അംപയറോടുള്ള കലിപ്പ് വിനയായി, ഗില്ലിന് ഐ.സി.സിയുടെ 'മുട്ടൻപണി'; തോൽവിക്കു പിറകെ ഇന്ത്യയ്ക്ക് 'ഇരുട്ടടി'
മാച്ച് ഫീ മുഴുവന്‍ നഷ്ടമാകുമെന്നു മാത്രമല്ല സ്വന്തം പോക്കറ്റിൽനിന്ന് അധികം പണമെടുത്ത് പിഴയൊടുക്കേണ്ടിവരും ഗില്ലിന്
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഇരുട്ടടി. കുറഞ്ഞ ഓവർ നിരക്കാണ് ടീമിന് പണിയായിരിക്കുന്നത്. മുഴുവൻ താരങ്ങൾക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയിട്ടിരിക്കുകയാണ് ഐ.സി.സി. ഇതിനു പിന്നാലെ ഓപണർ ശുഭ്മൻ ഗില്ലിന് അധിക പിഴയും ചുമത്തിയിട്ടുണ്ട്.
രണ്ടാം ഇന്നിങ്‌സിൽ ഏറെ വിവാദമായ ഔട്ടിനെച്ചൊല്ലി അംപയോട് കയർത്തതാണ് ഗില്ലിന് വിനയായത്. ഇതിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയിട്ടിരിക്കുന്നത്. ഇതോടെ കുറഞ്ഞ ഓവർ നിരക്കിനുള്ളതടക്കം 115 ശതമാനം പിഴയടക്കേണ്ടിവരും താരം. മാച്ച് ഫീക്കു പുറമെ 15 ശതമാനം സ്വന്തം പോക്കറ്റിൽനിന്ന് നൽകേണ്ടിവരും ഗിൽ.
ഗില്ലിന്റെ ഔട്ട് വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിൽ സ്‌കോട്ട് ബോലൻഡിന്റെ പന്തിൽ ഗള്ളിയിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്താകുന്നത്. എന്നാൽ, പന്ത് ഗ്രൗണ്ടിൽ തട്ടിയ ശേഷമാണ് ഗ്രീൻ കൈയിലൊതുക്കിയതെന്നാണ് ഇന്ത്യൻ ആരാധകരും നിരവധി ക്രിക്കറ്റ് ആരാധകരും ഉയർത്തിയ വിമർശനം.
മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്‌കർ, ഹർഭജൻ സിങ്, വീരേന്ദർ സേവാഗ്, വസീം ജാഫർ എന്നിവരെല്ലാം അംപയറുടെ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, അംപയറുടെ തീരുമാനത്തെ പിന്തുണച്ച് ഓസീസ് വിക്കറ്റ് കീപ്പർ അലെക്സ് ക്യാരി, മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്.
ജേതാക്കളായെങ്കിലും ആസ്‌ട്രേലിയയ്ക്കും ലഭിച്ചിട്ടുണ്ട് പിഴ. നാല് ഓവർ നിശ്ചിതസമയത്തിലും വൈകിയതിനാണ് ഓസീസിനെതിരെ നടപടി. ഇവർ മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ നൽകേണ്ടിവരിക.
കെന്നിങ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 209 റൺസിനാണ് ഇന്ത്യ ആസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ 296 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സിൽ എട്ടിന് 270 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 444 റൺസ് വിജയലക്ഷ്യമാണ് കങ്കാരുക്കൾ ഉയർത്തിയത്. എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ 234 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.
Summary: Shubman Gill reprimanded for criticizing umpire's decision in controversial wicket in WTC final. Also India, Australia handed hefty over-rate fines
Adjust Story Font
16