Quantcast

തുടങ്ങിയത് ഇവിടെ നിന്ന്... ഇന്ന് നായകന്‍; സഞ്ജുവിന്‍റെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് ഒന്‍പത് വര്‍ഷം

41 പന്തില്‍ 63 റണ്‍സുമായി വീണ്ടും സഞ്ജു സാംസണ്‍ ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ പ്ലേയര്‍ ഓഫ് ദ മാച്ച്.

MediaOne Logo

Web Desk

  • Updated:

    2022-04-14 15:28:39.0

Published:

14 April 2022 3:08 PM GMT

തുടങ്ങിയത് ഇവിടെ നിന്ന്... ഇന്ന് നായകന്‍; സഞ്ജുവിന്‍റെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് ഒന്‍പത് വര്‍ഷം
X

''സെലക്ഷനിടയില്‍ ദ്രാവിഡ് സര്‍ എന്നോടുവന്ന് ചോദിച്ചു, രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കാന്‍ താല്‍പര്യമുണ്ടോ...?'' അന്ന് മീശ പോലും മുളച്ചിട്ടില്ലാത്ത സഞ്ജു സാംസണ്‍ എന്ന മലയാളി പയ്യന്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനാണ്. ഐ.പി.എല്ലിലേക്കുള്ള സഞ്ജു സാംസണ്‍ എന്ന മലയാളി ബ്രാന്‍ഡിന്‍റെ എന്‍ട്രി ആയിരുന്നു അത്.

സഞ്ജു സാംസണ്‍ ഐ.പി.എല്‍ അരങ്ങേറിയിട്ട് ഇന്ന് ഒന്‍പത് വര്‍ഷം തികയുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ജഴ്സിയില്‍ ആദ്യ മത്സരം പഞ്ചാബിനെതിരെ ആയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസണ്‍ എന്ന 19 കാരന്‍ വരവറിയിച്ചു. അടുത്ത മത്സരം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരെ... 41 പന്തില്‍ 63 റണ്‍സുമായി വീണ്ടും സഞ്ജു സാംസണ്‍ ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ പ്ലേയര്‍ ഓഫ് ദ മാച്ച്. ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും സഞ്ജു ആ മത്സരത്തിലൂടെ സ്വന്തം പേരില്‍ കുറിച്ചു. പത്ത് ഇന്നിങ്സില്‍ നിന്ന് 206 റണ്‍സും ആറ് സ്റ്റമ്പിങ്ങുമായി മിന്നുന്ന ഫോമില്‍ സീസണ്‍ അവസാനിപ്പിച്ച സഞ്ജു തന്നെയായിരുന്നു ആ ടൂര്‍ണമെന്‍റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

2012 ല്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് സഞ്ജുവിനെ സ്ക്വാഡിലുള്‍പ്പെടുത്തിയിരുന്നെങ്കിലും സൈഡ്ബെഞ്ചിലിരിക്കാനായിരുന്നു വിധി. അന്നൊരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ പറ്റാതെ പോയ സഞ്ജു അതിന്‍റെ എല്ലാ നിരാശയും അടുത്ത സീസണില്‍ രാജസ്ഥാനിലെത്തി തീര്‍ത്തു.


പിന്നീട് സഞ്ജു സാംസണ്‍ ഒരു ബ്രാന്‍ഡ് ആയി വളരുന്ന കാഴ്ചയാണ് ഇന്ത്യന്‍ കളിപ്രേമികള്‍ കണ്ടത്. താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ചുരുക്കം. 2016 ല്‍ രാജസ്ഥാന്‍ റോയല്‍സിന് ഐ.പി.എല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്ക് വന്നപ്പോള്‍ മാത്രമാണ് സഞ്ജു മറ്റൊരു ടീമില്‍ കളിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയായിരുന്നു സഞ്ജു ആ രണ്ട് സീസണുകളില്‍ കളിച്ചത്.

ഡല്‍ഹിയിലും സഞ്ജു തന്‍റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തു. സഞ്ജുവിന്‍റെ കരിയറിലെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയും ആ സീസണുകളിലൊന്നിലാണ് പിറന്നത്. ധോണിയുടെ റൈസിങ് പുണെ ജയന്‍റ്സിനെതിരെയായിരുന്നു സഞ്ജുവിന്‍റെ ആറാട്ട്. 62 പന്തിലാണ് സഞ്ജു അന്ന് തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 96 ല്‍ നില്‍ക്കെ ആദം സാംപയെ സിക്സറിന് തൂക്കി സെഞ്ച്വറിയിലെത്തിയ സഞ്ജുവിന്‍റെ കോണ്‍ഫിഡന്‍സ് ലെവല്‍ കളി കണ്ടവരാരും മറക്കില്ല. 2017 സീസണില്‍ 386 റണ്‍സുമായി സഞ്ജു ഡല്‍ഹിയുടെ ടോപ്സ്കോററുമായി.

2018 ല്‍ വീണ്ടും രാജസ്ഥാന്‍ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തി. ഇതിനോടകം സഞ്ജു തന്‍റെ പ്രകടനം കൊണ്ട് ഒറ്റക്ക് കളി തിരിക്കാന്‍ കഴിവുള്ള താരമായിക്കഴിഞ്ഞിരുന്നു. രാജസ്ഥാന്‍ തിരിച്ചുവരവില്‍ വീണ്ടും സഞ്ജുവിനെ ടീമിലെത്തിച്ചു. 2018 സീസണില്‍ രാജസ്ഥാനായി സഞ്ജു 441 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നൂറ് ഐ.പി.എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന് നേട്ടവും ഇതിനോടകം സഞ്ജുവിനെ തേടിയെത്തി. ഒടുവില്‍ അര്‍ഹിച്ച അംഗീകാരം പോലെ രാജസ്ഥാന്‍റെ ക്യാപ്റ്റന്‍ ക്യാപ് സഞ്ജുവിനെ തേടിയെത്തി. 2021 സീസണിലാണ് സഞ്ജുവിനെ ക്യാപ്റ്റനായി രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു മലയാളി ക്രിക്കറ്റർ ഒരു ഐ.പി.എൽ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്.

ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോല പരാജയപ്പെട്ട ആസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ നായകനിരയിലേക്ക് എത്തിച്ചത്.

ഇന്ന് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ്. സഞ്ജുവിന്‍റെ നേതൃത്വത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം ഈ സീസണില്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും മുന്നിലാണ്. നാല് കളികളില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റാണ് റോയല്‍സിന്‍റെ സമ്പാദ്യം.

TAGS :

Next Story