരുതിയത്.

എന്നാൽ, തുടർന്നങ്ങോട്ടായിരുന്നു സഞ്ജുവിന്റെ സംഹാരതാണ്ഡവം. കരുതലോടെ തുടങ്ങി നിലയുറപ്പിച്ച ശേഷം സിംബാബ്‌വേ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു താരം. 39 പന്തിൽ മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റൺസ് അടിച്ചെടുത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. ഗാലറിയിൽനിന്നുള്ള 'സഞ്ജു, സഞ്ജു' ആർപ്പുവിളികൾക്കിടയിലായിരുന്നു മനോഹരമായൊരു പടുകൂറ്റൻ സിക്‌സറിലൂടെ സഞ്ജുവിന്റെ ഫിനിഷിങ് ടച്ച്.

Summary: Sanju Samson said "It was so touching" after signing the match ball to the kid who is fighting against cancer after match winning innings in the 2nd ODI against zimbabwe

TAGS :

Next Story