'സഞ്ജു ധോണിയുടെ ക്വാളിറ്റിയുള്ള നായകന്‍, ശാന്തന്‍, പക്വമതി'; പ്രശംസ ചൊരിഞ്ഞ് രവി ശാസ്ത്രി
'സ്പിന്നർമാരെ വളരെ മികച്ച നിലയിലാണ് സഞ്ജു ഉപയോഗിച്ചത്. മൂന്നു സ്പിന്നർമാരെ കളത്തിലിറക്കി, എല്ലാവരെയും സമർത്ഥമായി ഉപയോഗിക്കാൻ നല്ലൊരു ക്യാപ്റ്റനെക്കൊണ്ടേ ആകൂ.'
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പക്വതയുള്ള നായകനാണ് സഞ്ജുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എസ് ധോണിക്ക് സമാനമായ ഗുണങ്ങൾ മലയാളി താരത്തിനുമുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെ 32 റൺസിന് തകർത്തതിനു പിന്നാലെയാണ് രവി ശാസ്ത്രിയുടെ പ്രതികരണം. 'വളരെ ശാന്തനും സമചിത്തനുമാണ് സഞ്ജു. താരങ്ങളുമായി വളരെ മികച്ച നിലയിൽ ആശയവിനിമയം നടത്തുന്നുണ്ട്. സഞ്ജുവിൽ നൈസർഗികമായി തന്നെ ഒരു ക്യാപ്റ്റനുണ്ട്. നായകനെന്ന നിലയ്ക്ക് ഇപ്പോൾ പക്വമതിയുമായിരിക്കുന്നു.'-രവി ശാസ്ത്രി പറഞ്ഞു.
'സ്പിന്നർമാരെ വളരെ മികച്ച നിലയിലാണ് സഞ്ജു ഉപയോഗിച്ചത്. മൂന്നു സ്പിന്നർമാരെ കളത്തിലിറക്കി, എല്ലാവരെയും സമർത്ഥമായി ഉപയോഗിക്കാൻ നല്ലൊരു ക്യാപ്റ്റനെക്കൊണ്ടേ ആകൂ. സി.എസ്.കെപ്പോലൊരു ശക്തമായൊരു ടീമിനെ ഒരേ സീസണിൽ രണ്ടു തവണ തോൽപിക്കുക അത്ര എളുപ്പമല്ല. മികച്ച മുന്നൊരുക്കത്തിലൂടെയും കിടിലൻ തന്ത്രങ്ങളിലൂടെയും സഞ്ജു അതു സാധിച്ചിരിക്കുന്നു. യശസ്വി ജെയ്‌സ്വാളിന്റെ ബാറ്റിങ്ങും സഞ്ജുവിന്റെ ക്യാപ്റ്റൻസിയുമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. എല്ലാ പ്രശംസയും അർഹിക്കുന്നത് സഞ്ജുവാണ്.'
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സഞ്ജു അദ്ദേഹം അത്ര തൃപ്തനായിരുന്നില്ല. പുറത്ത് കാണിക്കില്ലെങ്കിലും ജയിക്കാമായിരുന്ന മത്സരങ്ങളിലുള്ള ടീമിന്റെ ബാറ്റിങ് പ്രകടനത്തിൽ നിരാശയുണ്ടായിരുന്നു. ചുരുങ്ങിയത് ജയിക്കാമായിരുന്ന ഒരു മത്സരമെങ്കിലും കൈയിൽനിന്ന് പോയതാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
നെറ്റ് റൺറേറ്റിന്റെ ബലത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. എട്ട് കളിയിൽനിന്ന് അഞ്ച് ജയവും പത്തു പോയിന്റുമാണ് സഞ്ജുവിന്റെ സംഘത്തിനുള്ളത്. എട്ടു മത്സരങ്ങളിൽനിന്ന് പത്ത് പോയിന്റുമായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് രണ്ടാം സ്ഥാനത്ത്. ഏഴ് കളിയിൽനിന്ന് പത്തു പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസും എട്ട് കളിയിൽനിന്ന് പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പർ കിങ്‌സുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
Summary: ''Sanju Samson has similar qualities to MS Dhoni, he has matured as a captain, uses spinners very well'', says impressed Ravi Shastri
Adjust Story Font
16