Quantcast

ക്രിക്കറ്റ് ലോകത്തെ പുതിയ മുഖം; 'ദ ഹണ്ട്രഡ് ബോള്‍' ക്രിക്കറ്റിന് തുടക്കമായി

ആറ് പന്തുകള്‍ വീതമുള്ള ഒരോവര്‍ എന്നതാണ് സാധാരണ ക്രിക്കറ്റിന്‍റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്ന്. എന്നാല്‍ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ 'ഓവര്‍' എന്ന കണ്‍സപ്റ്റ് ഉണ്ടാകില്ല. നൂറ് ബോളുകളെ അഞ്ച് പന്തുകളുടെ ബ്ലോക്കുകളായി തിരിച്ചാണ് മത്സരം.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-07-23 08:45:40.0

Published:

23 July 2021 7:50 AM GMT

ക്രിക്കറ്റ് ലോകത്തെ പുതിയ മുഖം; ദ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിന് തുടക്കമായി
X

ക്രിക്കറ്റ് വീണ്ടും ചുരുങ്ങുന്നു... 'ദ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റ്' എന്ന പുതിയ പതിപ്പിന് ഇന്നലെ ടോസ് വീണു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഒരിന്നിങ്സില്‍ നൂറ് ബോള്‍ മാത്രമുള്ള ക്രിക്കറ്റ് ഫോര്‍മാറ്റിനെ ലോകത്തിന് പരിചയപ്പെടുത്തിയത്.

നൂറ് ബോളുകള്‍ മാത്രമുള്ള രണ്ട് ഇന്നിങ്സുകള്‍ ആണ് ക്രിക്കറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ പ്രത്യേകത. ഒദ്യോഗിക തലത്തില്‍ അംഗീകരിക്കപ്പെട്ട ക്രിക്കറ്റിന്‍റെ നിലവിലെ ഏറ്റവും ചെറിയ പതിപ്പ് ടി 20 മത്സരങ്ങളാണ്. ഒരിന്നിങ്സില്‍ 20 ഓവറുകള്‍ (120 പന്തുകള്‍) ഉള്ള മത്സരങ്ങളാണ് ട്വന്‍റി 20 ക്രിക്കറ്റില്‍ നടക്കുന്നത്. ഇതിലും ചെറിയ രൂപമായാണ് ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിനെ അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ദ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. നാല് വനിതകളും നാല് പുരുഷ ടീമുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ 68 മത്സരങ്ങളാണ് നടക്കുന്നത്.

മാഞ്ചസ്റ്റർ ഒറിജിനല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓവല്‍ ഇന്‍വിസിബിള്‍സാണ് ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലെ ആദ്യ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ ഒറിജിനല്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം രണ്ട് ബോള്‍ ബാക്കിനില്‍ക്കെയാണ് ഓവല്‍ ഇന്‍വിസിബിള്‍സ് മറികടന്നത്.




നിയമങ്ങളെല്ലാം മാറുന്നു..!

സാധാരണ ക്രിക്കറ്റ് നിയമങ്ങളേയല്ല ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റില്‍. പുതിയ പതിപ്പിന് പരിഷ്കരിച്ച നിയമങ്ങളാണ് ഉപയോഗിക്കുന്നത്. ക്രിക്കറ്റിന്‍റെ കുഞ്ഞന്‍ ഫോര്‍മാറ്റില്‍ ഇരുടീമുകള്‍ക്കുമായി പരമാവധി 200 ബോളുകള്‍ മാത്രമാകും ഉണ്ടാകുക. ടീം ഓൾ ഔട്ട് ആയില്ലെങ്കിൽ ഒരു ടീമിന് ലഭിക്കുന്നത് പരമാവധി 100 പന്തുകള്‍ ആയിരിക്കും.

ആറ് പന്തുകള്‍ വീതമുള്ള ഓവറുകള്‍ ഉണ്ടാകില്ല

ആറ് പന്തുകള്‍ വീതമുള്ള ഒരോവര്‍ എന്നതാണ് സാധാരണ ക്രിക്കറ്റിന്‍റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്ന്. എന്നാല്‍ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ 'ഓവര്‍' എന്ന കണ്‍സപ്റ്റ് ഉണ്ടാകില്ല. നൂറ് ബോളുകളെ അഞ്ച് പന്തുകളുടെ ബ്ലോക്കുകളായി തിരിച്ചാണ് മത്സരം. അതായത് ഒരു ഇന്നിങ്സില്‍ 20 ബ്ലോക്കുകള്‍ ഉണ്ടാകും. ഒരു ബൌളര്‍ക്ക് തുടര്‍ച്ചയായി രണ്ട് ബ്ലോക്കുകള്‍ പന്തെറിയാം. അതായത് ഒരു സ്പെല്ലിൽ അഞ്ച് പന്തോ പത്ത് പന്തോ തുടർച്ചയായി എറിയാം. ബൌളര്‍ അഞ്ച് പന്തുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ അമ്പയര്‍ ഒരു വൈറ്റ് കാര്‍ഡ് ഉയര്‍ത്തിക്കാട്ടി 'ഫൈവ്' എന്ന് വിളിക്കും. അതിന് ശേഷം വേണമെങ്കില്‍ ഒരു ബ്ലോക്ക് കൂടി(അഞ്ച് പന്ത്) വേണമെങ്കില്‍ ബൌളര്‍ക്ക് തുടര്‍ച്ചയായി എറിയാം. സാധാരണ കളിയില്‍ പരമാവധി ആറുപന്തുകള്‍ മാത്രം തുടര്‍ച്ചായായി എറിയാന്‍ സാധിക്കുമ്പോള്‍ ഇവിടെ പത്ത് പന്തുകള്‍ തുടര്‍ച്ചയായി എറിയാന്‍ സാധിക്കുമെന്ന് ചുരുക്കം. ഒരിന്നിങ്സില്‍ പരമാവധി 20 പന്തുകളാണ് ബൌളര്‍ക്ക് എറിയാന്‍ കഴിയുക.




ഫീല്‍ഡ് ചേഞ്ച്

സാധാരണഗതിയില്‍ ഒരോവര്‍ പൂര്‍ത്തിയാകുമ്പോഴാണ് ഫീല്‍ഡ് ചേഞ്ച്(എന്‍ഡ് ചേഞ്ച്) ചെയ്യുന്നത്. എന്നാല്‍ ഹണ്ട്രഡ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ പത്ത് ബൌളുകള്‍(രണ്ട് ബ്ലോക്ക്) എറിഞ്ഞ് പൂര്‍ത്തിയാകമ്പോഴാണ് എന്‍ഡ് ചേഞ്ച് ഉണ്ടാകുന്നത്.

പവര്‍ പ്ലേ

ഇന്നിങ്സിന്‍റെ തുടക്കത്തിലെ ആദ്യത്തെ 25 ബോളുകളില്‍ പവർപ്ലേ ആനുകൂല്യം ബാറ്റിങ് സൈഡിന് ലഭിക്കും. പവര്‍പ്ലേ സമയത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമായിരിക്കും 30 വാര സര്‍ക്കിളിന്‍റെ പുറത്ത് ഉണ്ടാകുക. പവർപ്ലേക്കു ശേഷം എപ്പോൾ വേണമെങ്കിലും ഫീൽഡിങ് ടീമിന് രണ്ട് മിനിറ്റ് ടൈം ഔട്ട് എടുക്കാം. ടൈം ഔട്ട് സമയത്ത് ടീമിന്‍റെ പരിശീലകന് ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാരുമായി സംസാരിക്കുന്നതിനും അനുവാദം ഉണ്ട്.

ക്യാച്ചിലൂടെ പുറത്തായാല്‍ സ്ട്രൈക്ക് ചേഞ്ച് അനുവദിക്കില്ല

സാധാരണനിലയില്‍ ബാറ്റ്സ്മാനെ ഫീല്‍ഡിങ് ടീം ക്യാച്ചെടുത്ത് പുറത്താക്കിയാല്‍ അതിനിടയിലുള്ള സമയത്ത് സ്ട്രൈക്ക് ചേഞ്ച് ചെയ്യാനുള്ള അവസരമുണ്ട്. അതായത് പന്തുയര്‍ത്തിയടിക്കുകയും ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയത്തിനുള്ളില്‍ ക്രീസ് വിട്ട് ബാറ്റ്സ്മാന്മാര്‍ പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടെങ്കില്‍ ബാറ്റിങ് എന്‍ഡിലേക്ക് ഓടിയെത്തിയ ബാറ്റ്സ്മാന് അടുത്ത ബോളില്‍ ഗാര്‍ഡ് എടുക്കാം. എന്നാല്‍ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇങ്ങനെയൊരു സ്ട്രൈക് ചേഞ്ച് അനുവദിക്കില്ല. പന്ത് ക്യാച്ചെടുക്കുന്ന സമയത്തിനുള്ളില്‍ ബാറ്റ്സ്മാന്‍മാര്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്താലും അത് അംഗീകരിക്കില്ല. വിക്കറ്റായ ബാറ്റ്സ്മാന് പകരക്കാരനായി ഇറങ്ങുന്ന അടുത്ത ബാറ്റ്സ്മാനാണ് പുതിയതായി ക്രീസില്‍ ഗാര്‍ഡ് എടുക്കേണ്ടത്.




മത്സരം ടൈയിലെത്തിയാല്‍..?

ഗ്രൂപ്പ് ഘട്ടത്തിലുള്ള മത്സരമാണ് സമനിലയില്‍ കലാശിക്കുന്നതെങ്കില്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം ലഭിക്കും. നോക്കൌട്ട് ഘട്ടങ്ങളായ എലിമിനേറ്ററിലും ഫൈനലിലും ഇരു ടീമുകളും ഒരേ സ്കോറിലെത്തിയാല്‍ കളി സൂപ്പര്‍ ഓവറിലേക്ക് പോകും. സാധാരണഗതിയില്‍ നിന്നും വിഭിന്നമായി അഞ്ച് പന്തുകളുടെ സൂപ്പര്‍ ഓവറാണ് ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റില്‍ നടക്കുന്നത്. ആദ്യ സൂപ്പര്‍ ഓവറിലും സമനില തുടര്‍ന്നാല്‍ വീണ്ടും ഒരു തവണ കൂടി സൂപ്പര്‍ ഓവര്‍ നടക്കും. ഇതിലും തുല്യനില പാലിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടതല്‍ പോയിന്‍റുള്ള ടീമുകളെ വിജയി ആയി നിശ്ചയിക്കും.

ഡി.ആര്‍.എസ്

എല്ലാ മത്സരങ്ങളിലും ഡി.ആര്‍.എസ് ഉണ്ടാകും. തേഡ് അമ്പയര്‍ തന്നെയാകും നോ ബോളും നിരീക്ഷിക്കുക

ഓവര്‍ നിരക്ക്

കുറഞ്ഞ ഓവർ നിരക്കിന് കളിക്കളത്തില്‍ വെച്ച് തന്നെ പിഴയൊടുക്കേണ്ടി വരും..! ഓവര്‍ നിരക്കില്‍ ടീം പിന്നിലാണെങ്കിൽ, 30-യാർഡ് സർക്കിളിന് പുറത്ത് ഒരു ഫീൽഡറെ കുറച്ച് മാത്രമേ അനുവദിക്കൂ. പിഴ ചുമത്തുന്ന സമയം മുതലായിരിക്കും ഈ നിയന്ത്രണം നിലവില്‍ വരിക.

മത്സരത്തിന്‍റെ ദൈര്‍ഘ്യം

ക്രിക്കറ്റിന്‍റെ ഏറ്റവും ചെറിയ പതിപ്പായ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിന്‍റെ രണ്ടിന്നിങ്സിനും കൂടിയായി രണ്ടര മണിക്കൂറാണ് ദൈര്‍ഘ്യം നിശ്ചയിച്ചിരിക്കുന്നത്.

TAGS :

Next Story