അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കോഹ്ലി
29-ാം ടെസ്റ്റ് സെഞ്ച്വറിയോടെ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി
വിരാട് കോഹ്ലി
പോർട്ട് ഓഫ് സ്‌പെയിൻ: നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവില്‍ വിദേശത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കും അന്ത്യംകുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. 2018 ഡിസംബറിൽ ആസ്ട്രേലിയയ്‍ക്കെതിരെ അവരുടെ മണ്ണിലായിരുന്നു കോഹ്ലിയുടെ അവസാന ശതകം. ഇപ്പോഴിതാ കരിയറിലെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ കുറിച്ച അതിമനോഹര ശതകത്തിലൂടെ(121) ഒരുപടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി താരം.
500ലെ റെക്കോര്‍ഡുകള്‍; 29ലെ കൗതുകം
കൗതുകമുണർത്തിയ ഒരു യാദൃച്ഛികതയും കനമേറിയ ഒരുപിടി റെക്കോർഡുകളും കോഹ്ലി ഇന്നലെ വിന്‍ഡീസിനെതിരെ നേടിയ സെഞ്ച്വറിയിലൂടെ സംഭവിച്ചു. അതിൽ പ്രധാനം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടത്തിനു സമാനമായ കൗതുകമാണ്. 2002ൽ സച്ചിൻ ടെണ്ടുൽക്കർ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് പോർട്ട് ഓഫ് സ്പെയിനിനിലായിരുന്നു. ഇപ്പോഴിതാ അതേ ഗ്രൗണ്ടിൽ കോഹ്ലിയും 29-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലാക്കിയിരിക്കുന്നു.
500-ാം അന്താരാഷ്ട്ര മത്സരത്തിൽ അർധസെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 76 സെഞ്ച്വറി നേടുന്ന താരവും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ റൺവേട്ടക്കാരിലും ഒന്നാമനായി. 2023ൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലി തന്നെ.
500 മത്സരം കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായിരിക്കുന്നു കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി എന്നിവരാണ് കോഹ്ലിയുടെ മുൻഗാമികൾ. വിരേന്ദർ സേവാഗിനെ മറികടന്ന് ഇന്ത്യയുടെ അഞ്ചാമത്തെ റൺവേട്ടക്കാരനുമായി. 29 സെഞ്ച്വറിയുമായി സർ ഡോൺ ബ്രാഡ്മാനുമൊപ്പമെത്തി. ഇന്ത്യൻ സെഞ്ച്വറി വേട്ടക്കാരുടെ കൂട്ടത്തിൽ നാലാമനുമായി. സച്ചിൻ, ദ്രാവിഡ്, സുനിൽ ഗവാസ്‌കർ എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളത്.
500 മത്സരത്തിനുശേഷം ഏറ്റവും കൂടുതൽ റൺസെടുത്ത താരവും കോഹ്ലിയാണ്; 25,461. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്ങിനെയാണ്(25,035) താരം പിന്നിലാക്കിയത്. സച്ചിന് 24,874ഉം ജാക്വസ് കാലിസിന് 24,799ഉം റൺസാണ് ഈ സമയത്തുണ്ടായിരുന്നത്.
29-ാമത്തെ ടെസ്റ്റ് സെഞ്ച്വറി പിന്നിടുമ്പോൾ ഡോൺ ബ്രാഡ്മാൻ എന്ന ഇതിഹാസതാരത്തിനൊപ്പമാണ് കോഹ്ലി എത്തിനിൽക്കുന്നത്. 51 ടെസ്റ്റ് സെഞ്ച്വറിയുമായി കരിയർ അവസാനിപ്പിച്ച സച്ചിനാണ് ഈ പട്ടികയിൽ ഒന്നാമൻ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ സ്റ്റീവ് സ്മിത്തും(32) ജോ റൂട്ടും(30) കോഹ്ലിക്കു തൊട്ടുമുന്നിലുണ്ട്.
വെസ്റ്റിൻഡീസിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരവും കോഹ്ലിയാണ്. ആറാം ശതകമാണിത്. ഏഴ് സെഞ്ച്വറിയുള്ള സുനിൽ ഗവാസ്‌കർ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്. വിൻഡീസിനെതിരായ ആകെ സെഞ്ച്വറി കണക്കിലും ഗവാസ്‌ക്കറിന്(13) തൊട്ടുപിന്നിലുണ്ട് മുൻ ഇന്ത്യൻ നായകൻ(12).
Summary: Records broken as Virat Kohli smashes 76th international hundred in his 500th match
Adjust Story Font
16