ഏഷ്യാ കപ്പിലും തിളങ്ങിയില്ലെങ്കിൽ എന്തുചെയ്യും? അഗ്നിപരീക്ഷ കടക്കുമോ കോഹ്ലി?
ഇന്ത്യൻ ടീമിന്റെ ബാലൻസിനെ തന്നെ തകർക്കുന്ന തരത്തിലേക്ക് കോഹ്ലിബാധ പടരുകയാണെന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. കപിൽദേവ് അടക്കമുള്ള ഇതിഹാസങ്ങൾ താരത്തെ പുറത്തിരുത്താൻ മുറവിളിയുയർത്തുമ്പോൾ ഏഷ്യാ കപ്പ് കോഹ്ലിയുടെ വിധി തീരുമാനിക്കുമോ?
ന്യൂഡൽഹി: കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി കടന്നുപോകുന്നത്. രണ്ടുവർഷമായി കോഹ്ലിയുടെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട്. ഏതാനും മാസമകലെ ആസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലും കോഹ്ലിയുടെ സ്ഥാനം സംശയത്തിലായിരിക്കുകയാണ്.
അതിനിടെയാണ്, അവസാന പ്രതീക്ഷയെന്നോണം ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ കോഹ്ലി ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ ബാലൻസിനെ തന്നെ തകർക്കുന്ന തരത്തിലേക്ക് കോഹ്ലിബാധ പടരുകയാണെന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. ഈയൊരു പശ്ചാത്തലത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പ് കോഹ്ലിക്ക് ഒരു അഗ്നിപരീക്ഷ തന്നെയാകുമെന്നുറപ്പാണ്.
ഇനിയൊരു തിരിച്ചുവരവില്ലേ!?
ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും മൂന്നാം നമ്പറിൽ മറ്റൊരു പേരില്ലെന്ന് എല്ലാവരും പറഞ്ഞിടത്തുനിന്നാണ് കോഹ്ലിയുടെ ഈ പതനം. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകളെല്ലാം തകർക്കാൻ പിറന്നവനെന്ന് ക്രിക്കറ്റ് ലോകം ഒന്നായി വാഴ്ത്തിയ താരം. എന്നാൽ, 2019ൽ കൊൽക്കത്തയിൽ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിക്കു ശേഷം കോഹ്ലിക്ക് ഒരു ഫോർമാറ്റിലും മൂന്നക്കം കാണാനായിട്ടില്ല.
ഏറ്റവും അവസാനം നടന്ന മത്സരങ്ങളിൽ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ കാട്ടിയെങ്കിലും അനാവശ്യ ഷോട്ടുകളിലൂടെ എല്ലാവരെയും അമ്പരപ്പിച്ച് താരം പുറത്താക്കുന്നതാണ് കണ്ടത്. അവസാനമായി ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ കണക്കുകൾ എടുത്തുനോക്കിയാൽ ഇതു വ്യക്തമാകുംം. അവസാന ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലായി 11, 20 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിശ്വസ്തതാരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ നടന്ന ടി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആകെ നേടിയത് വെറും 12 റൺസ്! ഏകദിന പരമ്പരയിലെ സ്‌കോർ 17, 16 എന്നിങ്ങനെയും.
ഐ.പി.എല്ലിലും പരാജയം
അന്താരാഷ്ട്ര ക്രിക്കറ്റിനു പുറമെ ഇത്തവണ ഐ.പി.എല്ലിലും കോഹ്ലിയുടെ ക്ലാസിനോ കരുത്തിനോ ഒത്തുള്ള പ്രകടനമായിരുന്നില്ല. നായകകുപ്പായമഴിച്ചിട്ടും ബാറ്റ് കൊണ്ട് ബാംഗ്ലൂരിന് കാര്യമായൊന്നും ചെയ്യാനായില്ല താരത്തിന്. ബാംഗ്ലൂരിനു മികച്ച സീസണായിരുന്നെങ്കിലും സാധാരണയിൽനിന്നു വ്യത്യസ്തമായി അതിൽ കോഹ്ലിയുടെ പങ്ക് കാര്യമായുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.
ഇത്തവണ പുതിയ നായകൻ ഫാഫ് ഡുപ്ലെസിക്കൊപ്പം ഓപണറായാണ് കോഹ്ലി കളിച്ചത്. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ തുടക്കമിട്ട പരീക്ഷണം ഇത്തവണ പൂർണമായും തുടർന്നെങ്കിലും കോഹ്ലിയുടെ പ്രകടനത്തിൽ മാത്രം മാറ്റമുണ്ടായില്ല. 16 മത്സരങ്ങളിൽനിന്നായി താരം നേടിയത് 341 റൺസാണ്. അതും 22.73 ശരാശരിയിൽ. സ്‌ട്രൈക്ക് റേറ്റ് 115.98ഉം. ടൂർണമെന്റിൽ രണ്ട് അർധസെഞ്ച്വറിയതു മാത്രമാണ് ആകെ ആശ്വാസം. ബാംഗ്ലൂർ ബാറ്റിങ്ങിന്റെ നട്ടെല്ലെന്ന നിലയിൽ അതും ഒന്നും തന്നെയല്ലെന്നു തന്നെ പറയാം.
മൈതാനത്തിനു പുറത്തെ മുറവിളികൾ
മോശം ഫോമിൽ കോഹ്ലിയെ ടീമിൽ തുടരാൻ അനുവദിക്കുന്നതിലും വൻവിമർശനം ഉയരുന്നുണ്ട്. ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, രാഹുൽ തൃപാഠി, ഇഷൻ കിഷൻ തുടങ്ങിയ പ്രതിഭ തെളിയിച്ച താരങ്ങൾ പുറത്തിരിക്കുമ്പോഴാണ് നിരന്തരം പരാജയപ്പട്ടിട്ടും കോഹ്ലിക്ക് ബി.സി.സി.ഐ എല്ലാ ഫോർമാറ്റുകളിലും അവസരം നൽകുന്നതെന്നാണ് പ്രധാന ആക്ഷേപം.
അത്തരമൊരു വിമർശനം ഉയർത്തിയതിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് വരെയുണ്ടെന്നതാണ് ശ്രദ്ധേയം. ടീമിന്റെ ബാലൻസിനു തന്നെ ഇളക്കമുണ്ടാക്കുന്ന തരത്തിൽ ഇങ്ങനെ നിരന്തരം പരാജയപ്പെടുമ്പോൾ പുറത്തുനിർത്താൻ ബി.സി.സി.ഐ ധൈര്യം കാണിക്കണമെന്നാണ് കപിൽ ആവശ്യപ്പെട്ടത്. കോഹ്ലി കുറച്ചു മാസം ഇടവേളയെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചുവരണമെന്ന് ഉപദേശിച്ച മുൻ താരങ്ങളുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്തട്ടെ എന്ന് നിർദേശിച്ചവർ വരെയുണ്ട്.
എന്നാൽ, നായകൻ രോഹിത് ശർമ ഉറച്ച പിന്തുണയുമായി സൂപ്പർ താരത്തിനൊപ്പം തന്നെയുണ്ട്. ഇത്തരം സാഹചര്യങ്ങൾ എല്ലാ താരങ്ങളുടെയും കരിയറിൽ സ്വാഭാവികമാണെന്നാണ് ആഴ്ചകൾക്കുമുൻപ് രോഹിത് പ്രതികരിച്ചത്. താനും അത്തരം ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു. കോഹ്ലി ടീമിനു വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെന്നും താരത്തിന്റെ ക്ലാസിന്റെ കാര്യത്തിൽ ഒരാൾക്കും സംശയമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രോഹിതിന്റെ പ്രതിരോധം.
കോഹ്ലിയില്ലാതെ ലോകകപ്പിനോ?
രോഹിതിന്റെ അഭിപ്രായപ്രകടനത്തെ വിശ്വസിക്കാമെങ്കിൽ കോഹ്ലി ആസ്‌ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തിലും ഉണ്ടാകുമെന്ന് ഉറപ്പിക്കാം. നിലവിലെ ഫോം എന്തുതന്നെയായാലും കോഹ്ലിയെപ്പോലുള്ളൊരു പരിചയസമ്പന്നനായ സീനിയർ താരത്തെ ബി.സി.സി.ഐയും പുറത്തിരുത്താൻ സാധ്യത വിരളമാണ്.
ടി20 ക്രിക്കറ്റിലെ റെക്കോർഡ് പുസ്തകത്തിൽ ഇപ്പോഴും കോഹ്ലിയുടെ നമ്പർ ഏറ്റവും മുന്നിലാണെന്നതു തന്നെയാകും ബി.സി.സി.ഐ പരിഗണിക്കുന്ന ഒന്നാമത്തെ കാര്യം. ബാറ്റിങ് ശരാശരിയിലും അർധസെഞ്ച്വറിയിലും കൂടുതൽ റൺസിലും അവസാന ഓവറുകളിലെ സ്‌ട്രൈക്ക് റേറ്റിലുമടക്കം മുഴുവൻ രംഗങ്ങളിലും ഇപ്പോഴും രാജാവായി തുടരുകയാണ് കോഹ്ലി. ഈ ഫോമില്ലായ്മയ്‌ക്കെല്ലാം ഇടയിലും കഴിഞ്ഞ ടി20 ലോകകപ്പിനുശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് ശരാശരിയിൽ ഇപ്പോഴും കോഹ്ലി തന്നെയാണ് ഒന്നാമനെന്നതാണ് ഏറെ രസകരമായ കാര്യം.
എന്തായാലും ഈ മാസം 27ന് യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് കോഹ്ലിക്ക് അഗ്നിപരീക്ഷ തന്നെയാകും. ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരം. ഫോമിലേക്ക് തിരിച്ചുവരേണ്ടത് കോഹ്ലിയുടെ മാത്രമല്ല, ഇന്ത്യൻ ടീമിന്റെ കൂടി ആവശ്യമാണ്. അതിലേറെ അങ്ങനെയൊരു തിരിച്ചുവരവിനായി ക്രിക്കറ്റ് ആരാധകർ ഒന്നായി കാത്തിരിക്കുന്നുണ്ട്.
Summary: Will Asia Cup will be Virat Kohli's final test ahead of T20 World Cup?
Adjust Story Font
16