ക്യാപ്റ്റനായി വേട്ടക്കിറങ്ങി, തിരിച്ചുകയറിയത് ഒരുപിടി റെക്കോര്‍ഡുകളുമായി; ഇത് ഗബ്ബാര്‍ ധവാന്‍
ഓപ്പണറായി ഇറങ്ങിയ ധവാന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് തിരികെ ഡ്രസിങ് റൂമിലെത്തിയത്.
ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായി ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെ വരവറിയിച്ചു. ഇന്ത്യയുടെ ജയത്തിനൊപ്പം തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും നേട്ടങ്ങളുടെ ദിവസങ്ങളായിരുന്നു ഇന്നലെ. ഓപ്പണറായി ഇറങ്ങിയ ധവാന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് തിരികെ ഡ്രസിങ് റൂമിലെത്തിയത്.
ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍
ശ്രീലങ്കക്കെതിരെ ക്യാപ്റ്റന്‍ ക്യാപ് അണിഞ്ഞ് ടോസിടാന്‍ ധവാന്‍ ഫീല്‍ഡിലെത്തിയപ്പോള്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഏകദിന ക്യാപ്റ്റന്‍റെ അരങ്ങേറ്റം കൂടിയായിരുന്നു അത്.
35 വയസ്സും 225 ദിവസവുമായിരുന്നു ഇന്നലെ ഫീല്‍ഡിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ധവാന്‍റെ പ്രായം. 34 വയസ്സ് 37 ദിവസവും പ്രായമുള്ളപ്പോള്‍ ക്യാപ്റ്റനായ മൊഹിന്ദർ അമർനാഥിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. മൊഹിന്ദർ അമർനാഥിന് തൊട്ടു താഴെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ സയ്യിദ് കിർമാനിയുമുണ്ട്. 33 വയസും 353 ദിവസവുമെത്തുമ്പോഴാണ് കിര്‍മാനിക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നറുക്ക് വീഴുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന ചരിത്രത്തിലെ 25ാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് ധവാന്‍.
ക്യാപ്റ്റനായി അദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ച്വറി
ശ്രീലങ്കയെ ചിത്രത്തില്‍ ഇല്ലാത്ത വിധം തകര്‍ത്തുകളഞ്ഞ ലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റനായ ധവാന്‍ തന്നെയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. 95 പന്തിൽ നിന്ന് 86 റൺസ് നേടി പുറത്താകാതെ നിന്ന ധവാൻ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ദ്ധസെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.
വിരാട് കോഹ്‍ലി, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ മുന്‍നിര ക്യാപ്റ്റന്‍മാര്‍ക്കുപോലും സാധിക്കാത്ത നേട്ടം കൂടിയാണ് ധവാന്‍ സ്വന്തം പേരില്‍ കുറിച്ചത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു ക്യാപ്റ്റന്‍ നായകയാനായുള്ള ആദ്യ കളിയില്‍ തന്നെ അര്‍ദ്ധ ശതകം കണ്ടെത്തുന്നത്.
ആറായിരം ക്ലബില്‍...
ഏകദിനത്തില്‍ 6,000 റണ്‍സെന്ന നഴികക്കല്ല് പിന്നിടാന്‍ 23 റണ്‍സ് കൂടി മതിയായിരുന്ന ധവാന്‍ ആ റെക്കോര്‍ഡും സ്വന്തമാക്കി ആറായിരം ക്ലബില്‍ എത്തുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി ഇതോടെ ധവാന്‍ മാറി. വിരാട് കോഹ്‌ലിക്ക് ശേഷം ഏറ്റവും കുറവ് മല്‍സരങ്ങളില്‍ നിന്ന് 6,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഇപ്പോള്‍ ധവാന്‍റെ പേരിലാണ്.
🚨 Milestone Alert 🚨
— BCCI (@BCCI) July 18, 2021
Congratulations to @SDhawan25 on completing 6⃣0⃣0⃣0⃣ ODI runs 👏 👏 #TeamIndia #SLvIND
Follow the match 👉 https://t.co/rf0sHqdzSK pic.twitter.com/OaEFDeF2jB
കോഹ്‍ലി 136 ഇന്നിങ്‌സുകളില്‍ നിന്ന് ആറായിരം റണ്‍സ് കണ്ടെത്തിയപ്പോള്‍ 140 ഇന്നിങ്‌സുകളിലാണ് ധവാന്‍ 6000 പിന്നിട്ടത്. ലോക ക്രിക്കറ്റില്‍ അതിവേഗം 6000 റണ്‍സ് തികച്ച താരമെന്ന നേട്ടം ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലാണ്. 6000 ക്ലബിലെത്താന്‍ 123 ഇന്നിങ്‌സുകള്‍ മാത്രമാണ് ഹാഷിം അംലക്ക് വേണ്ടിവന്നത്. യഥാക്രമം കോഹ്‍ലി രണ്ടാംസ്ഥാനത്തും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാമതും ധവാന്‍ നാലാമതും ആണ്. വിന്‍ഡീസ് മുന്‍ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെയും മറികടന്നാണ് ധവാന്‍ പട്ടികയിലെ നാലാമനായത്.
ആറായിരം ക്ലബിലെത്തുന്ന പത്താമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധവാന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍(18,426), വിരാട് കോഹ്‍ലി (12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസ്‍ഹറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ തരങ്ങള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നേട്ടവും കഴിഞ്ഞ മത്സരത്തിലൂടെ ധവാന്‍ സ്വന്തമാക്കി. ലങ്കക്കെതിരയ മത്സരത്തിനിറങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നാകെ 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിന് 35 റണ്‍സ് കൂടി മതിയായിരുന്നു ധവാന്. ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശിഖര്‍ ധവാന്‍.
ലങ്കക്കെതിരെ അതിവേഗം ആയിരം റണ്‍സ്
കഴിഞ്ഞ ഇന്നിങ്സില്‍ വ്യക്തിഗത സ്കോര്‍ 17ല്‍ എത്തിയതോടെ ലങ്കക്കെതിരെ 1000 റണ്‍സ് എന്ന നേട്ടവും ധവാന്‍ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. കൂടാതെ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇപ്പോള്‍ ധവാന്‍റെ പേരിലാണ്.
Adjust Story Font
16