Quantcast

ഇന്ത്യ-ഓസീസ്‌ കലാശപ്പോര്; പൊരുതിവീണ് പ്രോട്ടിയാസ്

ഓസീസ് പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ പ്രോട്ടിയാസ് ഉയർത്തിയ 213 വിജയലക്ഷ്യം 16 പന്ത് ബാക്കിനിൽക്കെയാണ് കങ്കാരുക്കൾ മറികടന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-16 16:48:54.0

Published:

16 Nov 2023 4:41 PM GMT

ഇന്ത്യ-ഓസീസ്‌ കലാശപ്പോര്; പൊരുതിവീണ് പ്രോട്ടിയാസ്
X

കൊൽക്കത്ത: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ പാറ്റ് കമ്മിൻസും സംഘവും മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. അവസാനം വരെ പ്രോട്ടിയാസ് പൊരുതിനോക്കിയെങ്കിലും ഓസീസ് വിജയം തടയാന്‍ അതു മതിയായിരുന്നില്ല. ആസ്ട്രേലിയന്‍ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 എന്ന ചെറിയ ലക്ഷ്യം 16 പന്ത് ബാക്കിനിൽക്കെയാണ് കങ്കാരുക്കൾ മറികടന്നത്.

നിസ്സാരമായ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. തുടരെ സിക്‌സറുകളുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കുമേൽ മാനസികമേധാവിത്വം പുലർത്താനാണ് തുടക്കത്തിലേ ഡേവിഡ് വാർണർ നോക്കിയത്. എന്നാൽ, ഏഴാം ഓവറിൽ പാർട്‌ടൈം സ്പിന്നർ ഐഡൻ മാർക്രാമിനെ പന്തേൽപിക്കാനുള്ള പ്രോട്ടിയാസ് നായകൻ തെംബ ബാവുമയുടെ നീക്കം ഫലിച്ചു. 18 പന്തിൽ നാല് സിക്‌സറും ഒരു ഫോറും പറത്തി 29 റൺസുമായി വാർണർ മടങ്ങി.

പിന്നാലെ വന്ന വഴിയേ മിച്ച് മാർഷും ഡക്കായി മടങ്ങി. തുടർന്ന് സ്റ്റീവ് സ്മിത്തുമായി ട്രാവിസ് ഹെഡ് ഇന്നിങ്‌സ് നയിച്ചു. ബാവുമ സ്പിന്നർമാരെ ഇറക്കിയതോടെ ഇന്നിങ്‌സ് വേഗം കുറഞ്ഞെങ്കിലും മറുവശത്ത് ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ലക്ഷ്യം അകലാതെ കാത്തത് ട്രാവിസ് ഹെഡായിരുന്നു. എന്നാൽ, കേശവ് മഹാരാജിന്റെ മനോഹരമായൊരു സ്പിന്നിൽ ഹെഡിന്റെ കോട്ട തകർന്നു. ബൗൾഡായി മടങ്ങുമ്പോൾ 48 പന്ത് നേരിട്ട് രണ്ട് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതം 62 റൺസെടുത്തിരുന്നു ഹെഡ്.

പരിക്ക് മറന്ന് ഇരട്ട സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് മാസ്മരികത തീർത്ത ഗ്ലെൻ മാക്‌സ്‌വെല്ലിനെ(ഒന്ന്) നിലയുറപ്പിക്കാൻ അനുവദിക്കാതെ തബ്രീസ് ഷംസി ബൗൾഡാക്കി ദക്ഷിണാഫ്രിക്കൻ ക്യാംപിൽ പ്രതീക്ഷ തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റീവ് സ്മിത്തും(30) ജോഷ് ഇംഗ്ലിസും(28) ചേർന്ന് ടീമിനെ വിജയതീരം വരെ എത്തിച്ചാണു മടങ്ങിയത്.

മില്ലർ എന്ന ഒറ്റയാൻ

നേരത്തെ ഡേവിഡ് മില്ലറിന്റെ ഒറ്റയാൾ പോരാട്ടമാണു കൂട്ടത്തകർച്ചയിൽനിന്ന് ദക്ഷിണാഫ്രിക്കയെ കാത്തത്. ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം പതറി വീണ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും നിറഞ്ഞാടിയ ദിവസത്തിൽ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് മില്ലറെന്നല്ലാതൊരു മറുപടിയുണ്ടായിരുന്നില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയെ കുറിച്ചാകും ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ആലോചിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഡക്കായി ബാവുമ തന്നെ സ്വന്തം തീരുമാനം ചോദ്യംചെയ്തു. പിന്നാലെ ഫോമിലുള്ള ക്വിന്റൻ ഡീകോക്കും(മൂന്ന്) വീണു. മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പവർപ്ലേ ആക്രമണത്തിൽ തപ്പിത്തടഞ്ഞ പ്രോട്ടിയാസ് ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി.

ഇടയ്ക്കു മഴ കളി തടസപ്പെടുത്തിയ ശേഷം തീരുമാനിച്ചിറങ്ങിയ ഡേവിഡ് മില്ലർ-ഹെൺറിച്ച് ക്ലാസൻ സഖ്യമാണ് കൂട്ടത്തകർച്ചയിൽനിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണു സഖ്യം വേർപിരിഞ്ഞത്. അർധസെഞ്ച്വറിക്ക് വെറും മൂന്ന് റൺസകലെ ക്ലാസൻ വീണു. ആദ്യ സ്പെൽ എറിയാനെത്തിയ ട്രാവിസ് ഹെഡിന്റെ നാലാം പന്തിൽ ബൗൾഡായായിരുന്നു മടക്കം. പിന്നീട് ജെറാൾഡ് ക്യൂറ്റ്സി(119)യെ കൂട്ടുപിടിച്ചായിരുന്നു മില്ലറുടെ പോരാട്ടം. ഒടുവിൽ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് മില്ലറെ ഹെഡിന്റെ കൈയിലെത്തിച്ചു. 116 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 101 എന്ന വിലയേറിയ റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്താണു മടങ്ങിയത്.

റസി വാൻ ഡെർ ഡസ്സൻ(31 പന്തിൽ ആറ്), ഐഡൻ മാർക്രാം(20 പന്തിൽ 10), മാർക്കോ ഴാൻസൻ(പൂജ്യം), കേശവ് മഹാരാജ്(നാല്), കഗിസോ റബാഡ(10) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന.

ബൗളിങ്ങിൽ എട്ട് ഓവറിൽ വെറും 12 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഹേസൽവുഡ് ആണ് ദക്ഷിണാഫ്രിക്കയെ ശരിക്കും വരിഞ്ഞുമുറുക്കിയത്. കമ്മിൻസും സ്റ്റാർക്കും മൂന്നു വീതവും ഹെഡ് രണ്ടും വിക്കറ്റ് സ്വന്തമാക്കി.

Summary: South Africa vs Australia Live Score, World Cup 2023 Semi Final

TAGS :

Next Story